പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജോർദാൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമൻ, തന്റെ കാറിന്റെ മുൻസീറ്റിലിരുത്തി നടത്തിയ യാത്ര ലോകശ്രദ്ധയാകർഷിച്ചിരുന്നു. അമ്മാനിലെ മ്യൂസിയത്തിലേക്കും വിമാനത്താവളത്തിലേക്കും മോദിയെ കൊണ്ടുപോയത് കിരീടാവകാശി തന്നെ.
ഇക്കാര്യം മോദി എക്സിലും കുറിച്ചു. മോദിയുടെ ജോർദാൻ യാത്ര ശ്രദ്ധനേടുമ്പോൾ മറ്റൊരു ജോർദാൻ-ഇന്ത്യ കണക്ഷൻ കൂടിയാണ് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്.
ജോർദാൻ രാജകുടുംബത്തിന് ഇന്ത്യയുമായി ഇഴപിരിയാനാകാത്തൊരു പ്രണയത്തിന്റെ കഥ തന്നെ പറയാനുണ്ട്.
കൊൽക്കത്തയിൽ ജനിച്ച സർവത് എൽ ഹസൻ എന്ന രാജകുമാരിയുടെ കഥ. അറിയപ്പെടുന്ന സുഹ്രാവാർദീ കുടുംബത്തിൽ ‘സർവത് ഇക്രാമുള്ള’ എന്ന നാമത്തിൽ 1947ലാണ് സാർവത്തിന്റെ ജനനം; വിഭജനത്തിന് ഏതാനും ആഴ്ചകൾക്ക് മുൻപ്.
സർവത്തിന്റെ പിതാവ് മൊഹമ്മദ് ഇക്രാമുള്ള ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു.
ഇന്ത്യ-പാക്ക് വിഭജനത്തിന് പിന്നാലെ ഇക്രാമുള്ളയും കുടുംബവും പാക്കിസ്ഥാനിലേക്ക് പോയി. ഇക്രാമുള്ള പാക്കിസ്ഥാന്റെ പ്രഥമ വിദേശകാര്യ സെക്രട്ടറിയായി.
സർവത്തിന്റെ അമ്മ ഷായിഷ്ത സുഹ്രാവാർദീ ഇക്രാമുള്ള പാക്കിസ്ഥാനിലെ ആദ്യ വനിതാ എംപിമാരിൽ ഒരാളായിരുന്നു. പിന്നീട് ഷായിസ്ത മൊറോക്കോയിൽ പാക്കിസ്ഥാൻ അംബാസഡറായും പ്രവർത്തിച്ചു.
ലണ്ടനിൽ മൊട്ടിട്ട
പ്രണയം
മാതാപിതാക്കളുടെ ജോലിയുടെ പശ്ചാത്തലത്തിൽ, ബ്രിട്ടൻ ഉൾപ്പെടെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും ദക്ഷിണേഷ്യൻ രാജ്യങ്ങളിലുമായായിരുന്നു സർവത്തിന്റെ വിദ്യാഭ്യാസം. ലണ്ടനിൽവച്ചാണ് സർവത്, ജോർദാൻ രാജകുമാരൻ ഹസ്സൻ ബിൻ തലാലിനെ പരിചയപ്പെടുന്നത്, ആ പരിചയം പ്രണയത്തിലേക്കു വഴിമാറി.
പിന്നാലെ, 1968 ഓഗസ്റ്റ് 28ന് പാക്കിസ്ഥാനിലെ കറാച്ചിയിൽവച്ച് വിവാഹം. വിവാഹശേഷം ഇരുവരും അമ്മാനിലേക്ക് പോയി.
അവർക്ക് 4 കുട്ടികൾ: രാജകുമാരിമാരായ റഹ്മ, സുമയ, ബാദിയ, രാജകുമാരൻ റാഷിദ്.
1968 മുതൽ 1999 വരെ ജോർദാൻ രാജകുമാരി എന്ന നിലയിൽ സർവത്, രാജ്യത്ത് വിദ്യാഭ്യാസം, സാമൂഹിക വികസനം, സ്ത്രീശാക്തീകരണം എന്നിവയ്ക്ക് ഊന്നൽ നൽകി പ്രവർത്തിച്ചു. സ്ത്രീകൾക്കും പ്രത്യേക പരിഗണനവേണ്ട
കുഞ്ഞുങ്ങൾക്കുമായി ജോർദാനിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അവർ ആരംഭിച്ചു.
കായികരംഗത്തും സർവതിന് വലിയ താൽപ്പര്യമായിരുന്നു. ജോർദാനിൽ തയ്ക്കോണ്ടോയിൽ ആദ്യമായി ബ്ലാക്ക്ബെൽറ്റ് സ്വന്തമാക്കിയ വനിതയെന്ന പട്ടം സർവതിന് സ്വന്തമാണ്.
ജോർദാൻ ബാഡ്മിന്റൻ ഫെഡറേഷന്റെ ഓണററി പ്രസിഡന്റ് ആയിരുന്നു. 1999ൽ ഹുസൈൻ രാജാവ് തന്റെ മകൻ അബ്ദുല്ലയെ ജോർദാന്റെ കിരീടാവകാശിയായി പ്രഖ്യാപിച്ചു.
അതോടെ ഹസ്സൻ രാജകുമാരനും സർവതും കിരീടാവകാശികളല്ലാതായി. എങ്കിലും, സർവത് രാജകുമാരി തുടർന്നും സാമൂഹികക്ഷേമ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ചു.
പൊതു ചടങ്ങുകളിലും നയതന്ത്രതല യോഗങ്ങളിലും സാരിയുടുത്ത് എത്തുന്ന സർവത് ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു.
തന്റെ ഇന്ത്യ കണക്ഷൻ മറച്ചുവയ്ക്കാൻ അവർ ഒരിക്കലും തയാറായിരുന്നില്ല. ഗൾഫ് യുദ്ധകാലത്തുൾപ്പെടെ മാനവക്ഷേമ പ്രവർത്തനങ്ങൾക്ക് വലിയ ശ്രദ്ധ പതിപ്പിച്ച സർവതിനെ തേടി വുമൺ ഓഫ് ഫീസ് അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ എത്തിയിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ മലയാള മനോരമയുടേതല്ല.
ഇത് X/Akshita M. Bhanj Deo, X/Janet Wherrich എന്നിവയിൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

