എടത്വ ∙ എടത്വ ചമ്പക്കുളം റൂട്ടിൽ ബോട്ട് സർവീസ് സ്ഥിരമായി മുടങ്ങുന്നതായി പരാതി. പരീക്ഷ ആരംഭിച്ചതോടെ സ്കൂളിൽ സമയത്ത് എത്താൻ പോലും കഴിയുന്നില്ലെന്നു പരാതി.
നിലവിൽ എടത്വ ചമ്പക്കുളം റൂട്ടിൽ രണ്ടു ബോട്ടുകളാണ് സർവീസ് നടത്തുന്നത്. അതിൽ ഒരെണ്ണം ഒന്നുകിൽ കേടാണ് എന്നു പറഞ്ഞ് ആലപ്പുഴയിലേക്ക് കൊണ്ടു പോകും, അല്ലെങ്കിൽ മറ്റെവിടെയെങ്കിലും ബോട്ട് സർവീസ് നിലച്ചാൽ അങ്ങോട്ടേക്കു കൊണ്ടു പോകും.
സ്കൂൾ സമയത്തുള്ള സർവീസാണ് പലപ്പോഴും മുടങ്ങുന്നത്.
ഏതാനും മാസം മുൻപ് സ്ഥിരമായി സർവീസ് മുടങ്ങിയ സമയത്ത് കുട്ടികളും രക്ഷാകർത്താക്കളും ചേർന്ന് ജെട്ടിയിൽ ബോട്ട് പിടിച്ചു കെട്ടിയിരുന്നു. സംഭവത്തെ തുടർന്ന് മുടങ്ങാതെ സർവീസ് നടത്തുമെന്നു ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞിരുന്നതാണ്.
ഏഴ് ബോട്ടുകൾ വരെ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ ക്രമേണ ഓരോന്നായി നിർത്തുകയാണു ചെയ്തത്. എല്ലായിടത്തേക്കും കര ഗതാഗതം വന്നു എന്ന കാരണം പറഞ്ഞായിരുന്നു ബോട്ടുകൾ പിൻവലിച്ചത്.
എന്നാൽ ബോട്ടുകളെ മാത്രം ആശ്രയിച്ചു യാത്ര ചെയ്യുന്ന നൂറുകണക്കിനു യാത്രക്കാർ ഇപ്പോഴും ഉണ്ട്.
എല്ലാ സർവീസുകളും നടത്തിയില്ലെങ്കിലും ഉള്ള രണ്ടു ബോട്ടുകൾ എങ്കിലും നടത്താൻ തയാറാകണമെന്നു ചങ്ങങ്കരി ദേവസ്വം ബോർഡ് യുപി സ്കൂൾ പിടിഎ പ്രസിഡന്റ് ബി. അശോകൻ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

