പുൽപള്ളി ∙ ഒരു തുണ്ടുഭൂമി സ്വന്തമായില്ലാത്ത കൂമനും കുടുംബവും കഴിയുന്നത് ഊരുമൂപ്പന്റെ പേരിലുള്ള സ്ഥലത്ത്. ഊരുമൂപ്പൻ രാഘവന്റെ പേരിലാണ് ഇവിടുത്തെ 1.75 ഏക്കർ ഭൂമിയുള്ളത്.
അദ്ദേഹം തിരിച്ചുനൽകിയ 3 സെന്റിലാണ് കൂമന്റെ വീടുള്ളത്.15 വർഷം മുൻപ് ഭാര്യ ബൊമ്മി മരിച്ചശേഷം മക്കളായ രവി, ഗീത എന്നിവരോടൊപ്പമാണ് കൂമന്റെ ജീവിതം. ഭർത്താവുപേക്ഷിച്ച ഗീതയ്ക്ക് 2 മക്കളുണ്ട്.
സർക്കാരിന്റെ പല പദ്ധതിയിലും ഭൂമിക്ക് അപേക്ഷ നൽകിയെങ്കിലും കൂമൻ ഉൾപ്പെടെ ഊരിലെ ആർക്കും ഭൂമി ലഭിച്ചിട്ടില്ല. ഇവിടെ 37 കുടുംബങ്ങൾ കഴിയുന്നു.
അതിൽ 15 വീടുകൾ വാസയോഗ്യമല്ല. കോൺക്രീറ്റ് വീടുകൾ പൊട്ടിത്തകർന്ന് ചോർന്നൊലിക്കുന്നു.
കന്നുകാലികളെ വളർത്തിയാണ് ചിലർ കഴിയുന്നത്.
തൊഴുത്തോ കോഴിക്കൂടോ ഇവർക്കില്ല. തൊഴുത്തിലെ കന്നുകാലികളും കടുവഭീഷണി നേരിടുന്നു.
കഴിഞ്ഞ വർഷം ഈ സമയത്ത് സമീപ പ്രദേശങ്ങളിൽ കടുവ ഒട്ടേറെ വളർത്തുമൃഗങ്ങളെ പിടിച്ചിരുന്നു. സ്വന്തമായി തുണ്ടുഭൂമി ഇല്ലാത്തതുകൊണ്ടാണ് വിറകിന് കിലോമീറ്ററുകൾ പോകേണ്ടി വരുന്നതെന്ന് ഊരിലെ താമസക്കാർ പറയുന്നു.
വൈദ്യുതീകരിച്ച വീടുകളാണെങ്കിലും പലരുടെയും ഫ്യൂസ് ഊരി. കുടിവെള്ളം, വഴി സൗകര്യങ്ങളും കുറവ്.
കൂമന്റെ കുടുംബത്തിനു സ്ഥലവും വീടും നൽകാമെന്ന് ഇന്നലെ ഊരിലെത്തിയ റവന്യു ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിട്ടുണ്ട്. ഭൂരഹിത, ഭവന രഹിത കുടുംബങ്ങളെ ഉൾപ്പെടുത്തി പ്രത്യേക പാക്കേജ് ഉണ്ടാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
കൂമന്റെ കുടുംബത്തിന് സ്ഥലവും വീടും നൽകും
പുൽപള്ളി ∙ ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച പ്രതിഷേധങ്ങൾ ഇന്നലെ ഉച്ചയ്ക്ക് അവസാനിച്ചതോടെയാണ് കൂമന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ഇന്നലെ വൈകിട്ടു സംസ്കരിച്ചത്.
ശനിയാഴ്ച വൈകിട്ടോടെ വനംവകുപ്പും സർവകക്ഷി പ്രതിനിധികളും സ്വീകരിച്ച ഒത്തുതീർപ്പു വ്യവസ്ഥകളോടു യോജിക്കാതിരുന്ന കുടുംബം ഇന്നലെ ഉച്ചയോടെ തങ്ങളുടെ നിലപാടിൽ അയവു വരുത്തുകയായിരുന്നു.
