ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയായ കൊല്ലം കല്ലുംതാഴം ജംക്ഷനിലെ ഉയരപ്പാത ഇന്ന് മുതൽ ജനങ്ങൾക്ക് തുറന്നുകൊടുക്കും. ടാറിങ് ജോലികൾ ഉൾപ്പെടെയുള്ള എല്ലാ പ്രവൃത്തികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
റോഡ് ഗതാഗതത്തിന് ലഭ്യമാകുന്നതോടെ നഗരത്തിൽ അനുഭവപ്പെട്ടിരുന്ന കടുത്ത ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. കാവനാട് ഭാഗത്തുനിന്നും തിരുവനന്തപുരം ദിശയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കായാണ് നിർമാണം പൂർത്തിയായ ഈ പാത ഇപ്പോൾ തുറന്നു നൽകുന്നത്.
ആലപ്പുഴ ഭാഗത്തേക്കുള്ള റോഡിന്റെ പണികൾ പൂർത്തിയാകുന്നതുവരെ തൽക്കാലം ഈ പാതയിലൂടെ ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം അനുവദിക്കുന്നതായിരിക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായി റെയിൽവേ മേൽപാലം നിർമിക്കുന്നതിനും, കല്ലുംതാഴം ജംക്ഷനിലെ വയഡക്ടിനും റെയിൽവേ മേൽപാലത്തിനും ഇടയിലുള്ള ഉയരപ്പാതയുടെ പണികൾക്കുമായാണ് ആറുമാസം മുമ്പ് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി തടഞ്ഞത്.
പ്രദേശത്ത് സർവീസ് റോഡ് ഇല്ലാത്തത് യാത്രക്കാർക്കും വ്യാപാരികൾക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഉയരപ്പാതയുടെ നിർമാണം നേരത്തെ തന്നെ പൂർത്തിയായിരുന്നെങ്കിലും, ടാറിങ് ജോലികളിലുണ്ടായ സാങ്കേതിക തടസ്സങ്ങളാണ് തുറന്നു കൊടുക്കുന്നത് വൈകിപ്പിച്ചത്.
തുടർന്ന് റോഡ് അടിയന്തരമായി തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധ സമരങ്ങളും അരേങ്ങറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മേയർ എ.കെ.ഹഫീസ് കരാർ കമ്പനി പ്രതിനിധികളുമായി നേരിട്ട് ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

