കൊച്ചി ∙ കേരളത്തിലെ സുപ്രധാന റെയിൽവേ ഹബ്ബായ കൊച്ചി ഉൾപ്പെടെ രാജ്യത്തെ 48 പ്രധാന നഗരങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകളുടെ എണ്ണം 5 വർഷത്തിനുള്ളിൽ ഇരട്ടിയാക്കാനുള്ള റെയിൽവേ പ്രഖ്യാപനം എറണാകുളം മേഖലയിലെ റെയിൽ വികസനത്തിനു വേഗംകൂട്ടുമെന്നു പ്രതീക്ഷ. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ വികസന പദ്ധതികളുടെ ഒന്നാം ഘട്ടം അടുത്ത മേയ് മാസത്തോടെ കമ്മിഷൻ ചെയ്യാനാണു ദക്ഷിണ റെയിൽവേയുടെ ശ്രമം.
എറണാകുളം ജംക്ഷൻ സ്റ്റേഷൻ നവീകരണ പദ്ധതിയുടെ റീടെൻഡർ നടപടികൾ പൂർത്തിയായി; നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
തൃപ്പൂണിത്തുറ അമൃത് ഭാരത് സ്റ്റേഷൻ വികസനപ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണ്. 3 സ്റ്റേഷനുകളിലും ഒട്ടേറെ നിർമാണ പ്രവർത്തനങ്ങളാണു പല ഘട്ടങ്ങളിലുള്ളത്.രണ്ടു ഘട്ടങ്ങളിലായി 150.28 കോടി രൂപ ചെലവിലാണു ടൗൺ സ്റ്റേഷന്റെ നവീകരണം ആസൂത്രണം ചെയ്തത്.
ആദ്യഘട്ട നിർമാണപ്രവർത്തനങ്ങളാണു സ്റ്റേഷന്റെ തെക്കു ഭാഗത്തു പുരോഗമിക്കുന്നത്. സ്റ്റാഫ് ക്വാർട്ടേഴ്സ്, പാഴ്സൽ ഓഫിസ്, ഡ്യൂട്ടി എസ്എം റൂം, സബ്സ്റ്റേഷൻ, ഒഎഫ്സി റൂമുകൾ തുടങ്ങിയ നിലവിലുള്ള സൗകര്യങ്ങൾ നിർമാണം സുഗമമാക്കുന്നതിനായി മാറ്റി സ്ഥാപിച്ചു.വെസ്റ്റ് ടെർമിനൽ ബിൽഡിങ്ങിന്റെ ആർസിസി സ്ട്രക്ചറൽ ജോലികൾ പൂർത്തിയാക്കി.
ഫിനിഷിങ് ജോലികൾ പുരോഗമിക്കുന്നു.
ഗ്രൗണ്ട് ഉൾപ്പെടെ 7 നിലകളുള്ള മൾട്ടി- ലെവൽ കാർ പാർക്കിങ്ങിന്റെ ആർസിസി സ്ട്രക്ചറൽ ജോലികൾ പൂർത്തിയായി; അഗ്നിരക്ഷാ, പെയിന്റിങ്, ഫിനിഷിങ് ജോലികളാണു നടക്കുന്നത്. 200 കാറുകൾക്കുള്ള പാർക്കിങ് സൗകര്യം ഇവിടെയുണ്ടാകും.12 മീറ്റർ വീതിയുള്ള കാൽനട
മേൽപാലത്തിന്റെ അടിത്തറ ജോലികൾ പൂർത്തിയായി. കാട്പാടിയിലെ വർക്ഷോപ്പിലാണു പാലം ഫാബ്രിക്കേഷൻ ജോലികൾ പുരോഗമിക്കുന്നത്.
പ്ലാറ്റ്ഫോം രണ്ടിൽ പുതിയ ശുചിമുറി കെട്ടിടത്തിന്റെ നിർമാണം നടക്കുന്നു. നിലവിലുള്ള സ്റ്റേഷൻ ഓഫിസുകളും യാത്രക്കാരുടെ പ്രവർത്തനങ്ങളും പൂർത്തിയാകുന്ന കെട്ടിടത്തിലേക്കു മാറ്റുന്നതോടെ വടക്കുഭാഗത്തുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റും.
കൊച്ചി കേന്ദ്രീകരിച്ച് പുതിയ പദ്ധതികളില്ല
കൊച്ചി ∙ പ്രധാന നഗരങ്ങളിലേക്കു ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്നു റെയിൽവേ പ്രഖ്യാപിച്ചെങ്കിലും കൊച്ചി കേന്ദ്രീകരിച്ച് പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല.
ദക്ഷിണ റെയിൽവേയുടെ കീഴിൽ കൊച്ചിക്കു പുറമേ, കോയമ്പത്തൂരും ചെന്നൈയുമാണു നഗരങ്ങളുടെ പട്ടികയിലുള്ളത്. ആ 2 നഗരങ്ങൾ കേന്ദ്രീകരിച്ചു പല പുതിയ വികസന പദ്ധതികളും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, എറണാകുളത്തിനു പുതിയതായി ഒന്നുമില്ല.
നിലവിൽ പ്രഖ്യാപിച്ച പദ്ധതികളുടെ പൂർത്തീകരണം മാത്രമാണു റെയിൽവേ പറയുന്നത്. എറണാകുളം ടൗൺ, ജംക്ഷൻ റെയിൽവേ സ്റ്റേഷനുകളിലെ സ്ഥലപരിമിതി കണക്കിലെടുത്തു എറണാകുളം മാർഷലിങ് യാഡിൽ പുതിയ പദ്ധതികൾ നടപ്പാക്കണമെന്നു ജനപ്രതിനിധികളും യാത്രക്കാരുടെ സമൂഹവും കാലങ്ങളായി ആവശ്യപ്പെട്ടു വരികയാണ്. തുടർന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ മാർഷലിങ് യാഡ് സന്ദർശിക്കുകയും ചെയ്തിരുന്നു.
എന്നാൽ, തുടർനടപടികളൊന്നും ഉണ്ടായില്ല. എറണാകുളത്തെ അവഗണിച്ചെന്ന വികാരമാണു യാത്രക്കാർ പങ്കുവയ്ക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

