കൊല്ലം ∙ ശുഭപ്രതീക്ഷകളുടെ പ്രതീകമായി പുതുവർഷം പിറക്കുകയാണ്, ഇനി പുതിയ കൊല്ലം. ശുഭപ്രതീക്ഷകളിലേക്കു വാതിൽ തുറക്കുമ്പോൾ നന്മയും സ്നേഹവും ഐശ്വര്യവും നിറയുന്നൊരു പുതുവർഷം നമുക്കു പരസ്പരം ആശംസിക്കാം.
ഈ വർഷം ജില്ലയ്ക്കായി കാത്തിരിക്കുന്നതെന്തെല്ലാം.. ജില്ലയുടെ പ്രതീക്ഷകൾ എന്തൊക്കെ, വരാനിരിക്കുന്ന വലിയ പരിപാടികൾ എന്തെല്ലാം…
സിന്തറ്റിക് ട്രാക്കിൽ ഓടിത്തുടങ്ങും
നിർമാണം പൂർത്തിയായിട്ടും അടഞ്ഞു കിടക്കുന്ന ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ഈ വർഷം മുതൽ കായികതാരങ്ങൾ ഓടിത്തുടങ്ങും.
വർഷങ്ങളായി അടഞ്ഞുകിടക്കുന്ന സ്റ്റേഡിയം ഉടൻ തുറന്നു നൽകുമെന്ന് മേയർ എ.കെ.ഹഫീസ് വ്യക്തമാക്കിയിരുന്നു.
ജൈവവൈവിധ്യ സർക്യൂട്ട്
ഈ വർഷം പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ജൈവവൈവിധ്യ സർക്യൂട്ട് ജനുവരിയിൽ ഉദ്ഘാടനം ചെയ്യാൻ സാധ്യതയില്ലെങ്കിലും ഈ വർഷം തന്നെ നാടിന് സമർപ്പിച്ചേക്കും. ജൈവവൈവിധ്യ പാർക്ക്, മെറീന, തടാക കേന്ദ്രങ്ങൾ, ജൈവവൈവിധ്യ പാത എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
പുനർജനി കുമാരനാശാൻ സ്മാരക പാർക്ക്, ഓപ്പൺ എയർ ഓഡിറ്റോറിയം, ആശ്രാമം ചിൽഡ്രൻസ് പാർക്ക്, അഡ്വഞ്ചർ പാർക്ക്, ഗെസ്റ്റ് ഹൗസ് എന്നിവ ഉൾപ്പെടുത്തിയാണ് പദ്ധതി വരുന്നത്.
കോടതി സമുച്ചയം
നിർമാണം പുരോഗമിക്കുന്ന കോടതി കെട്ടിട സമുച്ചയം ഈ വർഷം ഉദ്ഘാടനം ചെയ്തേക്കും.
100 കോടിയിലധികം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2026 മാർച്ചിനകം പൂർത്തീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. 4 നിലകളിലായി ഉയരുന്ന കെട്ടിടത്തിൽ 17 കോടതി ഓഫിസുകളും 25 അനുബന്ധ ഓഫിസുകളുമുണ്ടാകും.
പെരുമൺ പാലം കൂട്ടിമുട്ടും
മധ്യഭാഗത്തെ സ്പാനിന്റെ രൂപകൽപനയെ ചൊല്ലി അനിശ്ചിതത്വത്തിലായ പെരുമൺ– പേരുംതുഴുത്ത് പാലം ഈ വർഷം ഡിസംബറിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മധ്യഭാഗത്തെ സ്പാനിന്റെ ഡിസൈൻ പുതുക്കിയാണ് നിർമാണം പുനരാരംഭിച്ചത്. നിലവിൽ പാലത്തിൽ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
വരുന്നു, നിയമസഭാ തിരഞ്ഞെടുപ്പ്
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് നാട് ഒരുങ്ങുകയാണ്.
ഈ വർഷം ഏപ്രിൽ–മേയ് മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും. നിലവിൽ ജില്ലയിലെ 11 മണ്ഡലങ്ങളിൽ 9 സീറ്റുകൾ എൽഡിഎഫിനും 2 സീറ്റുകൾ യുഡിഎഫിനുമാണുള്ളത്.
