പിറന്നാളിനു കേക്ക് മുറിച്ചില്ല, പകരം കഞ്ചാവു വലി
ചങ്ങനാശേരി∙ കൂട്ടുകാരന്റെ പിറന്നാൾ ആഘോഷത്തിനു മത്സരിച്ച് കഞ്ചാവ് വലി. പത്താം ക്ലാസ് വിദ്യാർഥിയും പ്ലസ് വൺ വിദ്യാർഥിയുമടങ്ങുന്ന കുട്ടി സംഘത്തെ എക്സൈസ് പിടികൂടി.
ചങ്ങനാശേരിയിൽ പരിശോധന ശക്തമാക്കിയ ഇന്നലെ തന്നെ ഉദ്യോഗസ്ഥരുടെ പിടിയിലായത് വിദ്യാർഥികളാണ്. ഇന്നലെ എസി റോഡിൽ പൂവത്തിനു സമീപം ഒഴിഞ്ഞ തുരുത്തിൽ നിന്നാണ് വിദ്യാർഥികളെ പിടികൂടിയത്.
സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാനാണ് 6 പേരടങ്ങുന്ന വിദ്യാർഥികൾ എത്തിയത്. പോളിടെക്നിക്കിലെ വിദ്യാർഥിയും നഗരത്തിലെ ഒരു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും പ്ലസ്വൺ വിദ്യാർഥിയും സംഘത്തിലുണ്ടായിരുന്നു.
പ്രായപൂർത്തിയായത് ഒരാൾക്ക് മാത്രം.
കേക്കിനു പകരം കയ്യിൽ കരുതിയ കഞ്ചാവ് വലിച്ചായിരുന്നു ഇവരുടെ പിറന്നാൾ ആഘോഷം. ഒഴിഞ്ഞ തുരുത്തിലേക്ക് യൂണിഫോം ധരിച്ച വിദ്യാർഥികൾ പോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരനാണ് വിവരം എക്സൈസിനെ അറിയിച്ചത്.
ഒഴിഞ്ഞ പ്രദേശങ്ങളിൽ വിദ്യാർഥികൾ സംഘമായി ലഹരി ഉപയോഗിക്കുന്ന വിവരം മനോരമ കഴിഞ്ഞ ദിവസം വാർത്തയാക്കിയിരുന്നു. ഈ വാർത്തയെ തുടർന്നാണ് നാട്ടുകാരന് സംശയം തോന്നി എക്സൈസിനെ വിളിച്ചത്. മഫ്തിയിലെത്തിയ ചങ്ങനാശേരി എക്സൈസ് ഉദ്യോഗസ്ഥരും ഇന്റലിജൻസ് ഉദ്യോഗസ്ഥരും വിദ്യാർഥികളെ വളയുകയായിരുന്നു.
4 പേരെ പിടികൂടി. 2 പേർ ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെട്ടു.
വിദ്യാർഥികളെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ ഉദ്യോഗസ്ഥനായ സജിലിനു വീണ് പരുക്കേറ്റു.
തലയ്ക്കു പരുക്കേറ്റ ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിയിലായ വിദ്യാർഥികൾ പ്രായപൂർത്തിയാകാത്തതിനാൽ ഇവരെ കൗൺസലിങ്ങിന് അയയ്ക്കും.
ഒരു പായ്ക്കറ്റ് കഞ്ചാവും കണ്ടെടുത്തു. ഓടി രക്ഷപ്പെട്ട
2 വിദ്യാർഥികളുടെ വിവരം ശേഖരിച്ചു. മാതാപിതാക്കളുമായി ഹാജരാകാൻ എക്സൈസ് നിർദേശം നൽകിയിട്ടുണ്ട്.
ചങ്ങനാശേരി എക്സൈസ് ഇൻസ്പെക്ടർ കെ.അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി ഉപയോഗിച്ച വിദ്യാർഥികളെ പിടികൂടിയത്. ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ ജി.കിഷോർ, ഉദ്യോഗസ്ഥരായ ആന്റണി മാത്യു, ആന്റണി സേവ്യർ, ഉണ്ണിക്കൃഷ്ണൻ, ഷിജു, സജിൽ, രതീഷ്, സിയാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വലിക്കാൻ കണ്ടുപിടിത്തം
കഞ്ചാവ് വലിക്കാനുള്ള ബോങ് നിർമിച്ചെടുത്തതും കൂട്ടത്തിലെ വിദ്യാർഥി.
കപ്ലങ്ങാ ചെടിയുടെ തണ്ടും പ്ലാസ്റ്റിക് ബോട്ടിലും ഉപയോഗിച്ചാണ് കഞ്ചാവ് വലിക്കാനുള്ള ഉപകരണം വിദ്യാർഥി നിർമിച്ചെടുത്തത്. എം സീൽ ഉപയോഗിച്ചാണ് ബോട്ടിലും കപ്ലത്തണ്ടും കൂട്ടിയോജിപ്പിച്ചത്. കഞ്ചാവ് നിറച്ച ബോങ് വിദ്യാർഥികൾ മാറി മാറിയാണ് വലിക്കുന്നത്.
പിറന്നാളുകാരൻ ആദ്യം വലിച്ചു. കൂട്ടുകാർ പിന്നാലെ.
ലഹരിസംഘങ്ങളെ പൂട്ടാൻ എക്സൈസ്
ചങ്ങനാശേരി ∙ ചങ്ങനാശേരിയിലെ ലഹരി സംഘങ്ങളെ അടിച്ചമർത്താൻ എക്സൈസ്.
എക്സൈസ് സർക്കിളിന്റെയും റേയ്ഞ്ചിന്റെയും നേതൃത്വത്തിൽ വ്യാപക പരിശോധന ആരംഭിച്ചു. ലഹരി േകസുകളിലുള്ള വർധനയെ സംബന്ധിച്ച് മനോരമയുടെ വാർത്തയെ തുടർന്നാണ് നടപടി. ലഹരി മരുന്ന് കേസുകളിലെയും അബ്കാരി കേസുകളിലെയും പതിവ് കുറ്റവാളികളെ പൂട്ടാനും ഒരുങ്ങുകയാണ്.
നടപടികളെടുക്കുന്നതിനായി ഉന്നതതല യോഗവും ഉദ്യോഗസ്ഥർ ചേർന്നു. വിദ്യാർഥികളിലേക്ക് ലഹരിയെത്തുന്ന വഴികൾ കണ്ടുപിടിച്ച് അവ ഇല്ലാതാക്കാനുള്ള പദ്ധതിക്കും എക്സൈസ് രൂപം നൽകും. പൊലീസിന്റെ സഹകരണവും ഇതിനായി തേടും.
എക്സൈസിന്റെ ഇന്റലിജൻസ് വിഭാഗത്തിന്റെ കൂടി സഹായത്തോടെ വരും ദിവസങ്ങളിൽ വ്യാപക പരിശോധന നടത്തും. വ്യാപാര സ്ഥാപനങ്ങളുടെ മറവിൽ സൈഡ് ബിസിനസായി ലഹരി വിൽപന നടത്തുന്നവരുടെ വിവരങ്ങളും ശേഖരിച്ച് തുടങ്ങിയിട്ടുണ്ട് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

