തിരുവനന്തപുരം∙ കോർപറേഷൻ ആവശ്യപ്പെട്ടാൽ, സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ചു വാങ്ങിയ 113 ബസുകളും 24 മണിക്കൂറിനകം തിരികെ നൽകാമെന്നും പിന്നെ കെഎസ്ആർടിസി ഡിപ്പോകളിൽ ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ. നൂറല്ല, 1000 ബസുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം കോർപറേഷനുണ്ടെന്നും ബസുകൾ തിരിച്ചെടുക്കാൻ ഉദ്ദേശ്യമില്ലെന്നും മേയർ വി.വി.രാജേഷ്.
ഇ ബസ് സർവീസുമായി ബന്ധപ്പെട്ട് കോർപറേഷനും കെഎസ്ആർടിസിയും സ്മാർട് സിറ്റിയും തമ്മിലുള്ള കരാർ ലംഘിച്ചത് അടുത്ത കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നും മേയർ തിരിച്ചടിച്ചു.
മന്ത്രിയും മേയറും നേർക്കുനേർ രംഗത്തെത്തിയതോടെ വിവാദം പുതിയ തലത്തിലെത്തി. സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ചാണു സ്മാർട് റോഡുകൾ നിർമിച്ചതെന്നും അതിന്റെ അവകാശവും കോർപറേഷൻ ആവശ്യപ്പെടുമോ എന്ന ചോദ്യവുമായി മുൻ മന്ത്രി ആന്റണി രാജുവും വിവാദത്തിൽ കക്ഷിയായി.
തിരക്കുള്ള സമയത്ത് നഗരപരിധിയിലും അല്ലാത്തപ്പോൾ നഗരത്തിനു സമീപ പ്രദേശങ്ങളിലും സർവീസ് നടത്തണമെന്നും റൂട്ട് നിശ്ചയിക്കുന്നതിൽ കോർപറേഷന് അവകാശമുണ്ടെന്നും വരുമാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് കോർപറേഷനും കെഎസ്ആർടിസിയും സ്മാർട് സിറ്റി ലിമിറ്റഡും തമ്മിൽ ചർച്ച നടത്തണമെന്നും 2023 ഫെബ്രുവരി 27ന് ഒപ്പിട്ട
കരാറിൽ വ്യവസ്ഥയുണ്ടെന്ന് മേയർ വി.വി.രാജേഷ് അവകാശപ്പെട്ടു.
എന്നാൽ, സർവീസ് ക്രമീകരണത്തിന് അഡ്വൈസറി കമ്മിറ്റി രൂപീകരിക്കണമെന്നും കമ്മിറ്റിയിൽ മേയർ അധ്യക്ഷനാകണം എന്നുമാണ് കരാറിലുള്ളതെന്നും മന്ത്രി ഗണേഷ് കുമാർ പ്രതികരിച്ചു. തലസ്ഥാനത്തിനു പുറത്ത് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്മാർട് സിറ്റി പദ്ധതിക്ക് 500 കോടി വീതം കേന്ദ്രവും സംസ്ഥാനവും വിഹിതം നൽകിയപ്പോൾ 135.7 കോടി മാത്രമാണ് കോർപറേഷൻ നൽകിയതെന്നും അപ്പോൾ കോർപറേഷനു മാത്രം ലാഭ വിഹിതം കൈമാറണമെന്ന് പറയുന്നതിലെ സാംഗത്യം മനസ്സിലാകുന്നില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
ചീഫ് സെക്രട്ടറി, തദ്ദേശ സെക്രട്ടറി ഉൾപ്പെടുന്ന സ്മാർട് സിറ്റി ബോർഡിലെ ഒരു അംഗം മാത്രമാണ് മേയർ എന്നും ടിക്കറ്റ് വരുമാനം പങ്കുവയ്ക്കണമെന്ന് കരാറിൽ ഇല്ലെന്നും മുൻ മന്ത്രി ആന്റണി രാജു പറഞ്ഞു.
