കോട്ടയം ∙ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്നു നിർധന രോഗികൾക്ക് അനുവദിച്ച ഒന്നരക്കോടി രൂപ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പാഴാക്കി. ഇതിനു പുറമേ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഏകോപിച്ചുള്ള ആരോഗ്യ ഏജൻസിയുടെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിക്ഷേപിച്ച 60 കോടി രൂപയും രോഗികൾക്കായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. 2019 ജൂൺ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിലെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ഓഡിറ്റിലാണ് ഈ വിവരങ്ങളുള്ളത്.പ്രകൃതി ദുരന്തങ്ങൾ, വലിയ അപകടങ്ങൾ, കാൻസർ, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കാണു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു സഹായം കിട്ടുക.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കായി അനുവദിച്ച ഒന്നരക്കോടി രൂപ കോട്ടയത്തെ ഒരു ദേശസാൽകൃത ബാങ്ക് ശാഖയിലാണു നിക്ഷേപിച്ചത്.
രോഗികളുടെ ചികിത്സച്ചെലവിന്റെ പൂർണ വിവരങ്ങൾ ആശുപത്രി അധികൃതർ പ്രധാനമന്ത്രിയുടെ ഓഫിസിൽ അറിയിച്ചിട്ടില്ല. അതിനാൽ ഒറ്റത്തവണ ഗ്രാന്റായി ലഭിക്കുന്ന ധനസഹായം അർഹരും ആവശ്യക്കാരുമായ രോഗികൾക്കു നിഷേധിക്കപ്പെട്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ട്.
ചെലവഴിക്കാത്ത തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരികെ നൽകണമെന്നും നിർദേശം ഉണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ 2023 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 60 കോടി രൂപയാണ് രോഗികൾക്ക് പ്രയോജനപ്പെടാതെ പോയത്.2020 മുതലുളള കണക്കാണ് ഇത്. ഈ പദ്ധതിയിൽ ചേരാൻ 26,373 പേർ നൽകിയ അപേക്ഷ പരിഗണിച്ചിട്ടുമില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

