ആലപ്പുഴ ∙ ക്രിസ്മസ് – പുതുവത്സര എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് എക്സൈസ് വകുപ്പ് തയാറെടുക്കുമ്പോൾ വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കാത്ത സ്ഥിതി. മിക്ക ജില്ലകളിലും ഏഴു മാസത്തിലധികമായി എക്സൈസ് വാഹനങ്ങൾ ഇന്ധനം നിറച്ചതിന്റെ ബിൽ മാറി നൽകിയിട്ടില്ല. ഓരോ ഓഫിസിലും മൂന്നു ലക്ഷം രൂപ വരെയാണു കുടിശികയുള്ളത്. കടം വർധിച്ചതോടെ പലയിടത്തും എക്സൈസുമായി കരാറുള്ള ഇന്ധന പമ്പുകളിൽ നിന്നു കടം കൊടുക്കുന്നതു നിർത്തി.
ഇതോടെ അത്യാവശ്യ യാത്രകൾക്കും പരിശോധനകൾക്കുമായി ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റിൽ നിന്നു പണം നൽകിയാണു വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നത്.
ഓണക്കാലത്തും പ്രത്യേക പരിശോധന നടത്താൻ വാഹനങ്ങൾക്ക് ഇന്ധനമില്ലാത്ത സ്ഥിതിയായിരുന്നു. വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തിയതിന്റെ ബില്ലുകൾ മൂന്നു വർഷത്തോളമായി മാറിനൽകിയിട്ടില്ല. ഒട്ടേറെ ലഹരിക്കേസുകൾ പിടിക്കുകയും പരിശോധനയും നിരീക്ഷണവും ശക്തമാക്കുകയും ചെയ്തതോടെ സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തും കുറഞ്ഞിരുന്നു. ക്രിസ്മസ്– പുതുവത്സര കാലത്തു പൊതുവേ വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം കൂടാറുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരുടെ എണ്ണവും കൂടുന്നതിനാൽ പരിശോധന കൂട്ടണമെന്നിരിക്കെയാണു വാഹനങ്ങൾക്ക് ഇന്ധനമില്ലാത്ത സ്ഥിതിയായത്. ഇപ്പോൾ പരിശോധന കുറഞ്ഞാൽ വീണ്ടും ലഹരിസംഘങ്ങൾ ശക്തമാകുമെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. തിരഞ്ഞെടുപ്പ്, കോടതി ഡ്യൂട്ടികൾക്കു മറ്റു ജില്ലകളിൽ പോയത് ഉൾപ്പെടെയുള്ള യാത്രാബത്തയും മൂന്നു വർഷമായി കുടിശികയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

