തലശ്ശേരി ∙ ജനറൽ ആശുപത്രി മോർച്ചറിയിൽ ഏതു മൃതദേഹമെത്തിയാലും പൊലീസും ഡോക്ടർമാരും ആദ്യം തിരയുക മൊയ്തുവിനെയാണ്. മൃതദേഹം ഇൻക്വസ്റ്റ് ചെയ്യുന്നതിനു വേണ്ട
പ്രാഥമികകാര്യങ്ങൾക്കു സഹായിയായി എരഞ്ഞോളി വടക്കുമ്പാട് മഠത്തുംഭാഗം അൽ മസ്നയിൽ പറമ്പത്തുകണ്ടി പൊയിൽ മൊയ്തു (64) ഉണ്ടാകും. നാലു പതിറ്റാണ്ടിനിടയിൽ 8000 മൃതദേഹങ്ങളാണ് മൊയ്തു പരിപാലിച്ചത്.
26 പേർക്കു ജീവൻ നഷ്ടപ്പെട്ട, 1986ലെ തലശ്ശേരി ജഗന്നാഥ ടെംപിൾ റെയിൽ ദുരന്ത സമയത്താണ് അന്നത്തെ സ്പോർട്ടിങ് യൂത്ത്സ് ലൈബ്രറി സെക്രട്ടറി കെ.പി.ശേഖരനൊപ്പം ജനറൽ ആശുപത്രി മോർച്ചറിയിൽ മൊയ്തു ആദ്യമായെത്തിയത്.
ചിന്നിച്ചിതറിയ മനുഷ്യശരീരങ്ങൾക്കിടയിൽ മനംമടുപ്പിക്കുന്ന ചുറ്റുപാടിൽ സന്നദ്ധ പ്രവർത്തകർക്കൊപ്പം സേവനം ചെയ്ത മൊയ്തു പിന്നീട് മുടങ്ങാതെ ജനറൽ ആശുപത്രി മോർച്ചറിയിലെത്തി. തന്നാലാവുംവിധം ആളുകളെ സഹായിച്ചു. നഗരത്തിലെ പല കടകളിൽ ജോലി ചെയ്ത മൊയ്തു അപ്പോഴെല്ലാം മൃതദേഹപരിപാലനം തുടർന്നു.
ഇപ്പോൾ ജോലിയില്ലെങ്കിലും രാവിലെ ആശുപത്രിയിലെത്തും. അഴുകിയ മൃതദേഹങ്ങളാണെങ്കിൽ ധരിച്ച വസ്ത്രം കത്തിച്ചശേഷമേ വീട്ടിലേക്കു കയറൂ.
കുളി കഴിഞ്ഞാൽ അന്ന് മോർച്ചറിയിൽ പരിപാലിച്ച മൃതദേഹത്തിന്റെ പേരും സ്ഥലവും പൊലീസ് സ്റ്റേഷനും നോട്ടുപുസ്തകത്തിൽ എഴുതിവയ്ക്കും. കഴിഞ്ഞദിവസം ചെറുമകൻ ആത്മഹത്യ ചെയ്തതിലെ മനോവിഷമം കാരണം മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്ത സംഭവത്തിലെ 3 മൃതദേഹങ്ങൾകൂടി പരിപാലിച്ചതോടെ മൊയ്തുവിന്റെ പുസ്തകത്തിൽ മൃതദേഹങ്ങളുടെ എണ്ണം 8000 ആയി. എരഞ്ഞോളി പഞ്ചായത്ത് വാർഡ് മെംബറായിരുന്നു മൊയ്തു.
ഭാര്യ റുമൈസ, മകൾ നസ്ന. മരുമകൻ സജീർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

