ആലപ്പുഴ∙ മാലിന്യം യഥേഷ്ടം നിക്ഷേപിച്ചിരുന്ന സർവോദയപുരത്തെ മാലിന്യഭൂമിയിൽ ഒരു നിക്ഷേപം കൂടി ഇനി നടക്കും, കായികതാരങ്ങളെ വളർത്തിയെടുക്കാനുള്ള ഒന്നാംതരം കായിക നിക്ഷേപം. ആലപ്പുഴ നഗരസഭയിലെ ജൈവ, അജൈവ മാലിന്യം വർഷങ്ങളോളം തള്ളിയിരുന്ന, മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ സർവോദയപുരത്തെ 16 ഏക്കറോളം വരുന്ന ഭൂമിയിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹായത്തോടെ മൾട്ടി സ്പോർട്സ് ഹബ് സജ്ജമാക്കാനുള്ള നടപടികളാണു പുതുവർഷത്തിൽ ആരംഭിക്കുന്നത്.
ജില്ലയിലെ കായികമേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം തേടി മലയാള മനോരമ സംഘടിപ്പിച്ച ആശയക്കൂട്ടം പരിപാടിയിലാണു കേരള ക്രിക്കറ്റ് അസോസിയേഷൻ പദ്ധതിക്കു താൽപര്യം അറിയിച്ചത്.
പദ്ധതിക്കു പിന്തുണയുണ്ടാകുമെന്നു കലക്ടർ അലക്സ് വർഗീസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി.വിഷ്ണു എന്നിവർ അറിയിക്കുകയും ചെയ്തു. സ്ഥലം ലഭ്യമാക്കിയാൽ രാജ്യാന്തര നിലവാരമുള്ള കളിക്കളങ്ങൾ നിർമിക്കാൻ കെസിഎ തയാറാണെന്നു കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി.നായരാണു കൂട്ടായ്മയിൽ അറിയിച്ചത്.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മാലിന്യക്കൂനകളിലൊന്നായ സർവോദയപുരത്തെ മാലിന്യക്കൂനയും ഇടയ്ക്കുള്ള തീപിടിത്തങ്ങളും കാരണം പ്രദേശവാസികൾ പൊറുതിമുട്ടിയപ്പോൾ ജനകീയ പ്രതിഷേധമായി. 2012നു ശേഷം ഇവിടെ മാലിന്യം നിക്ഷേപിച്ചിട്ടില്ല.
അതുവരെ ദിവസവും 60 ടൺ മാലിന്യമാണു എത്തിയിരുന്നത്. 2023ൽ ബയോമൈനിങ് ആരംഭിച്ചു.
ഇനിയും ടൺ കണക്കിനു മാലിന്യം ഇവിടെ നിന്നു നീക്കം ചെയ്യാനുണ്ട്.
മാലിന്യം ഒഴിവാകുന്നതോടെ ഇവിടെ ജൈവകൃഷി നടത്താനും പകൽവീട് സജ്ജമാക്കാനും പദ്ധതിയിട്ടെങ്കിലും നടപ്പായിട്ടില്ല. ഈ ഭൂമി കെസിഎക്കു വിട്ടുനൽകുന്നതോടെയാണു സർവോദയപുരത്തിന്റെ വികസനം ആരംഭിക്കുക.
16 ഏക്കറോളം ഭൂമി ലഭ്യമാക്കിയാൽ 7 ഏക്കറിൽ രാജ്യാന്തര നിലവാരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട് നിർമിക്കും. ബാക്കിയുള്ള സ്ഥലത്തു ഫുട്ബോൾ, അത്ലറ്റിക്സ് തുടങ്ങിയവയ്ക്കുള്ള ഗ്രൗണ്ടുകളും രാജ്യാന്തര നിലവാരത്തിൽ നിർമിക്കുമെന്നാണു കെസിഎ അറിയിച്ചിട്ടുള്ളത്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ട ചർച്ചകൾ ഉടൻ നടക്കുമെന്നു കലക്ടർ അലക്സ് വർഗീസ് പറഞ്ഞു.
കെസിഎ ഭാരവാഹികൾ, ആലപ്പുഴ നഗരസഭ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ വിശദമായി ചർച്ച ചെയ്തു പദ്ധതിയുമായി മുന്നോട്ടു പോകാനാണു തീരുമാനം.
