പാറശാല ∙ ഗവ. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഒപിയിൽ കാത്തിരുന്ന രോഗികളെ കാണാതെ ഡോക്ടർമാർ പോയതോടെ രോഗികൾ ബഹളംവച്ചു.
തുടർന്ന് മണിക്കൂറുകൾക്കു ശേഷം സൂപ്രണ്ടിന്റെ നിർദേശപ്രകാരം മറ്റു ഡോക്ടർമാരെ നിയോഗിച്ച് രോഗികളെ പരിശോധിച്ചെങ്കിലും വൈകിട്ട് കാഷ്വൽറ്റിയിലും ഇതേ പ്രശ്നം ആവർത്തിച്ചു. ഡോക്ടർമാരുടെയും നഴ്സിങ് അസിസ്റ്റന്റിന്റെയും കുറവും രോഗികളുടെ അസാധാരണമായ തിരക്കും നേരിടുന്ന പാറശാല താലൂക്ക് ആശുപത്രിയിൽ ഇന്നലെയാണ് സംഭവങ്ങൾ അരങ്ങേറിയത്.
രാവിലെ ഏഴര മുതലേ ക്യൂവിൽ ഇടം പിടിച്ച് ഒപി ടിക്കറ്റെടുത്ത രോഗികൾ 9ന് ഒപി ആരംഭിച്ചതു മുതൽ ഡോക്ടറെ കാണാനുളള ഊഴം കാത്തിരിക്കുകയായിരുന്നു.
ഈ സമയം ജനറൽ ഒപിയിൽ മെഡിസിൻ വിഭാഗം സീനിയർ സിവിൽ സർജൻ ഉൾപ്പെടെ രണ്ടു ഡോക്ടർമാരാണ് ഉണ്ടായിരുന്നത്. 12.30 ആയതോടെ ഇവർ റൗണ്ട്സിനു പോയി.
ഈ സമയം നൂറുക്കണക്കിനു രോഗികൾ ക്യൂവിൽ ഉണ്ടായിരുന്നു. കുറച്ചു നേരം കാത്തു നിന്ന രോഗികൾ ഡോക്ടർമാരെ കാണാതായപ്പോൾ ബഹളം വയ്ക്കാൻ തുടങ്ങി.
തുടർന്ന് സൂപ്രണ്ടിന്റെ നിർദേശപ്രകാരം മറ്റു ഡോക്ടർമാരെ ഒപിയിൽ നിയോഗിച്ചാണ് രോഗികളെ പരിശോധിച്ചത്.
വൈകിട്ട് കാഷ്വൽറ്റിയിൽ രോഗികൾ കാത്തു നിൽക്കെ ഡോക്ടർ ചായ കുടിക്കാനെന്നു പറഞ്ഞ് പോവുകയായായിരുന്നു. ഏറെ നേരമായിട്ടും കാണാതായപ്പോൾ രോഗികൾ രോഷാകുലരായി.
പോയ ഡോക്ടറെ വിളിച്ചു വരുത്തിയാണ് പ്രശ്നം പരിഹരിച്ചത്. സ്വകാര്യ പ്രാക്ടീസിനു സമയം കണ്ടെത്തുന്ന ഡോക്ടർമാർ ആശുപത്രിയിൽ ഡ്യൂട്ടി സമയത്തുപ്പോലും ഉണ്ടാവാറില്ലെന്ന് രോഗികൾ പറയുന്നു.
അതേസമയം, ഡോക്ടർമാരുടെ കുറവും തിങ്കളാഴ്ച പൊതുവേയുണ്ടാകുന്ന രോഗികളുടെ തിരക്കുമാണ് പ്രശ്ന കാരണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നിത എസ്.
നായർ അറിയിച്ചു. ഒപിയിൽ ശരാശരി 1,500 പേർ എത്തുന്ന ആശുപത്രിയിൽ ഇന്നലെ 2,100 ലേറെപ്പേരാണ് വന്നത്.
ഒരു ഫിസിഷ്യൻ, പീഡിയാട്രിഷ്യൻ സിഎംഒ,12 നഴ്സിങ് അസിസ്റ്റന്റുമാർ തുടങ്ങിയവരുടെ കുറവാണുളളത്. ഒരു സർജനും, അസി.
സർജനും നാളെ മുതൽ ശബരിമല ഡ്യൂട്ടിയിലായതിനാൽ പ്രശ്നം രൂക്ഷമാകാനിടയുണ്ട്.
പാറശാല ഗവ. താലൂക്ക് ആശുപത്രിയിൽ കിഫ്ബിയുടെ സഹായത്തിൽ 47 കോടിയോളം ചെലവിട്ട് പുതിയ നാലുനില മൾട്ടി സ്പെഷ്യൽറ്റി മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് കഴിഞ്ഞമാസം 29ന് 3 മാസം കഴിഞ്ഞെങ്കിലും കെട്ടിടം തുറന്നു പ്രവർത്തിക്കാത്തതിനാൽ ഒപിയുൾപ്പെടെ ഇപ്പോഴും പഴയ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
ഒപിയിൽ ടിക്കറ്റെടുക്കാനായി എത്തുന്ന നൂറുക്കണക്കിനു രോഗികൾ തുറസ്സായ സ്ഥലത്ത് മഴയും വെയിലും കൊണ്ട് മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വരുമ്പോഴും ഇതിനുളള സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നോക്കുകുത്തിയായി തുടരുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

