തിരുവനന്തപുരം ∙ ‘ഹാപ്പി ക്രിസ്മസ്..’ വീൽചെയറിൽ കൗതുകക്കണ്ണുകളുമായി തന്നെ കാത്തിരുന്ന സാവിയോയ്ക്ക് അരികിലേക്കു നടന്നെത്തി ഗബ്രിയേൽ ആശംസ നേർന്നു. സാവിയോയും തിരികെ ആശംസ കൈമാറി.
അതിനിടെ, അൽപം അകലെ ക്യാമറ മിഴിചിമ്മുന്നതു ഗബ്രിയേൽ കണ്ടുപിടിച്ചു– ‘ക്യാമറയിൽ നോക്കിയിരിക്കുകയാണല്ലേ–’ സാവിയോയുടെ മുഖത്തേക്കു നോക്കി ഗബ്രിയേൽ കളിയാക്കി. അൽപ നേരത്തിനുള്ളിൽ ഇരുവരും കൂട്ടുകാരായി.
സെറിബ്രൽ പാൾസി ബാധിച്ച സാവിയോയ്ക്ക് വീൽചെയറിന്റെ സഹായത്തോടെ മാത്രമേ ചലിക്കാനാകൂ. ഡൗൺ സിൻഡ്രോം ബാധിതനായ ഗബ്രിയേലിന് അക്ഷരങ്ങളും അക്കങ്ങളും അൽപം വെല്ലുവിളിയാണ്.
എങ്കിലും ഇരുവരും അവരുടേതായ ലോകത്തു താരങ്ങളാണ്.
സംസ്ഥാന പാരാ ഗെയിംസിന്റെ ഭാഗമായി ഷോട്പുട് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗബ്രിയേൽ. അതിനിടെയാണ്, കഴിഞ്ഞ മാസം‘മനോരമ’ ഞായറാഴ്ചയിൽ പ്രസിദ്ധീകരിച്ച ഗബ്രിയേലിന്റെ കഥ മുൻപ് ഇതുപോലെ ‘ഞായറാഴ്ച’യിലൂടെ ലോകമറിഞ്ഞ സാവിയോ മനസ്സിലാക്കുന്നത്.
തുടർന്ന് ഫോണിലൂടെ പരിചയപ്പെട്ടു, ഇരുവരും നേരിൽ കാണാൻ തീരുമാനിച്ചു. ഗബ്രിയേലിനെയും അമ്മ രജനിയെയും കാണാൻ സാവിയോയും അമ്മ ബ്ലെസിയും സാവിയോയുടെ സഹോദരിയുടെ മകൾ അന്ന എസ്ലിനുമാണ് എത്തിയത്.
താൻ പൊറോട്ടയാണ് നന്നായി പാചകം ചെയ്യുന്നതെന്ന് വീശുന്നതിന്റെയും അടിക്കുന്നതിന്റെയും ആക്ഷൻ സഹിതം ഗബ്രിയേൽ വിവരിച്ചപ്പോൾ സാവിയോയ്ക്കും കൊതി !
കടുത്ത പൊറോട്ട ആരാധകനാണ് സാവിയോ.
ലാവ കേക്ക് ആണ് തന്റെ ക്രിസ്മസ് സ്പെഷലെന്നു ഗബ്രിയേൽ. വീട്ടിൽ കേക്കിന്റെ ബിസിനസ് തന്നെയുണ്ട് ഗബ്രിയേലിന്.
താൻ ‘ഡോനട്ട്’ ഉണ്ടാക്കുമെന്നു ഗബ്രിയേൽ പറഞ്ഞപ്പോൾ, അതു കഴിച്ചിട്ടേയില്ലെന്നായി സാവിയോയുടെ മറുപടി.
ആരോഗ്യപ്രശ്നം കാരണം പലവട്ടം മുടങ്ങിയ പഠനമാണ് ഇപ്പോൾ മൂന്നാംവർഷ ബിരുദത്തിലെത്തി നിൽക്കുന്നതെന്ന് സാവിയോ. 4 പുസ്തകങ്ങളുമെഴുതി.
‘ഒറ്റച്ചിറകുള്ള പക്ഷി’ എന്ന കവിതാ സമാഹാരം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ഒരു പഠനത്തിന്റെ വിഷയമായെന്നു ബ്ലെസി പറഞ്ഞു. മിണ്ടിയും പറഞ്ഞുമിരുന്നു ഗബ്രിയേലും സാവിയോയും കൂട്ടായി; മക്കൾക്കായി ജീവിതം മാറ്റിവച്ച അമ്മമാർ തമ്മിലുമുണ്ടായി ആത്മബന്ധം.
‘ആദ്യ കൂടിക്കാഴ്ചയാണെങ്കിലും ഇതു തുടക്കം മാത്രമാണ്; ഞങ്ങൾ ഇനിയും കാണും–’ രജനിയുടെ കവിളിൽ ചുംബിച്ച്, ബ്ലെസി പറഞ്ഞു.
സാവിയോ ജോസ് (30)
2017 മാർച്ച് 26 ന് മലയാള മനോരമ ‘ഞായറാഴ്ച’യിലുടെയാണ് സാവിയോയുടെ കഥ ലോകം അറിഞ്ഞത്. കാഞ്ഞിരപ്പള്ളി സ്വദേശി ജോസ് ജോസഫിന്റെയും ഇടുക്കി രാജാക്കാട്ടുകാരി ബ്ലെസിയുടെയും മകൻ.
തിരുവനന്തപുരം ഞാണ്ടൂർക്കോണം ശാന്തിപുരം കരിക്കുഴി ‘അർപ്പിത’ത്തിൽ താമസിക്കുന്നു. പിറന്നുവീണയുടൻ മരിച്ചെന്നു കരുതി ഡോക്ടർമാർ ബക്കറ്റിലേക്കു മാറ്റിയിട്ട
കുഞ്ഞ് അനങ്ങുന്നതു കണ്ട് തിരിച്ചെടുക്കുകയായിരുന്നു. പിന്നീട് ചികിത്സ നൽകി വളർത്തി.
ഇപ്പോൾ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ മൂന്നാം വർഷ ബിഎ സോഷ്യോളജി വിദ്യാർഥി. എഴുത്തുംവരയുമാണു വിനോദങ്ങൾ.
ഗബ്രിയേൽ ഫ്രാൻസിസ് (21)
2025 നവംബർ 9ന് മലയാള മനോരമ ‘ഞായറാഴ്ച’യിലാണ് ഗബ്രിയേലിന്റെ ജീവിതകഥ പ്രസിദ്ധീകരിച്ചത്.
തൃശൂർ തിരുവമ്പാടി ചിറയത്ത് ഹൗസിൽ ഫ്രാൻസിസ് ആന്റണിയുടെയും രജനിയുടെയും ഇളയമകൻ. അക്ഷരം പഠിക്കാൻ പ്രയാസമായതിനാൽ അടുക്കളയായിരുന്നു ഗബ്രിയേലിന്റെ പാഠശാല.
പ്ലസ് ടു വിജയിച്ച ശേഷം മൂന്നാർ കേറ്ററിങ് കോളജിൽ ചേർന്ന് ഹോട്ടൽ മാനേജ്മെന്റ് പഠിക്കുന്നു. പാചകം, നൃത്തം, നീന്തൽ തുടങ്ങിയവയാണ് വിനോദങ്ങൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

