തിരുവനന്തപുരം∙ ഏറ്റവും കൂടുതൽ കരുതലും ശ്രദ്ധയും നൽകി ശാക്തീകരണം നടത്തേണ്ട ഭിന്നശേഷി, വയോജനങ്ങൾ, ലഹരിക്ക് അടിമപ്പെട്ടവർ, പ്രൊബേഷൻ തുടങ്ങിയ മേഖലകളിൽ ഇടപെടലുകൾ നടത്തുവാൻ പഠിച്ച പ്രൊഫഷണലുകളെ ഒഴിവാക്കി സാമൂഹ്യ നീതി വകുപ്പ് തയാറാക്കിയ സ്പെഷ്യൽ റൂൾ ഡ്രാഫ്റ്റിൽ വ്യാപകമായ പരാതി ഉയരുന്നു. സർവീസിൽ കയറുന്ന ക്ലർക്കു മാർക്ക് മാത്രം പ്രൊമോഷൻ നൽകുന്ന രീതിയിലാണ് വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഡ്രാഫ്റ്റ്.
ഈ മേഖലകളിൽ പരിശീലനം നേടിയ സാമൂഹ്യ പ്രവർത്തക ബിരുദ -ബിരുദാനന്തര യോഗ്യത ഉള്ളവരെ പരിഗണിക്കാതെയാണ് സ്പെഷ്യൽ റൂൾ പരിഷ്ക്കരിക്കാൻ നീക്കം. ഇതു സംബന്ധിച്ച് കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ്) വകുപ്പിന് സമർപ്പിച്ച നിർദ്ദേശങ്ങൾ പരിഗണിക്കാതെ ഏകപക്ഷീയമാണ് റൂൾ ഡ്രാഫ്റ്റ് പുറത്തിറക്കിയിരിക്കുന്നത്.
കുറ്റവാളികൾ, കുറ്റകൃത്യത്തിന് ഇര ആയവർ എന്നിവരുടെ ഇടയിൽ പ്രവർത്തിക്കേണ്ട
പ്രൊബേഷൻ ആഫീസർ നിയമനത്തിന് സോഷ്യൽ വർക്ക് പഠിച്ച വർക്ക് ഹൈക്കോടതി ഉൾപ്പെടെ മുൻഗണന നൽകണമെന്ന വിധി നൽകീട്ടും ഏതെങ്കിലും സോഷ്യൽ സയൻസ് പഠിച്ചവരെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ റൂൾ വരുന്നത്. ഡിപ്പാർട്ടുമെന്റിൽ ഉള്ളവർക്ക് ഏതു ഡിഗ്രി നേടിയാലും പ്രെമോഷനും കിട്ടും. കുറ്റവാളികളെ ശിക്ഷയ്ക്കു ശേഷം സമൂഹത്തിലേക്ക് തിരിച്ചെത്തിച്ച് സാമൂഹ്യ പ്രതിബദ്ധതയോട് ജീവിക്കുന്നതിൽ പ്രോബേഷൻ ഒരു പ്രധാന സംവിധാനമാണ്.
എന്നാൽ കേസ് മാനേജ്മെന്റ്, കൗൺസിലിംഗ്, കുടുംബവുമായുള്ള കൂടിച്ചേരൽ, ഇടപെടൽ, വ്യക്തിഗത പുനരധിവാസ പദ്ധതി രൂപീകരണം എന്നിവയിൽ ശാസ്ത്രീയമായ പരിശീലനം ആവശ്യമാണ്. ഈ കഴിവുകളാണ് എംഎസ്ഡബ്ല്യു നേടിയ സാമൂഹ്യപ്രവർത്തകർ കൈവശം വയ്ക്കുന്നത്.
നിലവിലുള്ള പ്രോബേഷൻ സംവിധാനത്തിൽ കേരളം മുന്നോക്കം വരാൻ പ്രധാനമായ ഒരു കാരണം എംഎസ്ഡബ്ല്യു പൂർത്തിയാക്കിയ മുൻഉദ്യോഗസ്ഥരുടെ പ്രശംസനീയമായ ഇടപെടലുകൾ കൊണ്ടാണ്.
അതിനു വിപരീതമായി ഇങ്ങനെ ഒരു പ്രത്യേക വിഭാഗം ആളുകളെ വേണ്ട രീതിയിൽ പുനരധിവസിപ്പിക്കാൻ പ്രാപ്തരല്ലാത്തവരെ നിയമിക്കുന്നത് ഇതു വരെ നടത്തിയ ഉദാത്ത മാതൃകകളെ നിഷ്കരുണം തള്ളികളയുന്നതിനു തുല്യമാണ്.
ഉദ്യോഗസ്ഥർ മറ്റു പശ്ചാത്തലത്തിൽ നിന്നുള്ളവരായാൽ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാനസിക-സാമൂഹിക ഇടപെടലുകൾക്ക് കുറവുണ്ടാകും. ഇതോടെ, കുറ്റവാളികൾക്ക് ദീർഘകാല പിന്തുണയും അവരുടെ പെരുമാറ്റ മാറ്റത്തിനുള്ള സഹായം ലഭിക്കുന്നതിലും വ്യത്യാസങ്ങൾ ഉണ്ടാകുന്നു.
പുനരധിവാസത്തെ മുൻനിർത്തിയുള്ള നീതിന്യായ വ്യവസ്ഥയ്ക്കായി, എംഎസ്ഡബ്ല്യു യോഗ്യത നിർബന്ധമാക്കി പ്രോബേഷൻ സേവനങ്ങളിൽ പ്രോഫഷണൽ സോഷ്യൽ വർക്ക് ഇടപെടൽ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു.
ഭിന്നശേഷി സൗഹൃദം , വയോജനസൗഹ്യദ പദ്ധതികളൊക്കെ വിജയിക്കണമെങ്കിൽ പ്രസ്തുത മേഖലയെ പറ്റി പഠിച്ചവരും ആയതിന് താല്പര്യവും കഴിവും ഉള്ള ജീവനക്കാരെ തെരഞ്ഞെടുത്ത് നിയോഗിക്കണമെന്നും അത് സാമൂഹ്യ നീതി പുലരാൻ പ്രധാന ഘടക മാണെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
മുമ്പ് ഉണ്ടായിരുന്ന സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റ് വിഭജിച്ചാണ് വനിതാ-ശിശു വികസന വകുപ്പും സാമൂഹ്യ നീതി വകുപ്പും രണ്ടാക്കിയത്. വനിതാ-ശിശു വികസന വകുപ്പിൽ സ്പെഷ്യൽ റൂൾ പരിഷ്ക്കരിച്ചപ്പോൾ പ്രസ്തുത മേഖലയിലെ വിഷയങ്ങൾ പഠിച്ചവരെ ഉൾപ്പെടുത്തിയാണ് സ്പെഷ്യൽ റൂൾ പരിഷ്ക്കരിച്ചത്.
സാമൂഹ്യ നീതി വകുപ്പ് തയ്യാറാക്കിയ സ്പെഷ്യൻ റൂൾ ഡ്രാഫ്റ്റ് ഉചിതമായി പരിഷ്ക്കരിക്കണമെന്ന് ക്യാപ്സ് ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം പ്രതിഷേധ പരിപാടികളും നിയമ നടപടിയും സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.
ചെറിയാൻ .പി. കുര്യൻ, വർക്കിംഗ് പ്രസിഡന്റ് ഡോ.എം.പി.
ആന്റണി, ജനറൽ സെക്രട്ടറി പ്രൊഫ. സേവ്യർ കുട്ടി ഫ്രാൻസിസ് എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

