കൊല്ലം ∙ അഷ്ടമുടിക്കായലിലെ ഓളങ്ങളെ ആവേശത്തിലാറാടിച്ച് പ്രസിഡന്റ്സ് ട്രോഫി കിരീടം നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ ‘തൂക്കി’. ചാംപ്യൻസ് ബോട്ട് ലീഗിൽ (സിബിഎൽ) ഒരിടത്തൊഴികെ 9 ഇടങ്ങളിലും ഒന്നാമതായിരുന്ന വീയപുരം ചുണ്ടനെ രണ്ടാം സ്ഥാനത്തേക്കു തള്ളിയാണ് നിരണത്തിന്റെ പടയോട്ടം.
എന്നാൽ സിബിഎല്ലിലെ മുൻ മത്സരങ്ങളിലെ വ്യക്തമായ മുൻതൂക്കത്തിന്റെ ബലത്തിൽ ലീഗ് കിരീടം വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനു തന്നെ ലഭിച്ചു.
പ്രസിഡന്റ്സ് ട്രോഫിയിൽ രണ്ടാമതെത്തിയതിനാൽ ലഭിച്ച 9 പോയിന്റുകൾ ഉൾപ്പെടെ 108 പോയിന്റാണ് വീയപുരത്തിന് ആകെ ലഭിച്ചത്.
പ്രസിഡന്റ്സ് ട്രോഫിയിൽ മൂന്നാമതെത്തി ലഭിച്ച 8 പോയിന്റുകൾ ഉൾപ്പെടെ 92 പോയിന്റുമായി സിബിഎല്ലിൽ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപാടം ചുണ്ടൻ രണ്ടാമതെത്തി. പ്രസിഡന്റ്സ് ട്രോഫിയിലെ 10 പോയിന്റുകൾ ഉൾപ്പെടെ 86 പോയിന്റുകളുമായി നിരണം ചുണ്ടൻ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 2025 സെപ്റ്റംബർ 19ന് ആലപ്പുഴയിലെ കൈനകരിയിൽ തുടക്കമായ ലീഗ് മത്സരങ്ങൾക്കാണ് ഇന്നലെ അഷ്ടമുടിക്കായലിൽ സമാപനമായത്.
പ്രസിഡന്റ്സ് ട്രോഫി നിരണത്തിനു സ്വന്തം
ഹീറ്റ്സിൽ മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ഫൈനൽ മത്സരത്തിൽ അതിവേഗം തുഴഞ്ഞു ഒന്നാമതെത്തിയാണ് നിരണം ചുണ്ടൻ പ്രസിഡന്റ് ട്രോഫിയുടെ പുതിയ അവകാശികളായത്.
നിരണം, വീയപുരം, മേൽപാടം എന്നീ 3 ടീമുകളാണ് ഫൈനലിലുണ്ടായിരുന്നത്. ആദ്യ ഘട്ടത്തിൽ വീയപുരം മുന്നിൽ നിന്നെങ്കിലും ഫിനിഷിങ് പോയിന്റിലേക്ക് അടുക്കുംതോറും മൂന്ന് ടീമുകളും ഒരേ പോലെ കുതിച്ചു പാഞ്ഞു.
അവസാന ഘട്ടത്തിൽ 3.36.548 മിനിറ്റിൽ ഫിനിഷ് ചെയ്ത നിരണം കിരീടം നേടുകയായിരുന്നു.
മൈക്രോ സെക്കൻഡുകളുടെ മാറ്റത്തിൽ 3.37.826 ൽ ഫിനിഷ് ചെയ്ത വീയപുരം രണ്ടാമതെത്തി. സിബിഎല്ലിൽ എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന വള്ളംകളിയിലും നിരണമായിരുന്നു ഒന്നാമത്.
പത്തനംതിട്ട
ജില്ലയിലെ ആദ്യ ചുണ്ടനായ നിരണം 2022 ഓഗസ്റ്റ് 17ന് ആണ് നീറ്റിലിറക്കിയത്. പത്തനംതിട്ട
ജില്ലയിൽ നിന്നൊരു ചുണ്ടന്റെ സിബിഎൽ ചരിത്രത്തിലെ ആദ്യത്തെ വിജയമായിരുന്നു മറൈൻ ഡ്രൈവിലുണ്ടായത്. തുടർന്നു നടന്ന പ്രസിഡന്റ്സ് ട്രോഫിയിലും കിരീടം നേടിയതോടെ നിരണത്തിനിത് ഇരട്ടിമധുരമായി.
ലീഗിൽ ഇതോടെ 2 ഒന്നാംസ്ഥാനവും ഒരു രണ്ടാംസ്ഥാനവും 3 മൂന്നാം സ്ഥാനവുമാണ് നിരണം സ്വന്തമാക്കിയത്. കെ.ജി.ഏബ്രഹാമാണ് നിരണത്തിന്റെ ക്യാപ്റ്റൻ.
സതീഷ് കുമരകവും ബിജു തുടങ്ങിപറമ്പിൽ എന്നിവരാണ് ഒന്നാം അമരക്കാർ.
ഐതിഹാസികം വീയപുരത്തിന്റെ പടയോട്ടം
സിബിഎൽ അഞ്ചാം സീസണിൽ എതിരാളികളില്ലാതെയാണ് വീയപുരം ചുണ്ടൻ തുടക്കം മുതൽ കുതിച്ചത്. സീസണിലെ 9 മത്സരങ്ങളിലും വീയപുരത്തിനു തന്നെയായിരുന്നു കിരീടം.
