ഡൽഹി: തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് പുറപ്പെട്ട് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിന് അപകടസമയത്ത് നിരവധി സാങ്കേതിക തകരാറുകൾ നേരിട്ടിരുന്നതായി മെയിന്റനൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും കുറഞ്ഞ മർദത്തിനുള്ള മുന്നറിയിപ്പ് രേഖപ്പെടുത്തിയിരുന്നതായും, രണ്ട് റിസർവോയറുകളിലെ ദ്രാവക നില കുറഞ്ഞിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
യാത്രയ്ക്കിടെ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടുകയും, എലിവേറ്റർ നിയന്ത്രണങ്ങളിലും എമർജൻസി വാതിലുകളിലും വിവിധ മുന്നറിയിപ്പുകൾ ഉണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ ക്യാപ്റ്റൻ നൽകിയ മൊഴിയും നിർണായകമായിരിക്കുകയാണ്.
തനിക്ക് ഉറക്കമില്ലായ്മ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും, ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിച്ചിരുന്നതായും പൈലറ്റ് എഎഐബിക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കി. ഫുക്കറ്റിലെ വിശ്രമ സമയത്തും തനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് പൈലറ്റ് വിശദീകരണം നൽകിയിട്ടുണ്ട്.
തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ച സംഭവം അതീവ ഗൗരവമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഓഗസ്റ്റ് നാലിന് നടന്ന സംഭവത്തിൽ 20 യാത്രക്കാർക്കും 4 ക്യാബിൻ ക്രൂ അംഗങ്ങൾക്കുമാണ് പരിക്കേറ്റത്.
പറക്കലിനിടയിൽ വിമാനം 300 അടി താഴ്ചയിലേക്കാണ് പെട്ടെന്ന് താഴ്ന്നത്. പൈലറ്റുമാരിൽ ഒരാളുടെ ലഹരി പരിശോധനാ ഫലം പോസിറ്റീവ് ആയത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.
വൈദ്യ പരിശോധനയിൽ പൈലറ്റിന്റെ സാമ്പിളിൽ കണ്ടെത്തിയ കഞ്ചാവിന്റെ അംശം എങ്ങനെ വന്നു എന്നതിൽ കൂടുതൽ പരിശോധനകൾ നടത്തും. ചട്ടപ്രകാരം വിഷയം മെഡിക്കൽ റിവ്യൂ ഓഫിസർക്ക് കൈമാറുമെന്ന് എയർ ഇന്ത്യ മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ, ആരോപണ വിധേയനായ പൈലറ്റിനെതിരെ സഹ പൈലറ്റും കാബിൻ ജീവനക്കാരും പരാതി നൽകിയിട്ടുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