അഞ്ചാം വർഷം ഇലക്ട്രിക് ബസുകളുടെ ബാറ്ററി മാറാൻ 28 ലക്ഷം രൂപ വേണം. ഈ പണത്തിന് മിനി ബസ് കിട്ടും.
ഇ ബസിന് കിലോമീറ്ററിന് 42 രൂപയാണ് വരുമാനം. ആ സ്ഥാനത്ത് ഡീസൽ ബസിന് 52 രൂപ വരെ ലഭിക്കും.
മറ്റു ബസുകളുടെ ടയർ പരമാവധി 60,000 കിലോമീറ്റർ വരെ ഓടിക്കാം ഇ ബസിന് 30,000 കിലോമീറ്ററിന് അപ്പുറം കടക്കാനാകില്ല. അറ്റകുറ്റപ്പണി, ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ ശമ്പളം, ടിക്കറ്റ് മെഷീൻ എന്നീ ചെലവുകളെല്ലാം കെഎസ്ആർടിസി ആണു വഹിക്കുന്നത്.
നെടുമങ്ങാട്, പോത്തൻകോട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവരെ കെഎസ്ആർടിസിയിൽ കയറ്റാൻ കഴിയില്ലെന്നു പറയാൻ സർക്കാരിനാകില്ല.
113 ബസുകൾ കോർപറേഷൻ ഏറ്റെടുത്താൽ പകരം 150 എണ്ണം പുതുതായി വാങ്ങും. കഴക്കൂട്ടം വരെയാണ് കോർപറേഷൻ അതിർത്തി.
അവിടെ വാഹന പാർക്കിങ് ഇല്ലാത്തതിനാൽ പോത്തൻകോട് വരെ പോകുന്നതിൽ എന്താണു തെറ്റ്.
മന്ത്രി കെ.ബി.ഗണേഷ് കുമാർ
ഇലക്ട്രിക് ബസുകൾ ഏറ്റെടുക്കാൻ പദ്ധതിയില്ല. എന്നാൽ, നല്ലകാലം മുഴുവൻ ഓടിയിട്ട് ബാറ്ററി മാറാൻ സമയമാകുമ്പോൾ ഇനി നിങ്ങൾ എടുത്തോളൂ എന്നു പറഞ്ഞാൽ ഏറ്റെടുക്കില്ല.
ഇട റോഡുകളിൽ യാത്രാ സൗകര്യമില്ലെന്നു തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ജനം പരാതി പറഞ്ഞതുകൊണ്ടാണ് വിഷയത്തിൽ ഇടപെട്ടത്.
ഇ ബസുകൾ ഏറ്റെടുത്താൽ പകരം വാങ്ങുമെന്ന് മന്ത്രി അവകാശപ്പെടുന്ന 150 ബസുകൾ നഗരത്തിനു പുറത്തേക്ക് ഓടിച്ചാൽ പോരേ. ഇ ബസ് സർവീസ് നഷ്ടമല്ല, മൊത്തം വരുമാനം കണക്കാക്കിയാണ് കെഎസ്ആർടിസി നഷ്ടക്കണക്ക് പറയുന്നത്.
മേയർ വി.വി.രാജേഷ്
കേന്ദ്ര, സംസ്ഥാന വിഹിതവും കോർപറേഷൻ വിഹിതവും ചേർത്താണ് സ്മാർട് സിറ്റി പദ്ധതി നടപ്പാക്കിയത്. വരുമാനത്തിന്റെ പങ്ക് വേണമെന്ന കോർപറേഷന്റെ ആവശ്യം അംഗീകരിച്ചാൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ തുക നൽകേണ്ടി വരില്ലേ? കോർപറേഷൻ ഉഴപ്പിയപ്പോൾ റൂട്ട് തിരഞ്ഞെടുക്കുന്നതിനുള്ള പഠനം നടത്തിയത് കെഎസ്ആർടിസിയാണ്.
മുൻ മന്ത്രി ആന്റണി രാജു
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