പുതുവർഷത്തിൽ ജില്ലയ്ക്കു ലഭിക്കുന്ന പുതിയ തുടക്കമാണു സർവോദയപുരത്തെ മൾട്ടി സ്പോർട്സ് ഹബ്. നിലവിൽ ജില്ലയിൽ ക്രിക്കറ്റിന് ഒഴികെ മികച്ച ഗ്രൗണ്ടുകളില്ലെന്നതു കായികമേഖലയുടെ പോരായ്മയാണ്.
ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം, ചെങ്ങന്നൂരിലെ ജില്ലാ സ്റ്റേഡിയം എന്നിവയുടെ നിർമാണം അനന്തമായി നീളുകയാണ്. അതിനാൽ മത്സരങ്ങൾ നടത്താൻ ഈ ഗ്രൗണ്ടുകൾ യോഗ്യമല്ല.
രണ്ടു ഗ്രൗണ്ടുകളും ഈ വർഷം പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്. 200 മീറ്റർ സ്റ്റാൻഡേഡ് ട്രാക്ക് ഉള്ള ഗ്രൗണ്ടുകളും ജില്ലയിലില്ല.
മാതൃകയാക്കാം; ലാലൂർ മോഡൽ
6 വർഷം മുൻപ് 15 അടി ഉയരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ മലപോലെ കുമിഞ്ഞുകിടന്ന തൃശൂർ ലാലൂർ മാലിന്യകേന്ദ്രം ഇന്നില്ല, പകരം 14 ഏക്കർ വിസ്തൃതിയിൽ രാജ്യാന്തര കായിക സമുച്ചയമാണ് അവിടെ ഉയർന്നത്.
ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരിലൊരുക്കിയ സമുച്ചയത്തിൽ ഫുട്ബോൾ, ടെന്നിസ് ടർഫുകൾ മുതൽ അത്യാധുനിക ഇൻഡോർ സ്റ്റേഡിയം വരെ ഉൾപ്പെടുന്നു.
പതിറ്റാണ്ടുകളോളം തൃശൂർ നഗരത്തിലെ മുഴുവൻ ജൈവ, അജൈവ മാലിന്യങ്ങളും തള്ളിയിരുന്ന മാലിന്യകേന്ദ്രമായിരുന്നു ലാലൂർ. ദുർഗന്ധവും രോഗങ്ങളും മൂടിനിന്ന ലാലൂരിനു വേണ്ടി കാൽനൂറ്റാണ്ട് സമരം ചെയ്താണു നാട്ടുകാരും സമരസമിതിയും ചേർന്നു 2012ൽ മാലിന്യംതള്ളൽ അവസാനിപ്പിച്ചത്.
മാലിന്യമല ഇടിയുന്നതും തീ പിടിക്കുന്നതും ദുരിതമായി തുടരുന്നതിനിടെ സ്റ്റേഡിയം കോംപ്ലക്സ് നിർമാണം തുടങ്ങിയതു 2019ൽ. 15 അടി ഉയരമുള്ള മാലിന്യമലയിൽ ബയോമൈനിങ് നടത്തി 60,000 ക്യുബിക് മീറ്റർ മാലിന്യം നീക്കിയതു തന്നെ ഹിമാലയൻ ദൗത്യമായി.
കിഫ്ബി ധനസഹായത്തോടെ കായികവകുപ്പും തൃശൂർ കോർപറേഷനും 56 കോടിയോളം ചെലവഴിച്ചു നിർമാണം പുർത്തിയാക്കിയപ്പോൾ കണ്ടതു മറ്റെങ്ങുമില്ലാത്തൊരു മാതൃക.
3 ബാഡ്മിന്റൻ കോർട്ട്, ഒരു ബാസ്കറ്റ്ബോൾ കോർട്ട്, ഒരു വോളിബോൾ കോർട്ട് എന്നിവ ഉൾപ്പെടുന്നതും 5000 പേർക്കിരിക്കാവുന്നതുമാണ് ഇൻഡോർ സ്റ്റേഡിയം. പുറത്തു സിന്തറ്റിക് ഫുട്ബോൾ ടർഫ്, ടെന്നിസ് ടർഫ്, സ്വിമ്മിങ് പൂൾ കോംപ്ലക്സ്, അഡ്മിൻ ബ്ലോക്ക് എന്നിവയുമുണ്ട്.
ആദ്യഘട്ട ഉദ്ഘാടനം നവംബർ 3നു നടന്നിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

