പുല്ലുകുളങ്ങര∙ അഭിഭാഷകനായ യുവാവിന്റെ വെട്ടേറ്റു പിതാവ് കണ്ടല്ലൂർ തെക്ക് കളരിക്കൽ ജംക്ഷനിൽ പീടികച്ചിറയിൽ നടരാജൻ (63) കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ സാമ്പത്തിക ലക്ഷ്യവുമെന്നു സൂചന.
ലഹരി ഉപയോഗവും പെട്ടെന്നുള്ള പ്രകോപനവുമാണ് അക്രമത്തിനു പിന്നിലെന്നാണു കരുതിയതെങ്കിലും ആസൂത്രിത കൊലപാതകമെന്ന തരത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്. നടരാജന്റെ മുറിയിലെ അലമാരയിൽ ഏതാണ്ട് 7 ലക്ഷം രൂപയും 50 പവനോളം സ്വർണാഭരണങ്ങളും ഉണ്ടായിരുന്നു. അതു കൈക്കലാക്കാൻ നവജിത് നടത്തിയ ശ്രമമാണു കൊലപാതകത്തിൽ എത്തിയതെന്നാണു പൊലീസ് സംശയിക്കുന്നത്.
അലമാര തുറക്കാനുള്ള ശ്രമം നടന്നതായി സൂചനയുണ്ട്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ മാതാവ് സിന്ധു അപകടനില തരണം ചെയ്തിട്ടില്ല.
മൂന്നു ശസ്ത്രക്രിയകൾ കഴിഞ്ഞെങ്കിലും അബോധാവസ്ഥയിൽ തിരുവല്ലയിലെ ആശുപത്രിയിലാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കണ്ടല്ലൂരിലെ വീട്ടിൽ ദമ്പതികൾ മകന്റെ ആക്രമണത്തിനിരയായത്. നവജിത്തിനെ തെളിവെടുപ്പിനു വേണ്ടി വെള്ളിയാഴ്ച കനകക്കുന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
അതിനായി ഇന്നു ഹരിപ്പാട് കോടതിയിൽ അപേക്ഷ നൽകും. നടരാജന്റെ സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. നവജിത്തിന്റെ ഭാര്യ നവ്യയെ പ്രസവത്തിനായി ഇന്നു കൈപ്പട്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കും.
ഭർതൃപിതാവ് കൊല്ലപ്പെട്ടതും ഭർത്താവ് അറസ്റ്റിലായതും നവ്യയെ അറിയിച്ചിരുന്നു. രക്തസമ്മർദം കൂടിയതിനാൽ നിരീക്ഷണത്തിലാണ്.
ഒന്നരവർഷം മുൻപായിരുന്നു വിവാഹം. ഡോ.നിധിൻരാജ്, ഡോ.നിധിമോൾ എന്നിവരാണ് നടരാജന്റെ മറ്റു മക്കൾ. മരുമകൻ: പ്രഭുൽദേവ്.
നിർണായകമായി സിസിടിവി ദൃശ്യങ്ങൾ
നവജിത്തിന് ലഹരി ഉപയോഗം ഉണ്ടായിരുന്നെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു.
ലഹരിയുടെ വിഭ്രാന്തിയിൽ മാതാപിതാക്കളെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചതാകാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ സംഭവം നടന്ന ദിവസം ഉച്ചകഴിഞ്ഞു വീട്ടിൽ വഴക്കുണ്ടായതിന്റെ വിവരം പൊലീസിനു ലഭിച്ചു.
വീട്ടിൽ നിന്നു വഴക്കിട്ട് നവജിത്ത് പലതവണ പുറത്തേക്ക് പോകുന്നതും തിരിച്ചുവരുന്നതുമായ ദൃശ്യങ്ങൾ നടരാജന്റെ വീടിനു മുന്നിൽ കടമുറികളോടു ചേർന്നുള്ള സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ചു.
ആക്രമണവിവരം അറിഞ്ഞു പൊലീസ് വീട്ടിലെത്തി പരിശോധിക്കുമ്പോൾ അലമാരയിൽ ഒരു താക്കോൽ ഉണ്ടായിരുന്നു. നടരാജന്റെ ഷർട്ടിന്റെ പോക്കറ്റിൽ മറ്റൊരു താക്കോലും ഉണ്ടായിരുന്നു.
അലമാരയിൽ സ്വർണവും പണവും ഉണ്ടെന്ന വിവരം നവജിത്തിന് അറിയാമായിരുന്നു. മകൻ നിരന്തരം പണം ആവശ്യപ്പെട്ടു വഴക്ക് ഉണ്ടാക്കിയിരുന്നതിനാലാകണം അലമാരയുടെ താക്കോൽ നടരാജൻ കൈവശം സുരക്ഷിതമായി കൊണ്ടുനടന്നിരുന്നത് എന്നു പൊലീസ് പറയുന്നു.
സ്പെയർ താക്കോൽ ഉപയോഗിച്ച് അലമാര തുറക്കാനുള്ള ശ്രമമാണോ നടന്നതെന്നും സംശയമുണ്ട്. പൊലീസ് എത്തുമ്പോൾ ദേഹമാസകലം വെട്ടേറ്റു രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു നടരാജൻ.
പൊലീസിനെ കണ്ട നവജിത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
ലഹരിക്ക് അടിമപ്പെട്ട നിലയിലായിരുന്നില്ല ഇയാളുടെ പെരുമാറ്റമെന്നും പൊലീസ് പറയുന്നു.
അലമാരയിൽ ഉണ്ടായിരുന്ന പണവും സ്വർണവും പൊലീസ് ഇന്നു കോടതിക്കു കൈമാറും.
വെട്ടേറ്റ മാതാവ് അബോധാവസ്ഥയിൽ
ഭർത്താവ് മരിച്ചതും മകൻ ജയിലിൽ ആയതും അറിയാതെ സിന്ധു അബോധാവസ്ഥയിൽ തുടരുന്നു. പൊലീസെത്തി ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു രണ്ടു ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിരുന്നു.
ഇതിനു ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഒരു ശസ്ത്രക്രിയ കൂടി നടത്തി.
ആക്രമണത്തിൽ സിന്ധുവിന്റെ രണ്ടു കൈവിരലുകൾ പൂർണമായും അറ്റുപോയിരുന്നു.
മൂന്നാമത്തെ വിരൽ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. തലയ്ക്കു നേരെയുള്ള വെട്ട് തടുക്കാൻ നോക്കിയപ്പോഴാകണം കൈക്കു ഗുരുതരമായി പരുക്കേറ്റതെന്നു കരുതുന്നു. തലയ്ക്കും ആഴത്തിൽ മുറിവുണ്ട്.
ഒരു ശസ്ത്രക്രിയ കൂടി നടത്തേണ്ടിവരും. മകനുള്ള രാത്രി ഭക്ഷണം അമ്മ തീൻമേശയിൽ വിളമ്പി വച്ചിരുന്നു.
അതിനു മുന്നിലാണ് ദമ്പതികൾ വെട്ടേറ്റു കിടന്നിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

