പാലക്കാട് ∙ പുരാണകഥകൾക്കായി കളിവിളക്കു തെളിയുന്ന കഥകളി അരങ്ങിലേക്ക് പ്രകൃതി സംരക്ഷണം മുഖ്യപ്രമേയമാക്കി വാസുന്ധരം കഥകളി എത്തുന്നു. മനുഷ്യരാശിയിൽ നിന്നു വസുന്ധര അഥവാ ഭൂമീദേവി നേരിടുന്ന വിപത്തും ഭൂമിപുത്രൻ അമ്മയെ രക്ഷിക്കുന്നതുമാണ് വാസുന്ധരം കഥകളിയുടെ ഇതിവൃത്തം. പാലക്കാട് മേഴ്സി കോളജ് ഇംഗ്ലിഷ് വിഭാഗം മേധാവിയായിരുന്ന ഡോ.പാർവതി വാരിയർ രചിച്ച വാസുന്ധരം ആട്ടക്കഥ കല്ലേക്കുളങ്ങര കഥകളി ഗ്രാമം ആചാര്യൻ കലാമണ്ഡലം വെങ്കിട്ടരാമനാണ് അരങ്ങിലെത്തിക്കുന്നത്.
27നു 2.30നു പുതുപ്പരിയാരം ഓയിസ്ക വിദ്യാവികാസ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിലാണു കഥകളി അരങ്ങിലെത്തുക.
സർവംസഹയായ വസുന്ധരയും അവളുടെ തോഴിമാരായ ചന്ദ്രലേഖയും നിമഗ്നയും പ്രകൃതിയുടെ താളാത്മകതയിൽ മതിമറന്ന് ആനന്ദനൃത്തം ചെയ്യുകയാണ്. ഇതിനിടെ അകലെ ഘോരവനങ്ങളുടെ സാന്ദ്രതയിൽ നിന്ന് അതുവരെ കേട്ടിട്ടില്ലാത്ത ഒരു ആരവം ഉയരുന്നു.
നശീകരണത്തിന്റെ ആരവം അവരെ അസ്വസ്ഥരാക്കുന്നു. വസുന്ധരയുടെ പ്രിയപ്പെട്ട
വനങ്ങളും പുഴകളും നഷ്ടമാകുന്നു. സ്വാർഥതയുടെയും അത്യാർത്തിയുടെയും പ്രതീകമായ സർവനാശകൻ–ആധുനിക സംസ്കാരം വളർത്തി വലുതാക്കിയ മഹാശനൻ വസുന്ധരയ്ക്കു നേരെ പാഞ്ഞുവരുന്നു.
അവളെ മോചിപ്പിക്കാൻ പച്ചവേഷധാരിയായ വിമോക്ഷകൻ എത്തുന്നു. മഹാശനനും വിമോക്ഷകനും തമ്മിലുള്ള യുദ്ധത്തിൽ വിമോക്ഷകൻ അത്യാർത്തിയുടെ പ്രതീകമായ മഹാശനനെ വധിച്ച് ഭൂമീദേവിയെ മോചിപ്പിക്കുന്നു.
ഈ രക്ഷകൻ ആര് എന്ന ചോദ്യത്തിന് അമ്മയെ സ്നേഹിക്കുന്ന പുത്രൻ എന്ന ഉത്തരത്തോടെ കഥകളിക്കു തിരശീല വീഴും. പുഴകൾ മെലിയുന്നു, നദികൾ ഇല്ലാതാകുന്നു, പ്ലാസ്റ്റിക് ഭീകരത വെള്ളത്തെപ്പോലും വിഴുങ്ങുന്നു, സഹനശക്തിക്കും അപ്പുറം എത്തിയതോടെ പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളിലൂടെ പ്രകൃതി കണ്ണീർപൊഴിക്കുന്നു. ഇതെല്ലാം ഇതിവൃത്തമാക്കിയുള്ള ബോധവൽക്കരണമാണു വാസുന്ധരം കഥകളിയിലൂടെ ലക്ഷ്യമിടുന്നതെന്നു ഡോ.
പാർവതി വാരിയർ പറഞ്ഞു. വൈഗ ബാബു (വസുന്ധര), ഇഷാനി നിഷാദ് (ചന്ദ്രലേഖ), നിവേദ്യ നാരായണൻ (നിമഗ്ന), മഞ്ജിമ സുരേഷ് (മഹാശനൻ), ശ്യാം മോഹൻ വാരിയർ (വിമോക്ഷകൻ) എന്നിവരാണ് അരങ്ങിലെത്തുക. സദനം ശിവദാസ്, സദനം ജ്യോതിഷ്ബാബു എന്നിവരാണു സംഗീതം നൽകുന്നത്.
സദനം രാമകൃഷ്ണൻ (ചെണ്ട), സദനം രതീഷ് (മദ്ദളം), കലാനിലയം രാജീവ് (ചുട്ടി), സേതു ( അണിയറ). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

