ന്യൂഡൽഹി ∙ യുഎഇയിൽനിന്ന് പ്രതിവർഷം 5 ലക്ഷം ടൺ ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) വാങ്ങാൻ കരാർ. ഡൽഹിയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണു ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും (എച്ച്പിസി) അബുദാബി നാഷനൽ ഓയിൽ കമ്പനി ഗ്യാസുമായി (അഡ്നോക് ഗ്യാസ്) 10 വർഷത്തെ കരാറിൽ ഒപ്പിട്ടത്.
2028 മുതലാണു എൽഎൻജി ലഭിക്കുക.
ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കാനും വർധിച്ചുവരുന്ന ഊർജാവശ്യങ്ങൾ നിറവേറ്റാനും കരാർ സഹായമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
2032 ആകുന്നതോടെ 20,000 കോടി ഡോളറിന്റെ വ്യാപാരമാണു ലക്ഷ്യമിടുന്നത്. ഭാരത് മാർട്ട്, വെർച്വൽ വാണിജ്യ ഇടനാഴി, ഭാരത്–ആഫ്രിക്ക സേതു തുടങ്ങിയ പുതിയ വിപണി സംവിധാനങ്ങളിലൂടെയും വ്യാപാരബന്ധം ശക്തിപ്പെടുത്തും.
ആണവോർജ മേഖലയിലെ സഹകരണം ശക്തമാക്കാൻ ധാരണയായിട്ടുണ്ട്.
പുതിയ ആണവോർജ നിയമത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ചെറുതും വലുതുമായ ആണവ റിയാക്ടറുകൾ വികസിപ്പിക്കുന്നതിൽ സഹകരിക്കാനും തീരുമാനിച്ചു. അബുദാബി ബാങ്ക് (എഫ്എബി) ഡിപി വേൾഡ് എന്നിവയുടെ ഓഫിസ് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ആരംഭിക്കും.
അബുദാബിയിൽ ഇന്ത്യൻ കലയുടെയും സംസ്കാരത്തിന്റെയും ചരിത്രം വിവരിക്കുന്ന ‘ഹൗസ് ഓഫ് ഇന്ത്യ’ രൂപീകരിക്കും. അക്കാദമിക് രംഗത്തെ പിന്തുണ ശക്തമാക്കാൻ യൂത്ത് എക്സ്ചേഞ്ചിനും തീരുമാനമായിട്ടുണ്ട്.
ബഹിരാകാശ, പ്രതിരോധ മേഖലകളിലും ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തും. ഡിജിറ്റൽ എംബസി (ഡേറ്റ എംബസി) ആരംഭിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.
ഇന്ത്യയിൽ ചെലവിട്ടത് വെറും 2 മണിക്കൂർ
ഇന്നലെ വൈകിട്ട് 4.20നു ഡൽഹിയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ രാഷ്ട്രമാതാവ് ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കും വൈകിട്ട് ആറരയോടെ മടങ്ങി.
യുഎഇ പ്രസിഡന്റിന്റെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിമാനത്താവളത്തിൽ എത്തിയിരുന്നു.
ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള കാറിൽ ഇരുവരും ഒരുമിച്ചായിരുന്നു യാത്ര. കശ്മീരിൽനിന്നുള്ള പശ്മിന ഷാളും ഗുജറാത്തിൽ നിർമിച്ച തടിയിൽ തീർത്ത ആട്ടുകസേരയും യുഎഇ പ്രസിഡന്റിനു പ്രധാനമന്ത്രി സമ്മാനിക്കുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

