ഡെന്മാർക്കിന്റെ കീഴിലുള്ള ഗ്രീൻലൻഡ് ദ്വീപ് പിടിച്ചെടുക്കാനായി യുഎസ് ചിലത് ചെയ്യാൻ പോവുകയാണെന്ന മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഗ്രീൻലൻഡിനെ അമേരിക്കയ്ക്ക് തരണമെന്ന് ട്രംപ് ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്.
എന്നാല്, ‘ഗ്രീൻലൻഡിനെ വിൽപനയ്ക്കു വച്ചിട്ടില്ലെന്ന്’ ഡെന്മാർക്ക് തിരിച്ചടിച്ചിരുന്നു. യൂറോപ്യൻ രാഷ്ട്രങ്ങളും നാറ്റോയിൽ ഡെന്മാർക്കിനൊപ്പമുള്ള സഖ്യകക്ഷികളും ഇക്കാര്യം യുഎസിനോട് ആവർത്തിച്ചിരുന്നു.
എന്നാൽ, ട്രംപ് ഇന്നലെ പറഞ്ഞത് ഇങ്ങനെ: ‘‘ഞാനൊരു ഡീൽ അങ്ങോട്ടുവയ്ക്കും.
ആദ്യം ഒരു ഈസി ഡീൽ. അതിൽ തീരുമാനമായില്ലെങ്കിൽ അടുത്ത ഡീൽ അൽപ്പം കടുത്തതായിരിക്കും’’.
വൈറ്റ്ഹൗസിൽ മാധ്യമങ്ങളോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. യുഎസ് സൈന്യം വെനസ്വേലയിലേക്ക് കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി ന്യൂയോർക്കിലെ ജയിലിലടച്ചിരുന്നു.
വെനസ്വേലൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ എണ്ണവിപണി ഇനി അമേരിക്ക നിയന്ത്രിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
വെനസ്വേലൻ എണ്ണ അമേരിക്ക വിൽക്കും. കിട്ടുന്ന പണം അമേരിക്കയുടെ അക്കൗണ്ടിലേക്കും പോകും.
ഇതു സംബന്ധിച്ച് ചില എണ്ണക്കമ്പനി മേധാവികളുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് ട്രംപ് ഗ്രീൻലൻഡിനായുള്ള വെല്ലുവിളിയും നടത്തിയത്.
യുഎസിന്റെ സുരക്ഷയ്ക്ക്, ഗ്രീൻലൻഡ് യുഎസിന്റെ ഭാഗമാകേണ്ടത് അനിവാര്യമാണെന്നാണ് ട്രംപ് പറയുന്നത്. ഗ്രീൻലൻഡിന് സമീപം ചൈനീസ്, റഷ്യൻ പടക്കപ്പലുകൾ നിരന്തരം ചുറ്റിക്കറങ്ങുന്നതിലും ട്രംപിന് അമർഷമുണ്ട്.
എന്നാൽ, ഗ്രീൻലൻഡിലെ ധാതുസമ്പത്തിലാണ് ട്രംപിന്റെ കണ്ണെന്ന് വിമർശകർ പറയുന്നു. ഗ്രീൻലൻഡ് നിവാസികൾക്ക് അമേരിക്കയോട് ചേരാനായി ഒരുലക്ഷം ഡോളർ വീതം നൽകാനുള്ള നീക്കവും ട്രംപ് ഭരണകൂടം നടത്തുന്നുണ്ട്.
അയൽക്കാരായി വേണ്ട
ചൈനയും റഷ്യയും
അമേരിക്ക, കാനഡ എന്നിവയ്ക്കടുത്തായി സ്ഥിതി ചെയ്യുന്ന ദ്വീപാണ് ഗ്രീൻലൻഡ് എങ്കിലും യൂറോപ്യൻ രാഷ്ട്രമായ ഡെന്മാർക്കിന്റെ കീഴിലാണുള്ളത്. അമേരിക്ക ഗ്രീൻലൻഡിനെ സ്വന്തമാക്കിയില്ലെങ്കിൽ ചൈനയോ റഷ്യയോ ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന് ട്രംപ് ആരോപിച്ചു.
‘‘ചൈനയോ റഷ്യയോ അങ്ങനെ ഞങ്ങളുടെ അയൽക്കാരായി വരുന്നതിനോട് ഞങ്ങൾക്ക് താൽപ്പര്യമില്ല’’ – ട്രംപ് ഇന്നലെ പറഞ്ഞു.
നിലവിൽ ഗ്രീൻലൻഡിൽ യുഎസിന് സൈനിക ക്യാമ്പുണ്ട്. സൈനിക ക്യാമ്പ് വിപുലമാക്കാനും യുഎസിന് കഴിയും.
എന്നാൽ, അതുപോരെന്നും ഗ്രീൻലൻഡ് അമേരിക്കയ്ക്ക് സ്വന്തമായി വേണമെന്നുമാണ് ട്രംപിന്റെ നിലപാട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