തങ്ങളെ അറിയിക്കാതെയാണ് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയതെന്നും ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടുംവരെ നിസ്സഹകരണം തുടരുമെന്നും അവർ വ്യക്തമാക്കിയതോടെയാണ് കാര്യങ്ങൾ കൈവിട്ടത്. ശനിയാഴ്ച രാത്രി 9 വരെ തഹസിൽദാരുടെയും ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ പാഴായി.
ഇന്നലെ രാവിലെ എഡിഎം മനോജ്കുമാർ, തഹസിൽദാർ ബി.പ്രശാന്ത്, ഡിവൈഎസ്പിമാരായ കെ.ജെ.ജോൺസൻ, പി.എൽ.ഷൈജു എന്നിവരുടെ നേതൃത്വത്തിൽ ബന്ധുക്കളെ കണ്ടപ്പോഴും അവർ പഴയനിലപാടിൽ ഉറച്ചുനിന്നു.
കലക്ടറെത്തി ഇക്കാര്യങ്ങളിൽ ഉറപ്പു നൽകണമെന്ന ആവശ്യവും ചില ബന്ധുക്കൾ ഉന്നയിച്ചു. ഉദ്യോഗസ്ഥർ നടത്തിയ ചില നീക്കങ്ങൾക്കൊടുവിൽ ഉച്ചയോടെ അവർ വിട്ടുവീഴ്ചയ്ക്കു തയാറാവുകയായിരുന്നു.
ഊരിലെ ശ്മശാനത്തിൽ രാത്രിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കൂമന്റെ വീട്ടുപരിസരത്തും സമീപ അങ്ങാടികളിലും പുൽപള്ളി ടൗണിലും ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മന്ത്രി ഒ.ആർ.കേളു ഇന്ന് കൂമന്റെ വീട് സന്ദർശിക്കും. ഭൂരഹിതനായ കൂമന്റെ കുടുംബത്തിന് സ്ഥലവും വീടും നൽകാൻ നടപടിയെടുക്കുമെന്നും നഷ്ടപരിഹാരത്തിന്റെ ആദ്യഗഡുവായ 6 ലക്ഷം രൂപ ഉടനെയും ബാക്കി പിന്നീടും നൽകുമെന്നും ആശ്രതർക്ക് ജോലി നൽകുമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
കടുവ ആക്രമണം: പ്രതിഷേധമൊതുക്കാൻ വൻ പൊലീസ് പട
പുൽപള്ളി ∙ വിറകെടുക്കാൻപോയ ഗോത്രവയോധികൻ കടുവ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്തുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഇന്നലെ ഏർപ്പെടുത്തിയത്.
4 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് വിന്യാസം. രാവിലെ മുതൽ പ്രദേശം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
പുൽപള്ളി ടൗൺ, ദേവർഗദ്ദ, വണ്ടിക്കടവ്, കൂമന്റെ വീട്ടുപരിസരം എന്നിവിടങ്ങളിലെല്ലാം സുശക്തമായ പൊലീസ് സംഘം നിലയുറപ്പിച്ചു.
തലേന്നു രാത്രി വൈകിയും പരാജയപ്പെട്ട അനുനയശ്രമങ്ങൾ ഇന്നലെ രാവിലെ ആരംഭിച്ചു.
കൂമന്റെ ബന്ധുക്കൾ തീരുമാനത്തിൽ അയവുവരുത്താതായപ്പോൾ പ്രശ്നം പിടിവിട്ടുപോകുമെന്ന ആശങ്കയുമുണ്ടായി. ഇതേതുടർന്ന് വീണ്ടും പൊലീസ് സംഘമെത്തി. എന്നാൽ 2 മണിക്കൂറിനുശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടത്താൻ ബന്ധുക്കൾ സമ്മതമറിയിച്ചതോടെയാണ് ഉദ്യോഗസ്ഥർക്കും ആശ്വാസമായത്.
ഡിവൈഎസ്പിമാരായ കെ.ജെ.ജോൺസൻ, പി.എൽ.ഷൈജു, സുനിൽകുമാർ, കെ.ജി.പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ സംവിധാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