ഞാങ്കടവ് കുടിവെള്ള പദ്ധതി
പതിറ്റാണ്ടുകളായി നിർമാണം ‘പുരോഗമിക്കുന്ന’ ഞാങ്കടവ് പദ്ധതിക്ക് ഈ വർഷം മോചനമുണ്ടാകും.
2026 മേയിൽ പദ്ധതി കമ്മിഷൻ ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.5 ലക്ഷത്തോളം ആളുകൾക്ക് പ്രയോജനകരമാകുന്ന നിലയിൽ 2010 ൽ ആണ് നഗരമേഖലയിലെ ഞാങ്കടവ് കുടിവെള്ളപദ്ധതി ആരംഭിക്കുന്നത്. കല്ലടയാറ്റിലെ ഞാങ്കടവിൽ തടയണ കെട്ടി വെള്ളം പമ്പ് ചെയ്തു ശുദ്ധീകരിച്ചു കൊല്ലം കോർപറേഷനിലും കൊറ്റങ്കര പഞ്ചായത്തിലും വിതരണം ചെയ്യുന്നതാണു പദ്ധതി.
ദേശീയപാത ഈ വർഷം
വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഓച്ചിറ മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെയുള്ള ജില്ലയിലെ ദേശീയപാത ഈ വർഷം പൂർത്തിയായേക്കും.
2026 ജൂണിൽ പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അപ്പോഴേക്കും നിർമാണം പൂർത്തിയായേക്കില്ല. എങ്കിലും ഈ വർഷം ഡിസംബറിന് മുൻപു തന്നെ നിർമാണം പൂർത്തിയാക്കി ജനങ്ങൾക്കു തുറന്നു നൽകിയേക്കും.
കനത്ത മഴ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് 2026 മാർച്ച് 31 ന് അകം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ജൂണിലേക്ക് നീണ്ടത്. മൈലക്കാട് അപകടമുണ്ടായതോടെ കൂടുതൽ പരിശോധനകളും പുതുക്കിപ്പണിയലുകളും വന്നതോടെയാണ് വീണ്ടും നീളുന്നത്.
കൊല്ലം റെയിൽവേ സ്റ്റേഷൻ
നവീകരിച്ച കൊല്ലം റെയിൽവേ സ്റ്റേഷൻ ഈ വർഷം നാടിനു സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യം 2026 ജനുവരി 26 റിപ്പബ്ലിക് ദിനത്തിന് മുൻപ് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് ജൂണിലേക്കു നീട്ടുകയായിരുന്നു. ഡിസംബർ വരെ കരാർ കാലാവധി ഉള്ളതിനാൽ ഈ വർഷം അവസാനിക്കുന്നതിന് മുൻപു തന്നെ റെയിൽവേ സ്റ്റേഷൻ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ചു ഉദ്ഘാടനം ചെയ്തേക്കും.
മൾട്ടി ലവൽ പാർക്കിങ് ടവർ ഒരു മാസത്തിനുള്ളിൽ തന്നെ കൈമാറിയേക്കും. 3 ഭാഗങ്ങളായി നടക്കുന്ന ഒന്നാം പ്രവേശനകവാടത്തിലെ പ്രവൃത്തികളുടെ ആദ്യഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടം നടന്നുകൊണ്ടിരിക്കുകയാണ്.
നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷമാണ് പ്രധാന കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്.
മുന്നോട്ടു തന്നെ ഈ പദ്ധതികൾ
കൊല്ലം –തേനി ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും ഈ വർഷം തുടക്കമായേക്കും. ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിട
സമുച്ചയത്തിന്റെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഉദ്ഘാടനം ചെയ്ത നഗരത്തിലെ ഐടി പാർക്കിന്റെ പ്രവർത്തനങ്ങളിൽ ഈ വർഷം പുരോഗതിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം കൊട്ടാരക്കരയിലെ ഐടി പാർക്കും ഈ വർഷത്തെ പ്രതീക്ഷകളിലൊന്നാണ്. കന്റോൺമെന്റ് മൈതാനത്ത് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച കല്ലുമാല സ്ക്വയറിന്റെ പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിച്ചേക്കും.
