ഗുരുവായൂർ ∙ അഷ്ടമി വിളക്കിന് കണ്ണൻ സ്വർണക്കോലത്തിൽ എഴുന്നള്ളി. രാത്രി നെയ്വിളക്കിന്റെ ശോഭയിൽ നാലാമത്തെ പ്രദക്ഷിണത്തിൽ കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലം ശിരസ്സിൽ ഏറ്റുവാങ്ങി.
രവികൃഷ്ണനും ചെന്താമരാക്ഷനും പറ്റാനകളായി. പുളിക്കിഴെ വാരിയത്ത് കുടുംബം വക അഷ്ടമി വിളക്കിന്റെ കാഴ്ചശീവേലിക്ക് ഗുരുവായൂർ ശശി മാരാരുടെ മേളം അകമ്പടിയായി.
നാളെ ശ്രീഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ വകയായി തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരിയുടെ പേരിൽ ദശമി വിളക്ക് ആഘോഷിക്കും.
കാലത്ത് വേദജപം, നാമജപം, സമ്പൂർണ നാരായണീയ പാരായണം, അന്നദാനം എന്നിവയുണ്ടാകും. കാഴ്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണന്റെ മേളം അകമ്പടിയാകും.
ഉച്ച കഴിഞ്ഞ് കാഴ്ചശീവേലിക്ക് ചോറ്റാനിക്കര വിജയൻ മാരാരുടെ പഞ്ചവാദ്യം.
സന്ധ്യയ്ക്ക് കല്ലൂർ രാമൻകുട്ടി മാരാരുടെ തായമ്പക. രാത്രി നെയ് വിളക്കുകളുടെ പ്രഭയിൽ ഇടയ്ക്ക നാഗസ്വര മേളത്തോടെ വിളക്കെഴുന്നള്ളിപ്പ്.ഇന്ന് കൊളാടി ഡോ.കെ.ജയകൃഷ്ണന്റെ പേരിലുള്ള നവമി നെയ്വിളക്കിന് ഇടയ്ക്ക പ്രദക്ഷിണം, മേളം എന്നിവയുണ്ടാകും. നമസ്കാര സദ്യയ്ക്ക് പ്രാധാന്യമുള്ള വിളക്കാണ് നവമി വിളക്ക്.
ഏകാദശി ഡിസംബർ ഒന്നിന്
ഗുരുവായൂർ ∙ ഗുരുവായൂർ ഏകാദശി ഡിസംബർ ഒന്നിന് സുപ്രീംകോടതിയുടെ നിർദേശ പ്രകാരം ഉദയാസ്തമയ പൂജയോടെ ആഘോഷിക്കും.
ഉദയാസ്തമയ പൂജയുടെ 15 പൂജകളിൽ ഓരോ 5 പൂജകൾ വീതം കഴിഞ്ഞാൽ തുടർച്ചയായി ഒരു മണിക്കൂർ ദർശനം അനുവദിക്കും. ദശമി ദിവസമായ ഞായറാഴ്ച പുലർച്ചെ 3ന് ക്ഷേത്രനട തുറന്നാൽ ദശമി, ഏകാദശി ദിവസങ്ങൾ കഴിഞ്ഞ് ദ്വാദശി ദിവസം രാവിലെ 8ന് മാത്രമേ നട
അടയ്ക്കുകയുള്ളൂ. തുടർച്ചയായി 53 മണിക്കൂർ പൂജകൾക്കല്ലാതെ നടയടയ്ക്കില്ല.
ഭക്തർക്ക് ദർശന സൗകര്യം ലഭിക്കും.
ദ്വാദശി ദിവസമായ ഡിസംബർ 2ന് രാവിലെ 8ന് നടയടച്ചാൽ വൈകിട്ട് നാലിന് മാത്രമേ തുറക്കൂ. നടയടച്ച സമയത്ത് ദർശനം, വിവാഹം, ചോറൂൺ, വാഹനപൂജ എന്നിവ ഉണ്ടാകില്ല.
ഏകാദശി ദിവസം പുലർച്ചെ 5 മുതൽ വൈകിട്ട് 5 വരെ സ്പെഷൽ ദർശനമില്ല. ക്യൂ നിൽക്കുന്നവർക്ക് മാത്രമാണ് ദർശനം.
