കൊടുവായൂർ ∙ നോട്ടുപുസ്തകത്തിൽ കുറിച്ചിട്ട മലയാളഗാനങ്ങളുടെ അപൂർവശേഖരവുമായി പാട്ടുമൂളിയിരിക്കുകയാണ് കാക്കയൂർ വൃന്ദാവനം മീഞ്ചിറക്കാട്ടെ കെ.ഗോമതി (65) എന്ന വീട്ടമ്മ.
മക്കൾ വളർന്നുവലുതായിട്ടും തുടരുന്നു ഈ അമ്മയുടെ താരാട്ടുപാട്ടുകൾ. സ്കൂളിൽ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിക്കുകയും നൃത്തപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഗോമതിക്കെന്നും കൂട്ട് പാട്ടുകളോടായിരുന്നു.
ചാനലുകളിൽ മ്യൂസിക് റിയാലിറ്റി ഷോകൾ വന്നതോടെ മറന്ന പാട്ടുകൾ മനസ്സിന്റെ പടികടന്നെത്തി. വീണ്ടും പാട്ടുകളിൽ മുഴുകിയപ്പോൾ വരികൾ മറന്നുപോകാതിരിക്കാൻ നോട്ടുപുസ്തകത്തിൽ കുറിച്ചുവയ്ക്കാൻ തുടങ്ങി.
പിന്നീടതു ശീലമായി. ഇപ്പോൾ ആറിലധികം പുസ്തകങ്ങളിലും കടലാസുകളിലുമായി മലയാളചലച്ചിത്രഗാനങ്ങളുടെ വൻശേഖരമുണ്ട് ഗോമതിയുടെ കയ്യിൽ.
പാട്ട് പാടി റെക്കോർഡ് ചെയ്യാനും വരികൾ കുറിച്ചെടുക്കാനും സ്മാർട് ഫോണിന്റെ സാങ്കേതികത വെല്ലുവിളിയുയർത്തിയ സമയത്തു മക്കളും പേരക്കുട്ടികളും ഒപ്പം നിന്നു.
അങ്ങനെ‘അമ്മയുടെ പാട്ടുകൾ’ എന്ന വാട്സാപ് ഗ്രൂപ്പ് പിറന്നു. പിന്നെ കുറിച്ചുവച്ച പാട്ടുകൾ പാടി ഫോണിൽ റെക്കോർഡ് ചെയ്തു ഗ്രൂപ്പിലിടും.
ഈ പാട്ടുകളിൽ ചിലത് മകളുടെ സുഹൃത്ത് യു ട്യൂബ് ചാനലിൽ ഇട്ടതോടെ കൂടുതൽ പേർ ആസ്വാദകരായി.
1960ൽ പുറത്തിറങ്ങിയ സീത എന്ന സിനിമയിൽ ദക്ഷിണാമൂർത്തി സംഗീതം ചെയ്തു പി.സുശീല പാടിയ ‘‘പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂമ്പൈതലേ…’’ എന്ന ഗാനം മുതൽ നിണമണിഞ്ഞ കാൽപാടുകൾ എന്ന സിനിമയിൽ പി.ഭാസ്കരന്റെ വരികൾക്ക് എം.എസ്.ബാബുരാജ് സംഗീതം നൽകി പി.ബി.ശ്രീനിവാസ് പാടി മലയാളികളുടെ ഹൃദയം തൊട്ട ‘‘മാമലകൾക്കപ്പുറത്തു മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്…’’ തുടങ്ങി ആറു പതിറ്റാണ്ടിനിപ്പുറവും മലയാളികളുടെ ചുണ്ടിൽ നിറയുന്ന മനോഹര ഗാനങ്ങളുടെ അപൂർവ കയ്യെഴുത്തു ശേഖരം ഇന്നു ഗോമതിക്കു സ്വന്തം.
‘ഞാൻ മരിച്ചാൽ എന്റെ സ്വത്ത് ഈ പാട്ടു പുസ്തകങ്ങളാണ്’ എന്നു പറയുന്ന ഗോമതിയുടെ പാട്ടുപ്രേമത്തിനൊപ്പം ഭർത്താവും കർഷകനുമായ ആർ.രാജൻ, മകനും എഴുത്തുകാരനുമായ രാമദാസ് മീഞ്ചിറക്കാട്, മക്കളായ ആർ.രാധിക, ആർ.രേണുക എന്നിവരുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

