ആലപ്പുഴ ∙ ആലപ്പുഴ, കോട്ടയം ജില്ലകളിലായി 11 സ്ഥലങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴി, താറാവ്, കാട
എന്നിവയ്ക്കാണു രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നെടുമുടി പഞ്ചായത്ത് അഞ്ചാം വാർഡിൽ കോഴികൾക്കും ചെറുതന ഒന്നാം വാർഡ്, കരുവാറ്റ 16ാം വാർഡ്, കാർത്തികപ്പള്ളി നാലാം വാർഡ്, അമ്പലപ്പുഴ തെക്ക് എട്ടാം വാർഡ്, പുന്നപ്ര തെക്ക് അഞ്ചാം വാർഡ്, തകഴി പത്താം വാർഡ്, പുറക്കാട് ആറാം വാർഡ് എന്നിവിടങ്ങളിൽ താറാവുകളിലുമാണു രോഗം കണ്ടെത്തിയത്. കോട്ടയം കുറുപ്പുന്തറയിൽ കാടകൾക്കും കല്ലുപുരയ്ക്കൽ, വേളൂർ എന്നിവിടങ്ങളിൽ കോഴികൾക്കും പക്ഷിപ്പനിയുണ്ട്.
ദേശാടനപ്പക്ഷികളുടെ വരവാണു രോഗവ്യാപനത്തിനു കാരണമെന്നാണു വിലയിരുത്തൽ.
ഭോപാലിലെ പക്ഷിരോഗ നിർണയ ലാബിൽ നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ 26, 27 തീയതികളിൽ കള്ളിങ് നടത്തും.
ഇതിനു 10 കിലോമീറ്റർ ചുറ്റളവിൽ പുതിയ പക്ഷികളെ കൊണ്ടുവരുന്നതിനും പക്ഷികളെ പുറത്തേക്കു കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. 2024 സെപ്റ്റംബറിലാണു സംസ്ഥാനത്ത് അവസാനമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി വ്യാപനം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം: കെ.സി
ആലപ്പുഴ∙ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ചില പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത പക്ഷിപ്പനിയുടെ വ്യാപനം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പക്ഷിപ്പനി മൂലമുണ്ടായ നഷ്ടം വീണ്ടെടുക്കുന്നതിനു കർഷകർക്കു സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മൃഗസംരക്ഷണ മന്ത്രിക്കും കത്തയച്ചു.
പക്ഷിപ്പനിക്കു ദീർഘകാല പ്രതിരോധ നടപടിയെടുക്കണം. ക്രിസ്മസ്, പുതുവത്സര കാലത്ത് ഇത്തരം പകർച്ചവ്യാധികളുടെ വ്യാപനം സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതിനാൽ, നിയന്ത്രണങ്ങൾ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മാത്രമായി ചുരുക്കി മറ്റു സ്ഥലങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തണമെന്നും കത്തിൽ കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.
പക്ഷിപ്പനി പ്രതിരോധ- നിയന്ത്രണത്തിൽ സർക്കാർ പരാജയപ്പെട്ടു: കൊടിക്കുന്നിൽ
ആലപ്പുഴ∙ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളും മുൻകാല അനുഭവങ്ങളും ഉണ്ടായിരുന്നിട്ടും പക്ഷിപ്പനി വീണ്ടും പടരുന്നതു ഫലപ്രദമായ പ്രതിരോധ- നിയന്ത്രണ സംവിധാനം നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിന്റെ തെളിവാണെന്നു കോൺഗ്രസ് പ്രവർത്തകസമിതിയംഗം കൊടിക്കുന്നിൽ സുരേഷ് എംപി.
പക്ഷികളെ കൊന്നൊടുക്കിയ എല്ലാ കർഷകർക്കും ന്യായവും സമയബന്ധിതവും സുതാര്യവുമായ നഷ്ടപരിഹാരം സർക്കാർ ഉറപ്പാക്കണം. നഷ്ടമുണ്ടാകുന്ന കുടുംബങ്ങൾക്ക് ഉടൻ പുനരധിവാസവും ഉപജീവനമാർഗവും നൽകണംമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പക്ഷിപ്പനിക്കെതിരെ ജാഗ്രതാനിർദേശം
തിരുവനന്തപുരം ∙ കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി (എച്ച്5 എൻ1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ ആരും കൈകാര്യം ചെയ്യരുതെന്നു നിർദേശം.
നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക. പക്ഷികളുടെ പച്ച മാംസം, കാഷ്ഠം (വളത്തിനും മറ്റും) കൈകാര്യം ചെയ്യുന്നവർക്ക് റിസ്ക് കൂടുതലായതിനാൽ മാസ്കും കയ്യുറയും ഉപയോഗിക്കണം. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാനതല ദ്രുത പ്രതികരണ സംഘത്തിന്റെ (ആർആർടി) യോഗത്തിൽ മരുന്നുകളും പിപിഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സാമഗ്രികളും ഉറപ്പാക്കാൻ ആവശ്യപ്പെട്ടു.
കേരളത്തിൽ ഇതുവരെ മനുഷ്യരെ പക്ഷിപ്പനി ബാധിച്ചിട്ടില്ല. എങ്കിലും മുൻ കരുതലുകൾ സ്വീകരിക്കണം.
രോഗബാധിത പ്രദേശങ്ങളിൽ ഉള്ളവരിലെ പനിയും മറ്റു രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ടൽ എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും.
പക്ഷികളിൽ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണം. സസ്തനികളിലും പെട്ടെന്നുള്ള മരണം ഉണ്ടായാൽ ബന്ധപ്പെട്ടവരെ വിവരം അറിയിക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

