എരുമേലി ∙ തമിഴ്നാട് സ്വദേശികളായ 125 വിശുദ്ധി സേനാംഗങ്ങളാണ് എരുമേലിയിൽ പ്രവർത്തിക്കുന്നത്. 5 സംഘങ്ങളാണ് വിവിധ സ്ഥലങ്ങളിൽ ശുചീകരണം നടത്തുന്നത്.
കൊരട്ടി, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ടിബി റോഡ്, വലിയമ്പലം നടപ്പന്തൽ, വനം വകുപ്പ് ഓഫിസ് റോഡ് എന്നിവിടങ്ങളിലാണ് ഓരോ സംഘവും ശുചീകരണം നടത്തുന്നത്. നടപ്പന്തലിൽ 24 മണിക്കൂറും ശുചീകരണം ഉണ്ട്.
പുലർച്ചെ ഒരു സംഘം എത്തി ശുചീകരിച്ച് മാലിന്യങ്ങൾ കൂട്ടിവയ്ക്കും. പിന്നാലെ എത്തുന്ന സംഘം മാലിന്യങ്ങൾ ലോറിയിൽ കയറ്റി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിക്കും.
മൂന്നാമത്തെ സംഘം ബ്ലീച്ചിങ് പൗഡർ ഇടും. ഉച്ചയ്ക്ക് ശേഷം സമാന വിധത്തിൽ മൂന്ന് സംഘങ്ങളാണ് ശുചീകരണം നടത്തുന്നതെന്ന് ഹെൽത്ത് സൂപ്പർവൈസർ പ്രമോദ് ബാബു പറഞ്ഞു.
വിശുദ്ധി സേനാംഗങ്ങൾക്ക് ആദ്യ ഗഡു ശമ്പളം 30 ന് ലഭിക്കേണ്ടതാണ്.
എന്നാൽ അവധി ആയതിനാൽ വരും ദിവസങ്ങളിൽ ഇവർക്ക് ശമ്പളം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. മുൻവർഷങ്ങളിൽ ശമ്പളം വൈകിയതിനെ തുടർന്ന് വിശുദ്ധി സേനാംഗങ്ങൾക്കു ജോലിയിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചിരുന്നു.
ഇത്തവണ കൃത്യമായി ഇവർക്കുള്ള ശമ്പളം ലഭ്യമാക്കണമെന്ന് മന്ത്രി വി.എൻ.വാസവനും അവലോകന യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
അപകടങ്ങൾ പതിവ്
തീർഥാടനം ശബരിമല മണ്ഡലകാലം ആരംഭിച്ച് രണ്ട് ആഴ്ച പിന്നിട്ടപ്പോഴേക്കും അപകടങ്ങൾ പതിവാകുന്നു. ശബരിമല പാതകളിൽ ഇതുവരെ നടന്നത് 15 അപകടങ്ങളാണ്.
തീർഥാടനം തുടങ്ങിയ ആദ്യ ദിവസം ഏഴ് അപകടങ്ങൾ ഉണ്ടായി. കണമലയിലും കണ്ണിമലയിലും മുൻ വർഷങ്ങളിലേതിനു സമാനമായ അപകടങ്ങൾ നടന്നു .
കണമലയിൽ മിനി ബസ് മറിഞ്ഞ് 5 പേർക്ക് പരുക്കേറ്റപ്പോൾ കണ്ണിമലയിൽ ബസ് നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങി 6 തീർഥാടകർക്ക് പരുക്കേറ്റു. എരുമേലി – മുണ്ടക്കയം റോഡിൽ 4 അപകടങ്ങളാണ് ഉണ്ടായത്.
എരുമേലി – ശബരിമല റോഡിൽ കണമല വരെ 4 അപകടങ്ങൾ ഉണ്ടായി. പ്രപ്പോസ്, മുക്കൂട്ടുതറ, എരുത്വാപ്പുഴ എന്നിവിടങ്ങളിലും കണമലയിലുമാണ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്.
പാലാ– പൊൻകുന്നം റോഡ്, കെവിഎംഎസ് – എരുമേലി റോഡ് എന്നിവിടങ്ങളിലും അപകടങ്ങളുണ്ടായി. ഹൈറേഞ്ച് പാതയിലും കണമല– മുണ്ടക്കയം റോഡിലും അപകടങ്ങൾ ഉണ്ടായി.
പൊലീസും മോട്ടർവാഹന വകുപ്പും അപകടങ്ങൾ കുറയ്ക്കുന്നതിനു രംഗത്തുണ്ട്.
എരുത്വാപ്പുഴ ഇറക്കത്തിൽ വാഹനങ്ങൾ നിയന്ത്രിച്ചും രാത്രി കാലങ്ങളിൽ തീർഥാടക വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ചുക്ക് കാപ്പി നൽകിയും അപകടങ്ങൾ കുറയ്ക്കുന്നതിനു പൊലീസ് ശ്രമിക്കുന്നുണ്ട്. മോട്ടർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതി നടപ്പാക്കി 3 റോഡുകളിലും എരുമേലിയിലും 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