മുൻകൂട്ടി ഓൺലൈനിൽ ബുക്ക് ചെയ്തത് ഒഴികെ നെയ്വിളക്ക് ദർശനവും ഈ സമയത്ത് ഉണ്ടാകില്ല.
മുതിർന്ന പൗരന്മാർക്കും നാട്ടുകാർക്കും ദർശനം പുലർച്ചെ 3.30 മുതൽ 4.30 വരെയാണ്.ദശമി, ഏകാദശി, ദ്വാദശി ദിവസങ്ങളിൽ ക്ഷേത്രങ്ങളിലെ ചടങ്ങുകൾക്ക് 17.05 ലക്ഷം രൂപയും ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടിന് 59.10 ലക്ഷവും അടക്കം 79.45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചതായി ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ അറിയിച്ചു.
ഗുരുവായൂർ കേശവൻ അനുസ്മരണം
ഗജരാജൻ ഗുരുവായൂർ കേശവന്റെ അനുസ്മരണം നാളെ. രാവിലെ 7ന് തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്ന് 3 ആനകളോടെ ഗജഘോഷയാത്ര ആരംഭിക്കും.
പിന്നീട് 7 ആനകൾ കൂടി പങ്കു ചേരും. പാർഥസാരഥി ക്ഷേത്രം വഴി കിഴക്കേ നടയിലെത്തി ഘോഷയാത്ര ഗജരാജന്റെ പ്രതിമയ്ക്കു മുന്നിലെത്തി അഭിവാദ്യം അർപ്പിക്കും.
പഞ്ചരത്ന കീർത്തനാലാപനം
ചെമ്പൈ സംഗീതോത്സവത്തിൽ പഞ്ചരത്ന കീർത്തനാലാപനം നാളെ രാവിലെ 9ന് ആരംഭിക്കും.
ത്യാഗരാജ സ്വാമിയുടെ പ്രശസ്തമായ 5 കീർത്തനങ്ങൾ നൂറോളം കലാകാരന്മാർ ഒരുമിച്ച് ഒരു മണിക്കൂർ ആലപിക്കുന്ന ചടങ്ങാണിത്.
ഏകാദശിക്ക് ഉദയാസ്തമയ പൂജ: പ്രായശ്ചിത്തം നടത്തുമെന്ന് ദേവസ്വം ചെയർമാൻ
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടത്തുന്നത് ദേവഹിതം അനുസരിച്ചല്ലെന്നും കോടതിയുടെ ഹിതം അനുസരിച്ചാണെന്നും ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ.
തെറ്റിനുള്ള പ്രായശ്ചിത്തം ഏകാദശി കഴിഞ്ഞാൽ ഉടൻ ദേവനു മുന്നിൽ ചെയ്യുമെന്നും തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 30ന് ഉണ്ടായ സുപ്രീംകോടതി വിധി അനുസരിച്ചാണ് ഡിസംബർ 1ന് ഏകാദശിക്ക് ഉദയാസ്തമയ പൂജ നടത്തുന്നത്. വിധി വന്ന ശേഷം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദേവഹിതം നോക്കി. ഏകാദശിക്ക് ഉദയാസ്തമയ പൂജ നടത്തുന്നത് ദേവന് അഹിതമാണെന്ന് കണ്ടെത്തി.
ഇക്കാര്യം ഭരണസമിതിക്ക് എഴുതിക്കൊടുത്തു.
കഴിഞ്ഞ വർഷം ദേവഹിതം നോക്കി ഏകാദശി ദിവസം ഉദയാസ്തമയ പൂജ വേണ്ടെന്ന് വച്ചിരുന്നു. ഇതിനെതിരെ തന്ത്രി കുടുംബത്തിലെ അംഗങ്ങൾ സുപ്രീംകോടതിയെ സമീപിച്ചു.
കോടതി ഉദയാസ്തമയ പൂജ നടത്തണമെന്ന് ഉത്തരവിട്ടു. കോടതി വിധി മാനിക്കാൻ വേണ്ടി ഇക്കുറി ഉദയാസ്തമയ പൂജ നടത്തുമെങ്കിലും ദേവഹിതത്തിന് എതിരായി പ്രവർത്തിച്ചതിനാൽ പിന്നാലെ പ്രായശ്ചിത്ത ചടങ്ങുകളും നടത്താനാണ് ദേവസ്വം തീരുമാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

