മൂവാറ്റുപുഴ∙ പൊതുശ്മശാനം വീണ്ടും അറ്റകുറ്റപ്പണികൾക്കായി അടച്ചു. ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിട്ടും തുടർച്ചയായി പൊതുശ്മശാനം അടച്ചിടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
കഴിഞ്ഞ 1 വർഷത്തിനിടെ 12 തവണയാണ് പൊതുശ്മശാനത്തിന്റെ പ്രവർത്തനം നിലച്ചത്. നഗരസഭയുടെ തനതു ഫണ്ടിൽ നിന്നും 5 മാസം മുൻപ് 3,95,000 രൂപ ചെലവഴിച്ചാണ് പൊതുശ്മശാനം അറ്റകുറ്റപ്പണികൾ നടത്തിയത്.
മാസങ്ങളോളം പൂട്ടിയിട്ട ശേഷമാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തുറന്നു നൽകിയത്.
എന്നാൽ മൃതദേഹം സംസ്കരിക്കാൻ മണിക്കൂറുകൾ എടുത്തതും സംസ്കാരം നടക്കുന്നതിനിടെ പലവട്ടം പാതിവഴിയിൽ നിലച്ചതും മൂലം വീണ്ടും അറ്റകുറ്റപ്പണികൾ വേണ്ടി വന്നു.
ഇതിനു ശേഷവും പലവട്ടം പൊതുശ്മശാനത്തിന്റെ പ്രവർത്തനം നിലച്ചു. 1 ദിവസം 2 മൃതദേഹങ്ങൾ മാത്രം സംസ്കരിക്കുന്ന നിലയിലേക്കു ചുരുങ്ങിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും പൊതുശ്മശാനത്തിന്റെ പ്രവർത്തനം നിലച്ചു. ഇതോടെയാണ് അറ്റകുറ്റപ്പണികൾക്കായി അനിശ്ചിതമായി അടച്ചിടുന്നത്.
പൊതുശ്മശാനം അടച്ചിട്ടാൽ മൂവാറ്റുപുഴയിലും സമീപ പഞ്ചായത്തുകളിലും മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ നെട്ടോട്ടം ഓടേണ്ട
ഗതികേടിലാണ്. പെരുമ്പാവൂർ, തൊടുപുഴ എന്നിവിടങ്ങളിലേക്കാണ് സംസ്കാരത്തിനായി മൃതദേഹങ്ങളുമായി പോകേണ്ടി വന്നത്.
ഇവിടെ സംസ്കാരം നടത്തുന്നതിനു മണിക്കൂറുകളോളവും കാത്തു നിൽക്കേണ്ടി വരും. 2020ൽ പൊതുശ്മശാനം നവീകരണത്തിനും രണ്ടാം ബർണർ സ്ഥാപിക്കുന്നതിനും 36 ലക്ഷം രൂപ ചെലവഴിച്ചിരുന്നു.
എന്നാൽ പദ്ധതി ഇതുവരെ പൂർത്തിയായിട്ടില്ല. നിലവിലുള്ള ബർണർ എങ്കിലും പൂർണ തോതിൽ പ്രവർത്തിപ്പിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

