മങ്കൊമ്പ് ∙ ജില്ലയിൽ രണ്ടാം കൃഷിയുടെ (ഒന്നാം വിള) വിളവെടുപ്പും സംഭരണവും അവസാന ഘട്ടത്തിലേക്ക്. 14 പഞ്ചായത്തുകളിലാണ് ഇത്തവണ രണ്ടാം കൃഷി ഇറക്കിയത്.
ഇതിൽ 74% സ്ഥലങ്ങളിലെ സംഭരണവും വിളവെടുപ്പും പൂർത്തിയായി. 11 മില്ലുകാർ ചേർന്നാണു സംഭരണം നടത്തുന്നത്.
കിഴിവിന്റെ പേരിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും സുഗമമായി സംഭരണം നടക്കുന്നതും കർഷകർക്ക് ആശ്വാസം പകരുന്നുണ്ട്.
മില്ലുകാരുടെ നിസ്സഹകരണം മൂലം രണ്ടാം കൃഷിയുടെ വിളവെടുപ്പിന്റെ ആദ്യ സമയങ്ങളിൽ സംഭരണം പ്രതിസന്ധിയിലായിരുന്നു. തുടർന്നു മന്ത്രിമാരായ ജി.ആർ.അനിലും പി.പ്രസാദും മങ്കൊമ്പിൽ കൃഷി, സിവിൽ സപ്ലൈസ്, ഫുഡ് കോർപറേഷൻ എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു കൂട്ടി കൃഷി വകുപ്പിന്റെയും സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നെല്ല് സംഭരിച്ച് എഫ്സിഐ ഗോഡൗണുകളിൽ ശേഖരിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ കൂടുതൽ മില്ലുകൾ സംഭരണത്തിനായി എത്തിയതോടെ എഫ്സിഐ ഗോഡൗണിൽ നെല്ല് സംഭരിക്കേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല.
ആകെ 7780 ഹെക്ടർ സ്ഥലത്താണ് ഇത്തവണ രണ്ടാം കൃഷി ഇറക്കിയത്.
ഇതിൽ 5700 ഹെക്ടറിലെ വിളവെടുപ്പാണു പൂർത്തിയായത്. 2080 ഹെക്ടർ സ്ഥലത്തെ വിളവെടുപ്പാണ് ഇനി പൂർത്തിയാകാനുള്ളത്.
നെടുമുടി, കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകളിലാണു വിളവെടുപ്പു പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായതിനാൽ വിളവെടുപ്പ് സുഗമമായി നടക്കുന്നതു കർഷകർക്ക് ആശ്വാസം പകരുന്നുണ്ട്.
ആവശ്യത്തിനു കൊയ്ത്തു മെതി യന്ത്രങ്ങൾ ലഭ്യമായതും കർഷകർക്കു സഹായകരമായിട്ടുണ്ട്.
നെടുമുടി, കൈനകരി, അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, തകഴി പഞ്ചായത്തുകളിലാണ് ഇനി വിളവെടുക്കാനുള്ളത്. പ്രതികൂല കാലാവസ്ഥയും മറ്റും മൂലം വൈകി വിത ഇറക്കേണ്ടി വന്നതാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിച്ചത്.
വൈകി വിളവെടുക്കുന്ന പാടശേഖരങ്ങളിൽ പുഞ്ചക്കൃഷി ഇറക്കാൻ സാധ്യത കുറവാണ്. സമയം വൈകി വിതയിറക്കിയാൽ കാലാവസ്ഥ പ്രശ്നങ്ങളും ഓരുവെള്ളം അടക്കം ഭീഷണികളും കർഷകർക്കു നേരിടേണ്ടി വരും.
