കാക്കനാട്∙ കരുതലും സർക്കാർ നടപടിക്രമങ്ങളിലെ ലഘൂകരണവുമാണ് തങ്ങൾക്ക് ആദ്യം വേണ്ടതെന്നു മുതിർന്ന പൗരൻമാർ.പ്രായം കൂടിയതിന്റെ പേരിൽ ഡ്രൈവിങ് ലൈസൻസ് പുതുക്കി കിട്ടാൻ നേരിടുന്ന ബുദ്ധിമുട്ടുകളും വസ്തു പണയം വച്ചാലും പ്രായത്തിന്റെ പേരിൽ വായ്പ നിരസിക്കുന്ന പ്രവണതയുമൊക്കെ ചൂണ്ടിക്കാട്ടി, സംസ്ഥാന വയോജന കമ്മിഷൻ മുൻപാകെ മുതിർന്ന പൗരൻമാർ പരാതിക്കെട്ടുകളഴിച്ചു. ഭാവിപ്രവർത്തനങ്ങൾക്കുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ആരായാനാണ് വയോജന കമ്മിഷൻ കലക്ടറേറ്റിൽ സിറ്റിങ് നടത്തിയത്.
എറണാകുളം ഇയ്യാട്ടുമുക്ക് സ്വദേശി 94 വയസ്സുള്ള ടി.രാജഗോപാലാണ് കമ്മിഷൻ മുൻപാകെ പ്രശ്നങ്ങൾ ആദ്യം ഉന്നയിച്ചത്.
വിമുക്ത ഭടനായ തന്റെ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചപ്പോൾ നേരിട്ട പൊല്ലാപ്പുകൾ അദ്ദേഹം വിശദീകരിച്ചു. സീനിയർ സിറ്റിസൻസ് ഫ്രൻഡ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.വി.സുഭാഷ് വയോജന ജില്ലാ കൗൺസിൽ 3 മാസത്തിലൊരിക്കൽ യോഗം ചേരണം, വയോജനങ്ങൾക്കു ഡിജിറ്റൽ പരിശീലനത്തിനു കർമസമിതി രൂപീകരിക്കണം, മുതിർന്നവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വയോജന ഗ്രാമസഭകൾ രൂപീകരിക്കണം തുടങ്ങിയ നിർദേശങ്ങൾ ഉന്നയിച്ചു.
വയോജന പെൻഷൻ ഉയർത്തണം, ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജനാരോഗ്യ പദ്ധതി കേരളത്തിൽ നടപ്പാക്കണം, മുതിർന്ന പൗരൻമാരുടെ ട്രെയിൻ യാത്രാനുകൂല്യം പുനഃസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ സീനിയർ സിറ്റിസൻസ് സർവീസ് കൗൺസിൽ ഭാരവാഹികൾ ഉന്നയിച്ചു. വയോജന കമ്മിഷൻ ചെയർമാൻ കെ.സോമപ്രസാദ് അധ്യക്ഷത വഹിച്ചു.
അംഗം കെ.എൻ.കെ.നമ്പൂതിരി, ഫിനാൻസ് ഓഫിസർ സി.എസ്.പ്രിൻസ്, ജില്ലാ സാമൂഹിക നീതി ഓഫിസർ ജോൺ ജോഷി തുടങ്ങിയവരും പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

