കൊച്ചി∙ കാൻസർ റിസർച്ച് സെൻ്ററിൽ 159 തസ്തികകൾ പുതുതായി സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളും ഉൾപ്പെടെയാണിത്.
കാൻസർ സെൻ്റർ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ തസ്തികകൾ സൃഷ്ടിച്ചത്.
ആശുപത്രി വിപുലീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കാവശ്യമായ ജീവനക്കാരുടെ എണ്ണം കണക്കാക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുടെ കൂടി അടിസ്ഥാനത്തിലാണ് തസ്തിക സൃഷ്ടിച്ചതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
കാൻസർ സെൻ്ററിൻ്റെ ഉദ്ഘാടനം ജനുവരിയിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു.
100 ബെഡുകളുമായാണ് കാൻസർ സെന്ററിന്റെ ഒന്നാം ഘട്ട പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നത്.
ഇതിനാവശ്യമായ മുഴുവൻ തസ്തികകളും സൃഷ്ടിക്കപ്പെട്ടതായി മന്ത്രി പി.രാജീവ് പറഞ്ഞു. അക്കാദമിക്, നോൺ – അക്കാദമിക് തസ്തികകളും ഇതിൽ ഉൾപ്പെടുന്നു.
8 പ്രൊഫസർ തസ്തികകളും, 28 അസി. പ്രൊഫസർ തസ്തികകളും പുതുതായി സൃഷ്ടിച്ചു.
നഴ്സിങ് സൂപ്രണ്ട് മുതൽ സിസ്റ്റം മാനേജർ വരെ 18 വിഭാഗങ്ങളിലാണ് നോൺ അക്കാദമിക് തസ്തികകളുള്ളത്. 91 സ്ഥിരം തസ്തികകളിലാണ് സ്ഥിരനിയമനം.
ഇതോടൊപ്പം 14 വിഭാഗങ്ങളിലായി 68 താൽക്കാലിക തസ്തികകളും സൃഷ്ടിച്ചു. മറ്റ് കാൻസർ സെൻ്ററുകളായ റീജിയണൽ കാൻസർ സെൻ്റർ, മലബാർ കാൻസർ സെന്റർ എന്നിവയുടെ സ്റ്റാഫ് പാറ്റേൺ മാതൃകയിലാണ് കൊച്ചി കാൻസർ സെന്ററിലും തസ്തിക നിർണ്ണയം നടത്തിയത്.
മുടങ്ങിക്കിടന്നിരുന്ന കാൻസർ സെന്ററിന്റെ നിർമ്മാണം 2021 നവംബറിൽ പുനരാരംഭിച്ച ശേഷം സമയ ബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
പ്രധാന ഉപകരണങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കാനായി 11.34 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന അമിനിറ്റി സെന്ററും നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

