കോഴിക്കോട് ∙ ലോക്കോ പൈലറ്റുമാരുടെ ചുമതലകൾ ഒട്ടേറെ – സിഗ്നൽ, ചാർജിങ്, സ്റ്റേഷൻ, സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ്, ഗെയ്റ്റ്മാൻ, ട്രാക്ക്, ലവൽ ക്രോസ്, കയറ്റിറക്കങ്ങൾ, ആനയടക്കമുള്ള വന്യമൃഗങ്ങൾ മുറിച്ചു കടക്കുന്ന സ്ഥലം, വേഗം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ലോക്കോ പൈലറ്റുമാർ ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രിയായാലും പകലായാലും ഇതിൽ മാറ്റമില്ല.
അതുകൊണ്ടു തന്നെ, ശ്രദ്ധ അൽപം പോലും മാറാൻ പാടില്ല.
തുടർച്ചയായ രാത്രി ഡ്യൂട്ടി
കോഴിക്കോട് തുടർച്ചയായ രാത്രി ഡ്യൂട്ടിയാണു മിക്ക ലോക്കോ പൈലറ്റ്മാർക്കും. ട്രെയിൻ അപകടങ്ങളെ തുടർന്നു റെയിൽവേ നിയോഗിച്ച ഉദ്യോഗസ്ഥ തലത്തിലുള്ള ഹൈപവർ കമ്മിറ്റി തുടർച്ചയായി രണ്ടിലധികം രാത്രി ഡ്യൂട്ടി നൽകരുതെന്നു ശുപാർശ ചെയ്തിരുന്നു.
എന്നാൽ, തുടർച്ചയായി 4 രാത്രി ഡ്യൂട്ടി നൽകാനായിരുന്നു റെയിൽവേയുടെ ഉത്തരവ്. ഇതാണിപ്പോൾ നടപ്പാക്കുന്നതും.
കണ്ണിമ വെട്ടാതെ രാത്രി ഡ്യൂട്ടി ചെയ്യേണ്ടതിനാൽ, പലർക്കും ഇതു ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികളിലൊരാൾ പറഞ്ഞു. ‘101% ശ്രദ്ധയോടെ വേണം ജോലി ചെയ്യാൻ.
സിഗ്നലിൽനിന്ന് അര മീറ്റർ മാറി നിർത്തിപ്പോയതിനു ജോലി നഷ്ടപ്പെട്ടവരുണ്ട്.
അമിത ജോലിഭാരം കാരണം ശ്രദ്ധ അൽപമൊന്നു പാളിയാലും കുറ്റം ലോക്കോ പൈലറ്റിനു തന്നെ. ട്രിപ്പുകൾക്കു ശേഷം, ജോലി ചെയ്യുന്ന സ്റ്റേഷനിൽ തിരിച്ചെത്തിയാൽ 16 മണിക്കൂറും (ഹെഡ് ക്വാർട്ടർ ട്രിപ് റെസ്റ്റ്) ആഴ്ചയ്ക്ക് 30 മണിക്കൂറും വിശ്രമം അനുവദിക്കണമെന്നാണു നിയമം.
തൊഴിൽ കോടതിയും ഹൈക്കോടതിയുമൊക്കെ ഇത് ഉത്തരവിട്ടതുമാണ്. പക്ഷേ, പലപ്പോഴും ലഭിക്കാറില്ല.
ആളില്ലെന്നു പറഞ്ഞ്, തുടർച്ചയായി ഡ്യൂട്ടിക്കിടുകയാണ്. ഇതേ കാരണത്താൽ, 6 ദിവസത്തെ ഡ്യൂട്ടി ചിലപ്പോൾ 9–10 ദിവസം വരെ നീളുന്നതു കാരണം വിശ്രമം, അതിനു ശേഷം മാത്രം ലഭിക്കുന്ന സാഹചര്യവുമുണ്ട്.
അപ്പോഴും 16 മണിക്കൂറിന്റെ ഹെഡ്ക്വാർട്ടേഴ്സ് ട്രിപ് റെസ്റ്റ് ലഭിക്കാറില്ല. ഇന്ത്യയിൽ എവിടെയും ഇതു തന്നെയാണു സ്ഥിതി.’ അദ്ദേഹം പറഞ്ഞു.
സ്ഥലം മാറ്റം നൽകുന്നില്ല
കോഴിക്കോടു നിന്നു പാലക്കാട്ടേക്കു സ്ഥലം മാറ്റം ചോദിച്ച മെയിൽ ലോക്കോ പൈലറ്റുമാർക്കു മാറ്റം അനുവദിക്കുന്നില്ലെന്നു പരാതിയുണ്ട്. ഇതിനു പകരം, ഗുഡ്സ് ലോക്കോ പൈലറ്റുമാരെ വച്ചാണു പാലക്കാട്ട് പല എക്സ്പ്രസ്, മെയിൽ ട്രെയിനുകളും ഓടിക്കുന്നത്.
ഇവരുടെ ഡ്യൂട്ടി കഴിയും വരെ, ചരക്കു തീവണ്ടികൾ അവിടെക്കിടക്കും.
വിആർഎസിനും നിരോധനം
കോവിഡ് കാലത്തിനു ശേഷം 10 ശതമാനത്തോളം ലോക്കോ പൈലറ്റുമാർ സ്വയംവിരമിക്കൽ പദ്ധതി പ്രകാരം ജോലി ഉപേക്ഷിച്ചതായി ലോക്കോ പൈലറ്റുമാർ പറഞ്ഞു. എന്നാൽ, ഇപ്പോൾ അതും അനുവദിക്കുന്നില്ല. 2 വർഷം മുൻപു സ്വയം വിരമിക്കാൻ അപേക്ഷിച്ചവരെ ഇതുവരെ പരിഗണിച്ചിട്ടില്ല. ആവലാതികളും ആവശ്യങ്ങളും പാർലമെന്റിനകത്തും പുറത്തും ഒട്ടേറെ തവണ സംഘടനാ തലത്തിലും അല്ലാതെയും ഉന്നയിച്ചുവെങ്കിലും കാര്യമായ ഫലമില്ലെന്നും ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.(അവസാനിച്ചു)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

