ഇരിട്ടി ∙ അയ്യൻകുന്ന് പഞ്ചായത്തിൽ പകൽ മുഴുവൻ ഭീതിപരത്തിയ ശേഷം രാത്രിയും ജനവാസമേഖലയിൽ തുടരുന്ന ഒറ്റയാനെ കാട്ടിലേക്കു തുരത്താൻ കഴിഞ്ഞില്ല. വലിയപറമ്പുംകരി കൂമൻ തോടിലെ പുത്തൻപറമ്പിൽ റോയിയുടെ വീടിന്റെ അരിക് ആന ഇടിച്ച് തകർത്തു. വട്ടുകുളം ബിനോയിയുടെ വീട്ടുപറമ്പിലെ ഷെഡ് തകർത്തു.
ഇന്നലെ രാവിലെ 5 മണിയോടെയാണ് ഒറ്റയാനെ അങ്ങാടിക്കടവ് പഞ്ചായത്തംഗം ഓരത്തേൽ ബിന്ദു ഷാജിയുടെ വീട്ടുമറ്റത്ത് ആദ്യം കണ്ടത്. ബിന്ദു സമീപത്തെ വീട്ടുകാരെയും വനം വകുപ്പിനെയും ഫോണിൽ വിവരം അറിയിച്ചെങ്കിലും ആന നിർത്താതെ പല സ്ഥലങ്ങളായി ഓടിനടക്കുകയായിരുന്നു.
വാണിയപ്പാറ, അങ്ങാടിക്കടവ്, കുമൻതോട്, വലിയപറമ്പുംകരി തുടങ്ങിയ പ്രദേശങ്ങളിൽ മാറി മാറി സഞ്ചരിക്കുന്ന ആനയെ തുരത്താൻ വനപാലകരും സംഘവും ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതു വരെ വിജയിച്ചില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിച്ച അംഗങ്ങളും സത്യ പ്രതിജ്ഞ ചെയ്ത ശേഷം വനപാലകർക്കൊപ്പം ചേർന്നു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മൈക്ക് അനൗൺസ്മെന്റും തുടർച്ചയായി നടത്തി. ജില്ലാ പഞ്ചായത്തംഗം ജയ്സൺ കാരക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയിൻസ് മാത്യു, മനോജ് എം.കണ്ടത്തിൽ, പഞ്ചായത്തംഗം ബിന്ദു ഷാജി തുടങ്ങിയവരും ആനയെ തുരത്തുന്നതിന് നേതൃത്വം നൽകി. കരിക്കോട്ടക്കരി, ആറളം, ഇരിട്ടി പൊലീസും വനം വകുപ്പ് കൊട്ടിയൂർ, ഇരിട്ടി, മണത്തണ, തോലമ്പ്ര റേഞ്ചിലെ വനപാലകരും ആർആർടിയും ആനയെ കാട് കയറ്റാൻ രാത്രിയിലും ശ്രമം നടത്തുന്നു.
സത്യപ്രതിജ്ഞാ ദിവസം രാവിലെ വീട്ടുമുറ്റത്ത് കാട്ടാന; പഞ്ചായത്തംഗവും ഭർത്താവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇരിട്ടി∙ കാട്ടാനയുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പഞ്ചായത്തംഗവും കുടുംബവും.
അയ്യൻകുന്ന് പഞ്ചായത്ത് അങ്ങാടിക്കടവ് വാർഡ് അംഗം ബിന്ദു ഷാജിയും കുടുംബവും ഇപ്പോഴും ആ നടുക്കത്തിലാണ്. ഇന്നലെ പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ മുന്നൊരുക്കത്തിനിടെ രാവിലെ 5 മണിയോടെയാണ് കാട്ടാന വീട്ടുമുറ്റത്ത് എത്തിയത്.
ആനയുടെ മുന്നിൽ നിന്ന് രക്ഷപെടുന്നതിനിടെ ബിന്ദുവിന്റെ ഭർത്താവ് ഷാജിക്ക് വീണ് കാലിന് പരുക്കേൽക്കുകയും ചെയ്തു.
രാവിലെ നായയുടെ കുരകേട്ട് ഉണർന്നതായിരുന്നു ഷാജിയും ബിന്ദുവും. ഷാജി അടുക്കള മുറ്റത്തേക്കും ബിന്ദു വീടിനു മുന്നിലേക്കും ഇറങ്ങി.
വാതിൽ തുറന്ന ഷാജി ഇറങ്ങിയത് കാട്ടാനയുടെ മുന്നിലേക്കായിരുന്നു. ഭയന്ന് വീടിനകത്തേക്ക് ഓടിക്കയറാനുള്ള ശ്രമത്തിനിടെ വീണ് കാൽവിരലിനും കാൽമുട്ടിനും പരുക്കേറ്റു.
ബിന്ദുവും ഉടൻ വീടിനകത്തുകയറി രക്ഷപ്പെട്ടു. 10 മണിക്ക് പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്തശേഷം ഷാജിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടിയത്.
കാലിന് പരുക്കേറ്റ ഷാജി വിശ്രമത്തിലാണ്.
നിരോധനാജ്ഞ
കണ്ണൂർ∙ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അപകടം ഉണ്ടാകുവാൻ സാധ്യത ഉള്ളതിനാൽ ബിഎൻഎസ് എസ് സെഷൻ 163 (1) വകുപ്പ് പ്രകാരം ഇന്നു വൈകിട്ട് 6 വരെ അയ്യൻകുന്ന് പഞ്ചായത്തിൽ 6, 7, 9 11 വാർഡുകളിൽ പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ച് കലക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

