മാനന്തവാടി (വയനാട്) ∙ പുലർച്ചെ പിതാവിനൊപ്പം പരീക്ഷ എഴുതാൻ മൈസൂരുവിലേക്ക് പോകാനിറങ്ങിയ യുവാവിന് കാട്ടാന ആക്രമണത്തിൽ ഗുരുതര പരുക്കേറ്റു. നീർവാരം നെടുംകുന്നേൽ മോഹനന്റെ മകൻ എം.സത്യജ്യോതിക്കാണ് (22) പുലർച്ചെ അഞ്ചരയോടെ നീർവാരത്ത് നിന്ന് പുഞ്ചവയൽ ഭാഗത്തേക്ക് ബസ് കയറാൻ നടന്നു പോകുന്നതിനിടെ പനമരം അമ്മാനി ജംക്ഷനിൽ വച്ച് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റത്.
നട്ടെല്ലിനും കൈകാലുകൾക്കും പരുക്കേറ്റ യുവാവിനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ജനവാസമേഖലയിൽ ഫെൻസിങ് തകർത്തെത്തിയ കാട്ടാനയാണ് ആക്രമണം നടത്തിയതെന്നും പരുക്കേറ്റ സത്യജ്യോതിക്ക് വനംവകുപ്പ് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ മനോരമ ഓൺലൈനോട് പറഞ്ഞു. കാട്ടാന ആക്രമണമുണ്ടായ പ്രദേശത്ത് കൂടുതൽ വാച്ചർമാരെ നിയോഗിച്ച് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.
ആക്രമണം നടത്തിയ ആനയെ കാട്ടിലേക്ക് തുരത്തി. ജനം പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രദേശത്ത് തകർന്ന ഫെൻസിങ് പുനർനിർമിക്കാൻ നടപടി സ്വീകരിച്ചതായും അജിത് കെ രാമൻ പറഞ്ഞു.
രാവിലെ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ സത്യജ്യോതിയെ അരമണിക്കൂറോളം നേരം ആംബുലൻസിനായി കാത്തിരുന്ന ശേഷമാണ് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വനം വകുപ്പിന്റെ ചെതലയം റേഞ്ച് ഓഫിസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്.
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് പനമരത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു. ജനപ്രതിനിധികളും മറ്റും ഇടപെട്ടാണ് പ്രതിഷേധസമരം അവസാനിപ്പിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

