പുതുവർഷത്തിലെ ആദ്യദിനത്തിൽതന്നെ പ്രാബല്യത്തിൽ വരുംവിധം കോണ്ടത്തിന് 13% നികുതി ഏർപ്പെടുത്തി ചൈന. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ‘ഒറ്റകുട്ടി നയം’ ഒടുവിൽ തിരിഞ്ഞുകുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.
ജനസംഖ്യ നിയന്ത്രിക്കുന്നതിന് ആയിരുന്നു ദമ്പതികൾക്ക് ഒരു കുഞ്ഞുമാത്രം മതിയെന്ന കർശന നിയമം ചൈന കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി രാജ്യത്ത് കോണ്ടത്തിന്റെ നികുതിയും എടുത്ത് കളഞ്ഞിരുന്നു.
എന്നാൽ, തുടർച്ചയായ മൂന്നാം വർഷവും ജനനനിരക്ക് കുത്തനെ ഇടിഞ്ഞ പശ്ചാത്തലത്തിലാണ് ചൈനീസ് ഭരണകൂടത്തിന്റെ മനംമാറ്റം.
ഇപ്പോൾ ദമ്പതികൾക്ക് കൂടുതൽ കുഞ്ഞുങ്ങളുണ്ടാകട്ടെ എന്ന ആശംസയുമായാണ് കോണ്ടത്തിന് നികുതി ഏർപ്പെടുത്തുന്നത്. 13% മൂല്യവർധിത നികുതി (വാറ്റ്) ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്നു.
1980 മുതൽ 2015 വരെയായിരുന്നു ചൈന കർക്കശമായി ഒറ്റകുട്ടി നയം നടപ്പാക്കിയത്. ഒന്നിലധികം കുട്ടികൾ ജനിക്കുന്നവർക്ക് കനത്ത പിഴ ഉൾപ്പെടെ ശിക്ഷയും വിധിച്ചിരുന്നു.
എന്നാൽ, ഒറ്റകുട്ടി നയം ചൈനയിൽ ജനനനിരക്ക് ഇടിയാനും മുതിർന്ന പൗരന്മാരുടെ എണ്ണം കുതിച്ചുകയറാനും വഴിയൊരുക്കി.
ഇതോടെയാണ് 2016 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുംവിധം നയത്തിൽ ഇളവ് അനുവദിച്ചത്. ദമ്പതികൾക്ക് 2 കുട്ടികൾ ആകാമെന്നായിരുന്നു ഇളവ്.
എന്നാൽ, രാജ്യത്ത് സാമ്പത്തികഞെരുക്കം രൂക്ഷമാവുകയും കുടുംബ വരുമാനം ഇടിയുകയും ചെയ്തതോടെ ഒറ്റ കുട്ടി നയത്തിൽ നിന്ന് പിന്മാറാൻ ജനങ്ങൾ തയാറായില്ല.
ഒരു കുട്ടി തന്നെ മതിയെന്ന തീരുമാനത്തിലേക്ക് ഒട്ടുമിക്ക ദമ്പതികളും എത്തുകയായിരുന്നു. ലോകത്ത് കുട്ടികളെ വളർത്തുന്നതിൽ ഏറ്റവുമധികം ചെലവുള്ള രാജ്യങ്ങളിലൊന്നാണ് ചൈന.
സ്കൂൾ, കോളജ് പഠനത്തിന് മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചെലവ് ഏറെ കൂടുതൽ.
പിന്നീട് 2021ൽ ചൈന 3 കുട്ടികൾ വരെയാകാമെന്ന ഇളവും പ്രഖ്യാപിച്ചെങ്കിലും മനസ്സുമാറ്റാൻ ദമ്പതികൾ തയാറായില്ല. 2024ലെ കണക്കുപ്രകാരം ചൈനയിൽ 95.4 ലക്ഷം കുഞ്ഞുങ്ങളാണ് ജനിച്ചത്.
3 വർഷത്തിനിടയിലെ ഏറ്റവും താഴ്ച. ജനനനിരക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ചൈൽഡ് കെയർ സേവനങ്ങൾക്കുള്ള സബ്സിഡിയെ (ഏകദേശം 45,000 രൂപ) നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
ചില പ്രാദേശിക സർക്കാരുകൾ അവരുടേതായ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ 1.4 കോടിയിലധികം വരുന്ന ചൈനീസ് ജനസംഖ്യയുടെ അഞ്ചിലൊന്നും 60ന് മുകളിൽ പ്രായമുള്ളവരാണ്. 2030ഓടെ ഇത് 30 ശതമാനവും 2050ഓടെ 52 ശതമാനവും കവിയുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
നിത്യച്ചെലവിനുള്ള പണത്തിനായി രാജ്യാന്തര നാണയ നിധിക്ക് (ഐഎംഎഫ്) മുന്നിൽ കൈനീട്ടേണ്ട
ഗതികേടിലായ പാക്കിസ്ഥാന് ഗർഭ നിരോധന ഉറയുടെ (കോണ്ടം) വിലയിലും കൈ പൊള്ളുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ലോകത്ത് ഏറ്റവും ഉയർന്ന ജനന നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാൻ.
