കൊച്ചി ∙ നഗരത്തെ സാംസ്കാരികമായി നവീകരിച്ച മനോരമ ഹോർത്തൂസിനു ശേഷം സുഭാഷ് പാർക്കിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർധന. കൊച്ചി കണ്ട
ഏറ്റവും വലിയ സാഹിത്യ, സാംസ്കാരികോത്സവമായി ഹോർത്തൂസ് മാറിയതോടെ സുഭാഷ് പാർക്കിന്റെ സൗന്ദര്യം ചർച്ചയാകുന്നു. ഹോർത്തൂസ് ദിനങ്ങളിൽ സമൂഹ മാധ്യമങ്ങളിലും സുഭാഷ് പാർക്ക് താരമായി.
സുഭാഷ് പാർക്കിന്റെ മനോഹാരിതയെ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഹോർത്തൂസ് വഴിയൊരുക്കിയെന്നാണു വിലയിരുത്തൽ.
സംസ്ഥാനത്തെ ശ്രദ്ധേയമായ പൊതുയിടങ്ങളുടെ പട്ടികയിലേക്കു സുഭാഷ് പാർക്കുമെത്തി. നഗരത്തിനു പുറത്തു നിന്നു കൊച്ചി കാണാനെത്തുന്നവരുടെ ‘മസ്റ്റ് വിസിറ്റ്’ പട്ടികയിൽ സുഭാഷ് പാർക്ക് ഒഴിച്ചു കൂടാനാകാത്തതായി.
ഒപ്പം രാജേന്ദ്ര മൈതാനവും.
ഹോർത്തൂസിനു വേദിയായ ശേഷം സുഭാഷ് പാർക്കിനു കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ഹോർത്തൂസിലെ സംവാദങ്ങൾക്കായി വേദികൾ തയാറാക്കിയ ഭാഗത്തെ പുല്ലും ചെടികളും പൂർവ സ്ഥിതിയിലാക്കുന്ന ജോലികൾ മലയാള മനോരമ നിയോഗിച്ച ടീമും പാർക്കിന്റെ പരിപാലന സംഘവും ചേർന്നു പൂർത്തിയാക്കി വരുന്നു.
പാർക്കിന്റെ പരിപാലന ചുമതലയുള്ള സെന്റർ ഫോർ ഹെറിറ്റേജ്, എൻവയൺമെന്റ് ആൻഡ് ഡവലപ്മെന്റ് (സി ഹെഡ്) തയാറാക്കുന്ന റിപ്പോർട്ട് പ്രകാരമാണു തുടർപ്രവർത്തനങ്ങൾ.
സുഭാഷ് പാർക്കിനോടു ചേർന്നുള്ള രാജേന്ദ്ര മൈതാനവും പഴയ നിലയിലേക്കു തിരിച്ചെത്തിക്കഴിഞ്ഞു. സുഭാഷ് പാർക്കിനെയും രാജേന്ദ്ര മൈതാനത്തെയും വേർതിരിക്കുന്ന ഗേറ്റുകളും പുനഃസ്ഥാപിച്ചു.
നവംബർ 27 മുതൽ 30 വരെയാണു സുഭാഷ് പാർക്ക് ഉൾപ്പെടെയുള്ള വേദികളിൽ ഹോർത്തൂസ് നടന്നത്.
സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നായി സാഹിത്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരാണ് ഈ ദിവസങ്ങളിൽ പാർക്കിലെത്തിയത്. ഇവരിൽ പലരും ആദ്യമായാണു സുഭാഷ് പാർക്ക് കാണുന്നതും.
നാലു ഹോർത്തൂസ് ദിനങ്ങളിലായി 4 ലക്ഷത്തോളം പേർ സുഭാഷ് പാർക്ക് സന്ദർശിച്ചുവെന്നാണ് ഏകദേശ കണക്ക്.
ദർബാർ ഹാൾ ഗ്രൗണ്ട് മുതൽ മംഗളവനം വരെയുള്ള ഭാഗങ്ങളുടെ പ്രത്യേകത കണക്കിലെടുത്ത്, ഈ മേഖല ഒരു പൈതൃക, സാംസ്കാരിക സോണായി വികസിപ്പിക്കുന്നതിനെ കുറിച്ച് ഏറെ നാളായി കോർപറേഷൻ അധികൃതർ ആലോചിച്ചു വരികയാണ്. ആ നിർദേശത്തിനു ശക്തി പകരുന്നതാണു സുഭാഷ് പാർക്കിലെ ഹോർത്തൂസ് ദിനങ്ങൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

