പത്താം ക്ലാസിൽ ഫുൾ എ പ്ലസും പ്ലസ്ടുവിന് ഉയർന്ന മാർക്കും വാങ്ങിയ മകൻ, പഠിച്ച് എൻജിനീയറോ ഡോക്ടറോ ആകുമെന്ന് വീട്ടുകാരെല്ലാം കണക്കുകൂട്ടി. എന്നാൽ, പ്ലസ്ടു കഴിഞ്ഞു ഡിഗ്രിക്ക് മാനേജ്മെന്റ് കോഴ്സ് എടുത്തതോടെ അവൻ തലതിരിഞ്ഞു പോയെന്നു പരിചയക്കാരെല്ലാം പറഞ്ഞു.
2014ൽ ചെന്നൈയിലെ ഡിഗ്രി പഠനത്തിനു ശേഷം വീട്ടിൽ വന്നു മുഴുവൻ സമയവും ലാപ്ടോപ്പുമായി കുത്തിയിരിക്കുന്ന മകനെ കണ്ടതോടെ വീട്ടുകാർക്കും ആധിയായി.
അത്യാവശ്യത്തിന് വരുമാനം ഉണ്ടാക്കുന്നുണ്ടെങ്കിലും പറയാവുന്നൊരു ജോലിയില്ല എന്ന വീട്ടുകാരുടെ പരാതി മാറ്റാൻ 2016ൽ ദുബായിലേക്കു പോയെങ്കിലും ഒരു വർഷം കഴിഞ്ഞതോടെ വീണ്ടും തിരിച്ചു നാട്ടിലെത്തി.
എന്നാൽ, കയ്യിലുള്ള സമ്പാദ്യവുമായി സ്റ്റാർട്ടപ് തുടങ്ങാൻ ഒരുങ്ങിയ മകനിൽ അവർക്ക് പ്രതീക്ഷയായി. അങ്ങനെ 2018 സെപ്റ്റംബർ 3ന് കോഴിക്കോട് ഗവ.
സൈബർ പാർക്കിലെ സ്റ്റാർട്ടപ് ആക്സിലറേഷൻ ഹബ്ബിൽ അഞ്ചു പേരുമായി നടുവണ്ണൂർ സ്വദേശിയായ ജിജിൻ മോഹൻ തുടക്കമിട്ട കോഡ്എയ്സ് എന്ന ഡിജിറ്റൽ മാർക്കറ്റിങ് കമ്പനി ഇന്നു കോഴിക്കോട് ഗവ.
സൈബർ പാർക്കിലെ എണ്ണം പറഞ്ഞ കമ്പനികളിലൊന്ന്. 7 വർഷം കൊണ്ട് 115 ജീവനക്കാരും 80 വിദേശ ക്ലൈന്റുകളും യുഎസിലും ദുബായിലും ഓഫിസുകളുമുള്ള കോഡ്എയ്സിന്റെ തുടക്കം തികച്ചും സാധാരണമായിട്ടായിരുന്നു.
കോളജിൽ പഠിക്കുന്ന കാലത്ത് ഗെയിമുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ ഇടുന്നൊരു ബ്ലോഗ് ജിജിൻ നിർമിച്ചിരുന്നു.
അതിൽ ട്രാഫിക് കൂടിയതോടെ മാസം 100 മുതൽ 120 ഡോളർ വരെ വരുമാനം ലഭിക്കാൻ തുടങ്ങി. ഡിഗ്രി രണ്ടാം വർഷം മുതൽ പഠനത്തിനുള്ള ചെലവ് ഇതിലൂടെ ജിജിൻ കണ്ടെത്തി.
ഒപ്പം വെബ്സൈറ്റ് ഡിസൈനിങ്ങിലും ഒരു കൈപയറ്റി.
വരുമാനത്തിനായി മറ്റുള്ളവർക്കായി വെബ്സൈറ്റ് ഡിസൈൻ ചെയ്തു കൊടുത്താലോ എന്ന ആലോചനയിലായി. സ്കൂളിൽ തന്റെ സഹപാഠിയും ചെന്നൈയിലെ മറ്റൊരു കോളജിൽ പഠിച്ചിരുന്ന ശരത് കുമാറുമായി ജിജിൻ തന്റെ ആശയം പങ്കുവച്ചു.
ചെന്നൈയിൽ ശരത്തിനുള്ള പരിചയം വഴി കുറച്ചു വെബ്സൈറ്റുകൾ നിർമിച്ചു കൊടുത്തു.
നാട്ടിൽ നിൽക്കുമ്പോഴും അഫിലിയേറ്റ് മാർക്കറ്റിങ് വഴി ജിജിൻ വരുമാനം കണ്ടെത്തി. ആയിടെ പരിചയപ്പെട്ട
ഒരു സുഹൃത്തുമായി ചേർന്നു സർച് എൻജിൻ ഒപ്ടിമൈസേഷൻ (എസ്ഇഒ) വഴി മാർക്കറ്റിങ്ങും തുടങ്ങിയതോടെ ഒരു സംരംഭം തുടങ്ങുന്നത് ആലോചിച്ചു. 2018ൽ സ്റ്റാർട്ടപ് ഹബ്ബിൽ കോഡ്എയ്സിനു തുടക്കം കുറിച്ചു.
സംരംഭം തുടങ്ങാൻ ഉറപ്പിച്ചപ്പോൾ സഹപാഠി ശരത്തിനെയും ജിജിൻ കൂടെക്കൂട്ടി.
