തിരുവനന്തപുരം∙വിഴിഞ്ഞം തുറമുഖത്തേക്കുള്ള ഭൂഗർഭ റെയിൽ പാതയുടെ കരാർ രേഖകൾ പരിശോധിച്ചു മടക്കി നൽകാൻ സംസ്ഥാന സർക്കാർ വൈകുന്നതു മൂലം പദ്ധതി ഇഴയുന്നു. സർക്കാരിന്റെ മെല്ലെപ്പോക്കു മൂലം കരാർ ക്ഷണിക്കാൻ കഴിയാതെ കൊങ്കൺ റെയിൽവേ വെട്ടിലായി.
കരാർ രേഖകളിലെ ആർബിട്രേഷൻ വ്യവസ്ഥകൾ സംബന്ധിച്ചുണ്ടായിരുന്ന തർക്കം മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് പരിഹരിച്ചെങ്കിലും കരാർ നടപടികളുമായി മുന്നോട്ടു പോകാനുള്ള ക്ലിയറൻസ് ഇതുവരെ സർക്കാർ നൽകിയിട്ടില്ല.
ഡിസംബറിൽ കരാർ ക്ഷണിച്ചു നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു കരാർ നടപടികൾ പൂർത്തിയാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു കൊങ്കൺ. വൈകുന്തോറും പദ്ധതി ചെലവു കൂടുന്നതോടൊപ്പം മുൻനിശ്ചയിച്ച പോലെ 2028ൽ പാത കമ്മിഷൻ ചെയ്യാനും കഴിയില്ല. ഓഗസ്റ്റിലാണ് കരാർ രേഖകൾ കൊങ്കൺ റെയിൽവേ, വിഴിഞ്ഞം തുറമുഖ കമ്പനിക്കു (വിസിൽ) നൽകിയത്.
പദ്ധതിക്കായി ഭൂമിയേറ്റെടുത്തു കൈമാറാൻ റവന്യു വകുപ്പിനും ഇതുവരെ കഴിഞ്ഞിട്ടില്ല.1482 കോടി രൂപ ചെലവിൽ 10.7 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നിർമാണത്തിന് മാർച്ചിലാണു സർക്കാർ ഭരണാനുമതി നൽകിയത്.
4.6 ഹെക്ടർ ഭൂമിയാണു ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ വില്ലേജുകളിലായി ഏറ്റെടുക്കേണ്ടത്. 193 കോടി രൂപ ഭൂമിയേറ്റെടുക്കാൻ റവന്യു വകുപ്പിനു കൈമാറിയെങ്കിലും ഉടമകളുടെ കയ്യിൽ നിന്നു രേഖകൾ വാങ്ങാനോ നഷ്ടപരിഹാരം വിതരണം ചെയ്യാനോ തുടങ്ങിയിട്ടില്ല. എന്നാൽ മാർച്ചിൽ മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ പറഞ്ഞത് ഭൂമിയേറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലാണെന്നാണ്. പ്രസംഗം മാത്രമാണു നടക്കുന്നതെന്നു വിഴിഞ്ഞം റെയിൽവേ കണക്ടിവിറ്റി ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

