മൂവാറ്റുപുഴ∙ ഓൺലൈൻ സാമ്പത്തികത്തട്ടിപ്പു കേസ് ഒതുക്കിത്തീർക്കാൻ ഇടനിലക്കാരായി നിന്നു ലക്ഷങ്ങൾ കൈക്കലാക്കിയ കുറുപ്പംപടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതികളിൽ നിന്നുവാങ്ങിയ 6.60 ലക്ഷം രൂപയിൽ നിന്ന് ആറു ലക്ഷം രൂപയും കുറുപ്പംപടി സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ പങ്കിട്ടെടുക്കുകയായിരുന്നു.
ഗുജറാത്തിൽ നടന്ന സാമ്പത്തികത്തട്ടിപ്പു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി ഗുജറാത്ത് പൊലീസിലെ 2 ഉദ്യോഗസ്ഥർ കേരളത്തിലെത്തി.
പ്രതികൾ കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നു തിരിച്ചറിഞ്ഞതോടെ ഇവർ പ്രാദേശിക പൊലീസിന്റെ സഹായം തേടി. സ്റ്റേഷനിൽ നിന്നു രണ്ട് ഉദ്യോഗസ്ഥർ ഗുജറാത്ത് പൊലീസിനൊപ്പം അന്വേഷണത്തിനായി പോയി. പ്രതികളെ കണ്ടെത്തിയതോടെ കുറുപ്പംപടി പൊലീസിലെ ഉദ്യോഗസ്ഥർ ഇടനിലക്കാരായി മാറി.
അറസ്റ്റ് ഒഴിവാക്കുന്നതിനായി രണ്ട് പ്രതികളിൽ നിന്നുമായി 3.30 ലക്ഷം രൂപ വീതം 6.60 ലക്ഷം രൂപ വാങ്ങി. ഇതിൽ നിന്നു ഗുജറാത്ത് പൊലീസുകാർക്ക് 30,000 രൂപ വീതം നൽകി.
ബാക്കി 6 ലക്ഷം രൂപ കുറുപ്പംപടി പൊലീസിലെ ഉദ്യോഗസ്ഥർ ചേർന്നു വീതംവച്ചു
അത്യന്തം രഹസ്യമായി നടത്തിയ ഈ പണമിടപാട് രഹസ്യാന്വേഷണ വിഭാഗമാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ചു കൃത്യമായ റിപ്പോർട്ട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കു കൈമാറിയതോടെയാണ് ഉദ്യോഗസ്ഥരുടെ കള്ളക്കളി പുറത്തായത്.
പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതായി സ്ഥിരീകരിച്ചു. പൊലീസ് സേനയ്ക്കു നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് എസ്പി മുന്നറിയിപ്പ് നൽകി.
നിലവിൽ വകുപ്പുതല അന്വേഷണം ഊർജിതമായി നടക്കുകയാണ്. ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ ഉടൻ ഉണ്ടായേക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

