ഫറോക്ക്∙ പൊതുജനസേവനം സുതാര്യവും സൗകര്യപ്രദവുമാക്കാൻ ചുങ്കത്ത് നിർമിച്ച ഫറോക്ക് മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനത്തിനൊരുങ്ങി. 10 കോടി രൂപ ചെലവിട്ടു മരാമത്ത് കെട്ടിട
വിഭാഗം മേൽനോട്ടത്തിൽ പണിത കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി ഏതാണ്ട് പൂർത്തിയായി.
അവസാന മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ഇതു പൂർത്തിയായാൽ ഈ മാസം അവസാനത്തോടെ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യം. ബേപ്പൂർ മണ്ഡലത്തിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിലേക്ക് മാറ്റുക ലക്ഷ്യമിട്ടാണ് ചുങ്കം സംസ്ഥാന പാതയോരത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിച്ചത്. വാണിജ്യ നികുതി വകുപ്പിനു കീഴിലുണ്ടായിരുന്ന പഴയ ചെക്ക് പോസ്റ്റിന്റെ 23 സെന്റ് ഭൂമി പ്രയോജനപ്പെടുത്തി 22,000 ചതുരശ്ര അടി വിസ്തീർണത്തിലാണു ഓഫിസ് സമുച്ചയം.
ഫറോക്ക് സബ് ട്രഷറി, വില്ലേജ് ഓഫിസ്, അസിസ്റ്റന്റ് ലേബർ ഓഫിസ്, നിയമ ഓഫിസ്, എഇഒ ഓഫിസ് എന്നിവയ്ക്കാണ് പുതിയ കെട്ടിടത്തിൽ സൗകര്യങ്ങൾ ഒരുക്കുന്നത്.
പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഫറോക്ക് വില്ലേജ് ഓഫിസ്, സബ് ട്രഷറി, ലേബർ ഓഫിസ് എന്നിവ ഒന്നാം നിലയിലും എഇഒ ഓഫിസ്, ലോ ഓഫിസ് എന്നിവ രണ്ടാം നിലയിലുമാണ് വിഭാവനം ചെയ്യുന്നത്. മൂന്നാം നില പൂർണമായും ജിഎസ്ടി ഓഫിസുകൾക്ക് അനുവദിക്കും.
തികച്ചും ഭിന്നശേഷി സൗഹൃദമായി രൂപകൽപന ചെയ്തിരിക്കുന്ന കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യം, ലോബി, ശുചിമുറി, വിശ്രമ മുറി, കുടിവെള്ളം, ഇലക്ട്രിക്കൽ റൂം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
സെൽമെക് എൻജിനീയറിങ് കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണ പ്രവൃത്തി കരാറെടുത്ത് നടപ്പാക്കിയത്. അതേസമയം മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ പാർക്കിങ് പരിമിതി സംബന്ധിച്ച് നാട്ടുകാരിൽ ആശങ്ക ഉയർന്നിട്ടുണ്ട്.
പാതയോരത്ത് നിർമിച്ച ഓഫിസ് സമുച്ചയത്തിലേക്ക് വരുന്ന വാഹനങ്ങൾ നിർത്തുന്നതിന് മതിയായ സൗകര്യം ഒരുക്കിയിട്ടില്ല എന്നാണു ആക്ഷേപം ഉയർന്നിരിക്കുന്നത്. എന്നാൽ കെട്ടിടത്തിന്റെ മുൻഭാഗം പൂട്ടുകട്ട പാകി പാർക്കിങ് സൗകര്യം ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

