ആമ്പല്ലൂർ ∙ യാത്രക്കാരുമായി പോയിരുന്ന കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തിയിട്ട് തിടുക്കത്തിൽ ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാവിലെയാണ് പാലക്കാട് നെന്മാറ ചാത്തമംഗലം നമ്പൂതിരിപ്പറമ്പ് ചാമുവിന്റെ മകൻ ബാബു(45)വിനെ മണലി പാലത്തിനു താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കഞ്ചേരി കെഎസ്ആർടിസി ഡിപ്പോയിലാണ് ബാബുവിനു ജോലി.
എറണാകുളത്തുനിന്നു പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസ് ശനിയാഴ്ച വൈകിട്ടാണ് ദേശീയപാതയോരത്ത് ടോൾ പ്ലാസയ്ക്കു സമീപം നിർത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്.
തനിക്ക് ഇനി ബസ് എടുക്കാനാകില്ലെന്ന് കണ്ടക്ടറോട് പറഞ്ഞ് തിടുക്കപ്പെട്ട് മണലി പാലം ഭാഗത്തേക്ക് നടന്നുപോവുകയായിരുന്നു. കണ്ടക്ടറും മുപ്പതോളം യാത്രക്കാരും ഡ്രൈവർ തിരിച്ചുവരുമെന്ന് കരുതി അൽപസമയം കാത്തുനിന്നു. ഫോണിൽ വിളിച്ചെങ്കിലും കോൾ എടുത്തില്ല. ഇതോടെ കണ്ടക്ടർ മേലുദ്യോഗസ്ഥരെ അറിയിച്ച് യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിടുകയായിരുന്നു.
കണ്ടക്ടർ വിവരമറിയിച്ചതനുസരിച്ച് പുതുക്കാട് പൊലീസും സ്ഥലത്തെത്തി.ബസ് താൽക്കാലികമായി പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റി.
ബാബുവിനെ കാണാനില്ലെന്ന് കണ്ടക്ടർ നൽകിയ പരാതിയിൽ പൊലീസ് ശനിയാഴ്ച തന്നെ കേസെടുത്തിരുന്നു. ബന്ധുക്കളും സ്ഥലത്തെത്തി അന്വേഷണം നടത്തി.
മണലിക്കു സമീപം വഴിയോരത്ത് ബാബുവിന്റെ മൊബൈൽ ഫോൺ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ച നിലയിൽ ബാബുവിനെ കണ്ടെത്തിയത്. സംസ്കാരം പിന്നീട്. അവിവാഹിതനാണ്.
അമ്മ: അമ്മാളു. സഹോദരങ്ങൾ: രത്നമണി, മോഹനൻ, സിദ്ധാർഥൻ, വസന്ത, പ്രകാശൻ, രാജൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

