സ്വർണവില ആഭരണപ്രേമികൾക്ക് പ്രതീക്ഷകൾ സമ്മാനിച്ചും നിക്ഷേപകർക്ക് നിരാശ പകർന്നും ഇന്നും നേരിട്ടത് കനത്ത തകർച്ച. കേരളത്തിൽ ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 280 രൂപ ഇടിഞ്ഞ് വില 12,485 രൂപയും പവന് 2,240 രൂപ കൂപ്പുകുത്തി 99,880 രൂപയുമായി.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) വിലയാണിത്.
ഡിസംബർ 23ന് ആണ് സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപയെന്ന മാന്ത്രികസംഖ്യ ഭേദിച്ചത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച വില എക്കാലത്തെയും റെക്കോർഡായ 1,04,440 രൂപയിൽ എത്തിയെങ്കിലും പിന്നീട് നേരിട്ടത് വൻ വീഴ്ച.
ഇന്നലെ 4 തവണയായി 2,320 രൂപയും പവന് കുറഞ്ഞിരുന്നു.
കനത്ത ഇടിവിൽ രാജ്യാന്തര വില
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലത്തകർച്ച. ഇന്നലെ ഔൺസിന് 4,548 ഡോളർ എന്ന സർവകാല ഉയരത്തിലെത്തിയ രാജ്യാന്തര സ്വർണവില, ഇന്ന് രാവിലെ ഒരുവേള 4,325 ഡോളറിലേക്ക് കൂപ്പുകുത്തി.
200 ഡോളറിലധികമാണ് ഇടിഞ്ഞത്.
റെക്കോർഡ് തേരോട്ടം അവസരമായെടുത്ത നിക്ഷേപകർ, ഗോൾഡ് ഇടിഎഫുകളിൽ നടത്തിയ ലാഭമെടുപ്പ് മഹാമഹമാണ് സ്വർണവിലയെ വീഴ്ത്തിയത്. അതേസമയം, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുള്ളതിനാലും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കൂടുതൽ കടുപ്പമാകുന്നതും സ്വർണത്തിന് വീണ്ടും സുരക്ഷിത നിക്ഷേപ പെരുമ നൽകുമെന്നും വില കൂടാനാണ് സാധ്യതയെന്നും നിരീക്ഷകർ പറയുന്നു.
കെജിഎസ്എംഎയുടെ വില
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഇന്ന് സ്വർണവില ഗ്രാമിന് 265 രൂപ കുറച്ച് 12,485 രൂപയാക്കി.
2,120 രൂപ താഴ്ന്നിറങ്ങി 99,880 രൂപയാണ് പവൻ വില. ഇതോടെ, കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് വീണ്ടും ഏകീകൃത വിലയായി.
18 കാരറ്റും വെള്ളിയും
സംസ്ഥാനത്ത് എകെജിഎസ്എംഎയുടെ കണക്കുപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 230 രൂപ ഇടിഞ്ഞ് 10,365 രൂപയായി.
കനംകുറഞ്ഞ (ലൈറ്റ് വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് പ്രധാനമായും 18 കാരറ്റ് സ്വർണം. വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 245 രൂപയായി.
കെജിഎസ്എംഎയുടെ നിർണയപ്രകാരം 18 കാരറ്റ് സ്വർണവില 10,265 രൂപയാണ്. അവർ ഇന്നു കുറച്ചത് 215 രൂപ.
വെള്ളിവില 260 രൂപയിൽ നിന്ന് 245 രൂപയിലേക്കും കുറച്ചു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

