കോട്ടയം∙ കടിച്ചുകീറാൻ വെമ്പുന്ന തെരുവുനായ്ക്കൂട്ടം. ആ പല്ലിൽ എപ്പോൾ വേണമെങ്കിലും കുരുങ്ങാമെന്ന ആശങ്കയിൽ ജനം. പുതുവർഷത്തിലെ ആദ്യ ആഴ്ചയിൽ തെരുവുനായ്ക്കൾ ആക്രമിച്ചത് 127 പേരെ.
കഴിഞ്ഞ വർഷം 7,451 പേരെയാണ് നായ്ക്കളുടെ ആക്രമണം മൂലം ജില്ലയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ദിവസം 20 പേരെങ്കിലും ആക്രമണത്തിന് ഇരകളായി.
ചുരുക്കം ചില സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ ഭൂരിഭാഗം കേസുകളിലും വില്ലൻ തെരുവുനായ്ക്കളാണ്. മറ്റ് ജില്ലകളിൽ നിന്നും പരുക്കേറ്റവർ എത്തുന്ന കോട്ടയം മെഡിക്കൽ കോളജിൽ കഴിഞ്ഞ വർഷം 23,327 പേരാണ് നായ ആക്രമണത്തിൽ ചികിത്സ തേടിയെത്തിയത്.
ചെറിയ തോതിലുള്ള മാന്തലുകളും പല്ല് അബദ്ധത്തിൽ കൊള്ളുന്നതുമെല്ലാം ഇതിൽ ഉൾപ്പെടും.
കാടനാകുന്ന ‘നായ്ക്കൾ’
രക്തം കലർന്ന ഇറച്ചി കഴിക്കാൻ തുടങ്ങിയതാണ് നായ്ക്കളുടെ ആക്രമണ മനോഭാവത്തിന് പിന്നിലെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസർ പി.കെ.മനോജ്കുമാർ പറഞ്ഞു. ഇറച്ചി മാലിന്യത്തിൽ നിന്നാണ് നായ്ക്കൾ രക്തത്തിന്റെയും പച്ചമാംസത്തിന്റെയും രുചി അറിഞ്ഞത്. അത് വ്യാപകമായി പലയിടങ്ങളിലും തള്ളാൻ തുടങ്ങിയതോടെ നായ്ക്കൾ അവിടെ തമ്പടിച്ചു.
ഏതു പ്രദേശത്തും നായ്ക്കളുടെ ഹോട്സ്പോട്ട് ഇറച്ചി മാലിന്യം ഉള്ളയിടമാണ്. ഒരു കിലോമീറ്റർ മുതൽ ഒന്നര കിലോമീറ്റർ ദൂരം വരെ നായ്ക്കൾ അവരുടെ അധീനപ്രദേശമായി മാർക്ക് ചെയ്യാറുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇഷ്ടഭക്ഷണം ലഭിക്കാതാകുന്നതോടെയോ എതിരാളികളായ മറ്റ് നായ്ക്കളുടെ ആക്രമണം വരുന്നതോടെയോ ഇവിടെനിന്ന് പുറത്തു കടക്കാനോ അധീനപ്രദേശം ചുരുക്കാനോ നായ്ക്കൾ നിർബന്ധിതരാകും.
ഇത് അവയെ കൂടുതൽ ആക്രമണത്തിനും ഭക്ഷണത്തിനായുള്ള വേട്ടയാടലിനും പ്രേരിപ്പിക്കുമെന്നും വെറ്ററിനറി മേഖലയിലെ വിദഗ്ധർ പറയുന്നു.
2 വർഷം; 10,000 തെരുവുനായ്ക്കൾ
കുടുംബശ്രീയെ ഉൾപ്പെടുത്തിയുള്ള എബിസി (അനിമൽ ബർത്ത് കൺട്രോൾ– വന്ധ്യംകരിക്കൽ) യൂണിറ്റുകൾക്ക് 2021ൽ ആണ് കോടതി തടയിട്ടത്. ആവശ്യമായ ആധുനിക സജ്ജീകരണങ്ങൾ ഇല്ലാതെയാണ് പ്രവർത്തനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
അന്ന് 15,000 തെരുവുനായ്ക്കളായിരുന്നു ജില്ലയിൽ ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി, വൈക്കം, പരിയാരം, കടനാട്, ചങ്ങനാശേരി എന്നിവിടങ്ങളിൽ മികച്ച രീതിയിലായിരുന്നു അടച്ചുപൂട്ടുമ്പോൾ യൂണിറ്റുകളുടെ പ്രവർത്തനം. പിന്നീട് 2023ൽ ആണ് കോട്ടയത്ത് എബിസി സെന്റർ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നത്.
ഈ 2 വർഷത്തിനിടെ 10,000ത്തിൽ അധികം നായ്ക്കളാണ് പെരുകിയത്. കോവിഡ് കാലത്ത് വളർത്താൻ തുടങ്ങിയവയെ തെരുവിൽ ഉപേക്ഷിക്കാൻ ആരംഭിച്ചതോടെ എണ്ണം വീണ്ടും കൂടി.
ഒരു എബിസി സെന്റർകൊണ്ട് പരിഹാരം കാണാനാകാത്ത വിധം വഷളായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

