പട്ടാമ്പി ∙ 20 വർഷമായി ആറങ്ങോട്ടുകരയിൽ നടക്കുന്ന കൊയ്ത്തുത്സവത്തിന് ഒൻപതാം തവണയും ശിൽപമൊരുക്കി ശ്രദ്ധേയനാവുകയാണ് ആറങ്ങോട്ടുകര സ്വദേശി വി.ഗിരീഷ്. വർഷത്തിലൊരിക്കൽ 3 ദിവസങ്ങളിലായാണ് ആറങ്ങോട്ടുകരയിൽ കൊയ്ത്തുത്സവം നടത്തുന്നത്.
ഇത്തവണ 9,10,11 തീയതികളിൽ ആറങ്ങോട്ടുകര എസ്റ്റേറ്റ് പടിക്കടുത്ത പാടത്താണ് വല്ലം എന്ന പേരിൽ കൊയ്ത്തുത്സവം നടത്തുന്നത്.
ഓരോ ദിവസവും വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന കൊയ്ത്ത്, മെതി, ചിത്രം വര, നൃത്തം, മറ്റു കൈവേല ക്ലാസുകൾ എന്നിവയ്ക്കു പുറമേ വിവിധ സെമിനാറുകൾ പുസ്തക പ്രകാശനങ്ങൾ, നാടകങ്ങൾ, മറ്റു കലാ അവതരണങ്ങൾ എന്നിവ നടക്കും. കൊയ്ത്തുത്സവ പ്രചാരണത്തിന്റെ ഭാഗമായാണ് വി.ഗിരീഷ് ശിൽപം നിർമിക്കുന്നത്.
ഒൻപതാമത്തെ വിളംബര ശിൽപത്തിന് 13 അടി ഉയരമുണ്ട്. മുണ്ടകൻ കൊയ്ത്തു തുടങ്ങിയ പാടശേഖരത്തിലെ വൈക്കോലിൽ നിന്നാണു ശിൽപം രൂപപ്പെടുത്തിയിരിക്കുന്നത്.
കൈകളിൽ കൊയ്ത്തരിവാളും കതിർക്കറ്റയും ഓലക്കുടയും വിശറിയുമായി നിർമിച്ചിട്ടുള്ള ശിൽപത്തിൽ ഓരോ കാലഘട്ടത്തിലെയും പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ആശയങ്ങൾ കൂടി ഉൾപ്പെടുത്താറുണ്ട്.
വിത്ത് ബിൽ രാജ്യം ചർച്ച ചെയ്യുന്ന അവസരത്തിൽ ശിൽപത്തിന്റെ കീഴ്ഭാഗത്തു വിത്തും വേരുപടലവുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
മുകൾഭാഗം പൂർണമായും ഉത്സവാരവത്തിലാണ്. ചിത്രകാരനും കഥാകൃത്തുമാണ് വി.
ഗിരീഷ്. പണം, സത്യൻ ടാക്കീസ് എന്നീ ചെറുകഥാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
മൂന്നാമത് പുസ്തകം ‘മയിലാടിപ്പാറ’ 10നു കൊയ്ത്തുത്സവ വേദിയിൽ പ്രകാശനം ചെയ്യും. നേരത്തെ ആറങ്ങോട്ടുകര ചരിത്ര പഠന കൂട്ടായ്മ പ്രസിദ്ധീകരിച്ച ആറങ്ങോട്ടുകരയുടെ ചരിത്രം എന്ന പുസ്തകത്തിന്റെ എഡിറ്റർ കൂടിയാണു വി.ഗിരീഷ്.
സഹോദരങ്ങളായ ഗണേഷ്, ഗംഗേഷ് എന്നിവരും കലാരംഗത്തു ശ്രദ്ധേയരാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