അതിനാൽ വൈകി വിളവെടുക്കുന്ന പല പാടശേഖരങ്ങളിലും അടുത്ത കൃഷി ഉപേക്ഷിച്ചു കൃഷിയിടം ഒരുക്കാനായിരിക്കും കർഷകർ തയാറാകുക. പുഞ്ചക്കൃഷി യൂറിയ ക്ഷാമം, ആശങ്ക രൂക്ഷം
കുട്ടനാട് ∙ യൂറിയ ക്ഷാമം മൂലം കുട്ടനാട്ടിലെ നെൽക്കർഷകർ ആശങ്കയിൽ.
കുട്ടനാട്ടിൽ ഒട്ടുമിക്ക പാടശേഖരങ്ങളിലെയും പുഞ്ചക്കൃഷി ആരംഭിച്ചു. കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ നിന്നാണു കുട്ടനാട്ടിലെ കർഷകർ പ്രധാനമായും വളം വാങ്ങുന്നത്.
എന്നാൽ പല സൊസൈറ്റികളിലും ആവശ്യത്തിനു യൂറിയ വളം ലഭിക്കാനില്ല. യൂറിയ വളം വേണമെങ്കിൽ തങ്ങളുടെ കമ്പനിയുടെ മറ്റ് ഉൽപന്നങ്ങളും വാങ്ങണമെന്നു നിർബന്ധിക്കുന്നതും ഇതും കർഷകരെ പ്രതിസന്ധിയിലാക്കുന്നതായി ആക്ഷേപമുണ്ട്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാടശേഖരങ്ങളായ ഇ ബ്ലോക്ക് ഇരുപത്തിനാലായിരം, രാജരാമപുരം അടക്കമുള്ള കായൽ പാടശേഖരങ്ങളിൽ വരും ദിവസങ്ങളിൽ ആദ്യത്തെ വളപ്രയോഗം നടത്തണം.
ചെറുകര കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നാണ് ഈ പ്രദേശങ്ങളിലുള്ള കർഷകർ വളം വാങ്ങുന്നത്. സൊസൈറ്റി സീസണിലേക്ക് 30 ലോഡ് യൂറിയ വളം ആവശ്യപ്പെട്ടെങ്കിലും നിലവിൽ ഏഴര ലോഡ് മാത്രമാണു ലഭിച്ചിട്ടുള്ളത്.
ഇതേ സാഹചര്യമാണു കുട്ടനാട്ടിലെ മറ്റു പല സൊസൈറ്റികളിലുമുള്ളത്.ചില കമ്പനികൾ യൂറിയ ലഭിക്കണമെങ്കിൽ അവരുടെ കമ്പനിയുടെ മറ്റ് ഉൽപന്നങ്ങൾ വാങ്ങണമെന്നാണു നിർബന്ധം പിടിക്കുന്നത്.
ഈ ഉൽപന്നങ്ങൾ വാങ്ങാൻ കർഷകർ താൽപര്യം പ്രകടിപ്പിക്കാറുമില്ല. എന്നാൽ സൊസൈറ്റികൾ മറ്റു മാർഗമില്ലാത്തതിനാൽ യൂറിയ വാങ്ങാൻ വരുന്ന കർഷകരെ കൊണ്ടു തന്നെ കമ്പനി നൽകുന്ന ഉൽപന്നങ്ങൾ വാങ്ങിപ്പിക്കും.
കഴിഞ്ഞ സീസണിലും സമാന സാഹചര്യം ഉണ്ടായിരുന്നു. കമ്പനിയുടെ നിബന്ധന പ്രകാരം യൂറിയയും മറ്റ് ഉൽപന്നങ്ങളും വാങ്ങിയ സൊസൈറ്റികൾക്കു വലിയ നഷ്ടം സഹിക്കേണ്ട
സാഹചര്യം ഉണ്ടായി. യൂറിയ ലഭിച്ച് 2 ദിവസത്തിനു ശേഷമാണു കമ്പനിയുടെ മറ്റ് ഉൽപന്നങ്ങൾ എത്തിയത്.
ഇതിനോടകം ലഭ്യമായ യൂറിയ വിറ്റു പോവുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