പ്രസിഡന്റ്സ് ട്രോഫി അടക്കം അവസാനത്തെ 2 ലീഗ് മത്സരങ്ങളിൽ മാത്രമാണ് വീയപുരത്തിന് കാലിടറിയത്. മറൈൻ ഡ്രൈവിലും പ്രസിഡന്റ്സ് ട്രോഫിയിലും വീയപുരം രണ്ടാമതായി.
ആകെ 108 പോയിന്റുമായി വലിയ മുൻതൂക്കത്തോടെയാണ് സിബിഎല്ലിൽ വീയപുരത്തിന്റെ കിരീടധാരണം.
കഴിഞ്ഞ വർഷം പ്രസിഡന്റ്സ് ട്രോഫി വീയപുരത്തിന് ലഭിച്ചിരുന്നെങ്കിലും സിബിഎല്ലിൽ രണ്ടാമതായിരുന്നു. ആലപ്പുഴയിലെ വീയപുരം പഞ്ചായത്താണ് വീയപുരത്തിന്റെ സ്വദേശം.
ലീഡിങ് ക്യാപ്റ്റൻ ബൈജു കുട്ടനാടും ടീം ക്യാപ്റ്റൻ ബിഫി വർഗീസുമാണ്. രാജീവ് രാജു കുമരകം ഒന്നാം അമരത്തും അരുൺ വെള്ളംകുളങ്ങര ഒന്നാം തുഴയുമായുണ്ട്.
കോച്ച്: ബേബി ചാക്കോ.
ഹീറ്റ്സിൽ കുതിച്ചത് വീയപുരം
വീയപുരത്തിന്റെ ഏകപക്ഷീയമായ പോരാട്ടമാണ് പ്രസിഡന്റ്സ് ട്രോഫി ഹീറ്റ്സിൽ (ആദ്യ റൗണ്ട്) കണ്ടത്. ഒപ്പം തുഴഞ്ഞ ചെറുതന ചുണ്ടനെയും ചെമ്പക്കുളം ചുണ്ടനെയും ഏറെ പിന്നിലാക്കി 3.34.629 മിനിറ്റിലാണ് വീയപുരം ഫിനിഷ് ചെയ്തത്.
ഈ പ്രകടനം ഫൈനലിൽ ആവർത്തിക്കാനായിരുന്നെങ്കിൽ വീയപുരത്തിനു പ്രസിഡന്റ്സ് ട്രോഫി ലഭിക്കുമായിരുന്നു. ഈ സമയമാണ് ഇന്നലെ കുറിക്കപ്പെട്ട
ഏറ്റവും മികച്ച സമയം. ആദ്യ റൗണ്ടുകളിലെ സമയങ്ങളിൽ മൂന്നാമതായിരുന്ന നിരണമാണ് പക്ഷേ ഫൈനലിൽ ഒന്നാമതെത്തിയത്.
ചെറുവള്ളങ്ങളിലെ വിജയികൾ
പ്രസിഡന്റ്സ് ട്രോഫി മത്സരത്തിന്റെ ഭാഗമായി ചെറുവള്ളങ്ങളുടെ മത്സരവും നടന്നു.
ഇരുട്ടികുത്തി എ ഗ്രേഡ് വിഭാഗത്തിൽ പി.ജി.കർണൻ വ്യക്തമായ മേധാവിത്വത്തോടെ ഒന്നാമതെത്തി. തുരുത്തിത്തറ രണ്ടാം സ്ഥാനം നേടി.
ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ ജലറാണി ഒന്നാമതെത്തിയപ്പോൾ ഡാനിയേൽ രണ്ടാമതും സെന്റ് ജോസഫ് മൂന്നാമതും ഫിനിഷ് ചെയ്തു. തെക്കനോടി വനിതകളുടെ മത്സരത്തിൽ ചെല്ലിക്കാടൻ ഒന്നാമതും കാട്ടിൽതെക്കതിൽ രണ്ടാമതുമെത്തി.
കോടികളുടെ സമ്മാനക്കിലുക്കം
സംസ്ഥാന സർക്കാർ തലത്തിൽ ഏറ്റവും കൂടുതൽ സമ്മാനത്തുക നൽകുന്ന മത്സരമാണ് സിബിഎൽ.
സംസ്ഥാന ടൂറിസം വകുപ്പു നടത്തുന്ന ലീഗിൽ ബോണസും സമ്മാനവുമായി നൽകുന്നത് 5.95 കോടി രൂപയാണ്. സിബിഎലിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 25,15,10 ലക്ഷം രൂപ വീതമാണ് സമ്മാനത്തുക.
പ്രസിഡന്റ്സ് ട്രോഫിയിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് 5, 3, 1 ലക്ഷം രൂപ വീതവും ലഭിക്കും. പങ്കെടുക്കുന്ന എല്ലാ വള്ളങ്ങൾക്കും ബോണസ് തുകയുണ്ടാവും.
സിബിഎൽ പോയിന്റ് നില
1.
വീയപുരം ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ്, കൈനകരി): 108 2. മേൽപ്പാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്): 92 3.
നിരണം (നിരണം ബോട്ട് ക്ലബ്): 86 4. നടുഭാഗം (പുന്നമട
ബോട്ട് ക്ലബ്): 80 5. നടുവിലേപറമ്പൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്): 74 6.
കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്): 48 7. ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്): 44 8.
പായിപ്പാടൻ (കുമരകം ബോട്ട് ക്ലബ്): 39
9. ചമ്പക്കുളം (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്): 23
പ്രസിഡന്റ്സ് ട്രോഫി പോയിന്റ്
1 നിരണം ചുണ്ടൻ: 3.36.548 മിനിറ്റ്
2 വീയപുരം ചുണ്ടൻ: 3.37.826 മിനിറ്റ്
3 മേൽപാടം ചുണ്ടൻ: 3.40.233 മിനിറ്റ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

