കൊച്ചി∙ അൽഹിന്ദ് എയർ ദക്ഷിണേന്ത്യയ്ക്കു പുറമേ കേരളത്തിനകത്തും വിവിധ വിമാനത്താവളങ്ങളെ ബന്ധിച്ച് വിമാന സർവീസ് നടത്തുമെന്ന് വക്താവ് അറിയിച്ചു. പ്രവർത്തനം തുടങ്ങാൻ വ്യോമയാന മന്ത്രാലയത്തിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റു കൂടി ലഭിക്കണം.
പൈലറ്റുമാരുടെയും കാബിൻ ക്രൂവിന്റെയും മറ്റും റിക്രൂട്മെന്റ് അതിനു ശേഷമേ ഉണ്ടാവുകയുള്ളു.
നിരക്ക് കുറവുള്ള ബജറ്റ് എയർലൈനായിരിക്കും. ആകാശത്ത് മത്സരം രൂക്ഷമാണെങ്കിലും മുഹമ്മദ് ഹാരിസ് ചെയർമാനായ അൽഹിന്ദ് ട്രാവൽ ഏജൻസിക്ക് ഇൻഡിഗോയും എയർ ഇന്ത്യയുമായുള്ള ദീർഘകാല ബന്ധം സഹായകമാവുമെന്നാണു കണക്കുകൂട്ടൽ.
ഇൻഡിഗോയ്ക്ക് വർഷം 1,200 കോടിയുടെ ടിക്കറ്റുകളും എയർ ഇന്ത്യയ്ക്ക് 900 കോടിയുടെ ടിക്കറ്റുകളും അൽഹിന്ദ് നൽകുന്നുണ്ടെന്ന് വക്താവ് പറഞ്ഞു.
വിദേശ വിമാന സർവീസ് ആരംഭിക്കാൻ 20 വിമാനങ്ങൾ കുറഞ്ഞത് വേണം. എയർബസ് എ 320 വിമാനങ്ങൾ പാട്ടത്തിന് എടുക്കുകയോ വാങ്ങുകയോ വേണം.
ആഭ്യന്തര വിമാന സർവീസ് ആരംഭിച്ച ശേഷമുള്ള ലക്ഷ്യം അതായിരിക്കും. തുടക്കത്തിൽ 76 സീറ്റുകൾ മാത്രമുള്ള 3 എടിആർ ടർബോപ്രോപ് വിമാനങ്ങളാണ് ഉപയോഗിക്കുക.
അൽ ഹിന്ദ് ഗ്രൂപ്പിന്റെ ആസ്ഥാനം കോഴിക്കോട് ആണെങ്കിലും വിമാനക്കമ്പനി ആസ്ഥാനം കൊച്ചി ആയിരിക്കും. ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചും ആദ്യം സർവീസ് തുടങ്ങാനാണുദ്ദേശിക്കുന്നത്.
നിലവിൽ 9 ആഭ്യന്തര വിമാനക്കമ്പനികളുള്ള ഇന്ത്യയിൽ പത്താമത്തേത് ആയിരിക്കും അൽഹിന്ദ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