കുരീപ്പുഴയിലെ സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഭാഗികമായി ഈ വർഷം പ്രവർത്തനം തുടങ്ങിയേക്കും.
സമീപത്തെ 4 ഡിവിഷനിൽ നിന്നുള്ള ശുചിമുറി മാലിന്യം സംസ്കരിച്ചു കൊണ്ടു പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യം. എസ്എൻ ഓപ്പൺ സർവകലാശാല അസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവൃത്തികൾ ഈ വർഷം ആരംഭിച്ചേക്കും.
മുണ്ടയ്ക്കലിലെ 8.06 ഏക്കർ വസ്തു സർവകലാശാല ഇതിനായി 26.02 കോടി രൂപ ചെലവഴിച്ചു ഏറ്റെടുത്തിരുന്നു. എഴുകോണിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഈ വർഷം ഡിസംബറോടെ ഗ്രൗണ്ടിന്റെ നിരപ്പാക്കൽ പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതുവർഷത്തിൽ നഗരത്തിലെ പ്രധാന ചർച്ചാവിഷയം നഗരമധ്യത്തിലെ മേൽപാലം പൊളിക്കുമോ എന്നതാണ്. നഗരത്തിലെ കച്ചവടത്തെയും തിരക്കിനെയും ഭംഗിയേയും ഏറെ ബാധിച്ചുവെന്ന് വിലയിരുത്തുന്ന ഈ മേൽപാലം പൊളിക്കുന്ന കാര്യത്തിലും ഈ വർഷം തീരുമാനമുണ്ടായേക്കാം.
ഈ പദ്ധതികൾഎന്താവും?
വലിയ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും പിന്നീട് വലിയ പുരോഗതികളില്ലാതെ പോയ പദ്ധതികളും ജില്ലയിലുണ്ട്.
കൊല്ലം കെഎസ്ആർടിസി ബസ് ഡിപ്പോ നവീകരണമാണ് അതിലൊന്ന്. തകർച്ചയുടെ വക്കിൽ നിൽക്കുന്ന ഡിപ്പോയുടെ നവീകരണത്തിന്റെ കാര്യത്തിൽ ഇപ്പോഴും അവ്യക്ത നിലനിൽക്കുകയാണ്.
എവിടേക്കിറങ്ങണമെന്ന് അറിയാതെയുള്ള ലിങ്ക് റോഡിന്റെ ഈ നിൽപ് ഈ വർഷവും തുടരാനാണ് സാധ്യത. നഗരത്തിലെ പ്രധാനപ്പെട്ട
3 റോഡുകൾ വീതി വർധിപ്പിച്ചു, നവീകരിക്കുന്ന സിറ്റി റോഡ് പദ്ധതിയിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
മേവറം– കാവനാട് റോഡ് (പഴയ ദേശീയപാത, കൊല്ലം റെയിൽവേ സ്റ്റേഷൻ – ഡീസന്റ് ജംക്ഷൻ റോഡ്, തിരുമുല്ലവാരം– കല്ലുപാലം– കച്ചേരി ജംക്ഷൻ റോഡ് എന്നീ റോഡുകളുടെ നവീകരണം ഉൾപ്പെടുന്ന പദ്ധതിയിലെ ഭൂമി ഏറ്റെടുക്കാനുള്ള തുക ലഭിക്കുന്നതിലുള്ള കാലതാമസമാണ് വില്ലനാകുന്നത്. കൊല്ലം ബീച്ചിന്റെ നവീകരണ പ്രവൃത്തികളും സുരക്ഷാ മുൻകരുതലുകളും ഏറെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും വലിയ പുരോഗതിയുണ്ടായിട്ടില്ല.
ചടയമംഗലം സ്പോർട് കോംപ്ലക്സ് പദ്ധതി ഇപ്പോഴും ഫയലിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