ഓരോ വർഷവും 60 ലക്ഷം കുട്ടികൾ ജനിക്കുന്നു എന്നാണ് കണക്ക്. രാജ്യത്ത് പണപ്പെരുപ്പവും ജനസംഖ്യയും ഒരുപോലെ വർധിക്കുന്നത് പാക്കിസ്ഥാന് സർക്കാരിനും വലിയ തിരിച്ചടിയാകുന്നുണ്ട്.
ഈ സാഹചര്യത്തിൽ കോണ്ടത്തിന് നിലവിലുള്ള 18% നികുതി അസഹനീയമാണെന്നും കുറയ്ക്കാൻ അനുവദിക്കണമെന്നും പാക്കിസ്ഥാൻ ഐഎംഎഫിനോട് ആവശ്യപ്പെട്ടിരുന്നു.
പാക്കിസ്ഥാന്റെ ഫെഡറൽ ബോർഡ് ഓഫ് റവന്യൂ (എഫ്ബിആർ) ആണ് അപേക്ഷ സമർപ്പിച്ചത്. പറ്റില്ലെന്ന് ഐഎംഎഫ് കൈയോടെ പറഞ്ഞത് പാക്കിസ്ഥാന് ഒരേസമയം തിരിച്ചടിയും ആഗോളതലത്തിൽ നാണക്കേടുമായിരുന്നു.
സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാൻ സർക്കാർ, ഐഎംഎഫിന്റെ രക്ഷാപ്പാക്കേജിന്റെ ബലത്തിലാണ് പിടിച്ചുനിൽക്കുന്നത്.
അതുകൊണ്ടുതന്നെ നികുതി പരിഷ്കാരം ഉൾപ്പെടെയുള്ള സാമ്പത്തിക തീരുമാനങ്ങൾക്കെല്ലാം ഐഎംഎഫിന്റെ പച്ചക്കൊടി വേണം. കോണ്ടത്തിന്റെ നികുതി കുറയ്ക്കുന്നതിനു പോലും ഐഎംഎഫിന്റെ അനുവാദം ചോദിക്കേണ്ടി വന്നതും അതിനാലാണ്.
രാഷ്ട്രീയ പ്രക്ഷോഭം നിലനിൽക്കുന്ന ബംഗ്ലദേശിലും കോണ്ടം പ്രതിസന്ധി കടക്കുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.
രാജ്യത്തെ ഗർഭ നിരോധന ഉറകളുടെ സ്റ്റോക്ക് 39 ദിവസങ്ങൾക്കുള്ളിൽ തീരും. ബംഗ്ലദേശിലെ ജനന നിരക്ക് അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നതിനിടെയാണ് കോണ്ടത്തിന്റെ ക്ഷാമം.
അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ ജനസംഖ്യ പരിധിവിട്ട് ഉയരുമെന്ന് വിദഗ്ധർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ത്യ, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ബംഗ്ലദേശ് പ്രധാനമായും ഗർഭ നിരോധന ഉറകൾ ഇറക്കുമതി ചെയ്യുന്നത്.
സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരുടെ കുറവും മൂലം രാജ്യത്തെ കുടുംബാസൂത്രണ പദ്ധതികളിൽ ബംഗ്ലദേശ് സർക്കാർ കടുംവെട്ട് നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കോണ്ടം പ്രതിസന്ധി.
അടുത്ത വർഷത്തിന്റെ തുടക്കത്തോടെ രാജ്യത്ത് കോണ്ടം വിതരണം ചെയ്യാൻ കുടുംബാസൂത്രണ വിഭാഗത്തിന് കഴിയില്ലെന്നും ബംഗ്ലദേശ് മാധ്യമമായ ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്തിരുന്നു. 15നും 49നും ഇടയിലുള്ള വിവാഹിതരായ സ്ത്രീകളുടെ ഇടയിൽ ഗർഭ നിരോധന മാർഗങ്ങളുടെ ഉപയോഗം കുറഞ്ഞതായും റിപ്പോർട്ട് തുടരുന്നു.
ആധുനിക ഗർഭ നിരോധന മാർഗങ്ങളുടെ ലഭ്യതയും കുറഞ്ഞു. 2023ൽ ഒരു വർഷത്തോളം കോണ്ടം വാങ്ങാൻ സർക്കാർ തയ്യാറായിരുന്നില്ല.
ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