ഡിജിറ്റൽ മാർക്കറ്റിങ്ങിന് വേണ്ട ഇൻഫ്രാസ്ട്രക്ചർ ഒരുക്കാനായി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചു.
തുടക്കത്തിൽ നാലഞ്ചു ക്ലൈന്റ്സിനെ കിട്ടി. 12 ജീവനക്കാരുമായി കമ്പനി പതിയെ വളർന്നു.
2020ൽ ഗവ. ഐടി പാർക്കിൽ 2500 സ്ക്വയർഫീറ്റുള്ള ഓഫിസ് സ്വന്തമാക്കി.
ലോക്ഡൗണിനെ തുടർന്നു ലോകം നിശ്ചലമായപ്പോൾ കോഡ്എയ്സ് മാർക്കറ്റ് ചെയ്തിരുന്ന പ്രോഡക്ടുകളും സർവീസുകളും നിശ്ചലമായി.
കാര്യമായ വരുമാനവുമില്ല, ചെലവാണെങ്കിൽ വർധിക്കുകയും ചെയ്തു. വർക്ക് ഫ്രം ഹോം വന്നതോടെ ജീവനക്കാരെ മാനേജ് ചെയ്യാനുള്ള ചുമതല ശരത്തിനെ ഏൽപിച്ചു.
അധികം വൈകാതെ ശരത്തിനെ പാർട്നറാക്കി.
കോവിഡിന്റെ തുടക്കത്തിലെ ആശങ്കകൾ മാറുകയും ലോക്ഡൗണിലായ ലോകം ഇന്റർനെറ്റിൽ ചുറ്റിത്തിരിയുകയും ചെയ്തതോടെ കോഡ്എയ്സിന്റെ പ്രതിസന്ധി നീങ്ങുകയും ബിസിനസ് കുതിച്ചു കയറുകയും ചെയ്തു. കോവിഡിനു പിന്നാലെ നൂറുശതമാനത്തോളം വളർച്ചയാണ് കോഡ്എയ്സ് നേടിയത്.
2021ൽ ഗവ. സൈബർ പാർക്കിൽ തന്നെ അടുത്ത ഓഫിസ് തുറന്ന ജിജിനും സംഘവും 2025ൽ അവിടെ മൂന്നാമത്തെ ഓഫിസും തുറന്നു.
സൈബർ പാർക്കിനോട് ചേർന്നു സ്വന്തം ക്യാംപസ് നിർമിക്കാനുള്ള ആലോചനയിലാണ് ജിജിൻ.
കോഴിക്കോട് ആസ്ഥാനമാക്കി ബില്യൻ ഡോളർ കമ്പനി രൂപീകരിക്കുകയെന്നതാണ് ജിജിന്റെ സ്വപ്നം. ജീവനക്കാരുടെ മികവാണ് കോഡ്എയ്സിന്റെ വളർച്ചയ്ക്കു പിന്നിലെന്നു ജിജിൻ പറയുന്നു.
ജോലിയിൽ മികവ് പുലർത്തുന്നവർക്ക് ഇൻസെന്റീവും ബോണസും നൽകുന്നതിനൊപ്പം ജീവനക്കാരുടെ വ്യക്തിപരമായ വളർച്ചയ്ക്കും കോഡ്എയ്സ് പ്രധാന്യം നൽകുന്നു.
കമ്പനിയുടെ വളർച്ചയ്ക്കൊപ്പം ജീവനക്കാരുടെ വളർച്ചയിലും ശ്രദ്ധപുലർത്തുന്ന കോഡ്എയ്സ് വാർഷിക സമ്മേളനത്തിൽ ജീവനക്കാരന് കാർ സമ്മാനിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഡിജിറ്റൽ മാർക്കറ്റിങ്ങിലെ പെർഫോമൻസ് മാർക്കറ്റിങ്ങിലാണ് കോഡ്എയ്സ് ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ഹെൽത്ത് ആൻഡ് ഫിറ്റ്നസ്, ഫിനാൻസ്, എജ്യുക്കേഷൻ, ടെക് തുടങ്ങിയ മേഖലകളിലെ വിവിധ സോഫ്റ്റ്വെയറുകളും ഉൽപന്നങ്ങളും കോഴ്സുകളുമാണ് കോഡ്എയ്സ് പ്രധാനമായും മാർക്കറ്റ് ചെയ്യുന്നത്.
ഇത്തരം ഉൽപന്നങ്ങളുടെ ഇന്റർനെറ്റിലെ എല്ലാ വെർട്ടിക്കലുകളിലും മാർക്കറ്റിങ് കോഡ്എയ്സ് ഏറ്റെടുക്കും.
അതിലൂടെ ഉൽപന്നങ്ങൾ വിറ്റഴിക്കുമ്പോൾ 30% വരെ കമ്മിഷൻ കോഡ്എയ്സിനു ലഭിക്കും. വൈകാതെ സ്വന്തം ഉൽപന്നങ്ങളും മാർക്കറ്റ് ചെയ്യുകയും ഡിജിറ്റൽ മാർക്കറ്റിങ്ങിനൊപ്പം സോഫ്റ്റ്വെയർ നിർമാണത്തിലും ശ്രദ്ധിക്കുകയും 2028ൽ 100 കോടി രൂപയുടെ വരുമാനം നേടുകയുമാണു സ്ഥാപകനും സിഇഒയുമായ ജിജിൻ മോഹന്റെയും സിഒഒയായ ശരത്തിന്റെയും ലക്ഷ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

