ഓച്ചിറ ∙മണ്ണിലും വിണ്ണിലും നിറ ദീപങ്ങളിൽ നിറഞ്ഞാടി പരബ്രഹ്മ ഭൂമി. നാമജപങ്ങളാലും ശരണ മന്ത്രങ്ങളാലും മുഖരിതമായ പടനിലത്തെ ആൽത്തറകളിലെ കൽവിളക്കിൽ തെളിച്ച് പന്ത്രണ്ട് വിളക്ക് ദർശിച്ച് പരബ്രഹ്മ അനുഗ്രഹം നേടി ഭക്തജനങ്ങൾ പടനിലത്തുനിന്നു മടങ്ങി.
വൃശ്ചികോത്സവം സമാപിച്ചു. ഇനി ഓണാട്ടുകരയിൽ ഉത്സവ രാവുകൾക്ക് തുടക്കമായി.
പന്ത്രണ്ട് ദിനരാത്രങ്ങൾ പടനിലത്ത് ഭജനം പാർത്ത ഭക്തർ ഇന്നലെ ദീപാരാധനയോടെ ആൽത്തറകളിലെ കൽവിളക്കിൽ തെളിച്ച പന്ത്രണ്ട് വിളക്ക് ദർശിച്ചതോടെ വൃശ്ചികോത്സവത്തിന് സമാപ്തിയായി. വൃശ്ചികോത്സവത്തിന് സമാപനം കുറിച്ച് ഇന്ന് പുലർച്ചെ എതിരേൽപ് ഘോഷയാത്ര നടത്തി.
വൃശ്ചികോത്സവ സമാപന സമ്മേളനം ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഇന്നലെ രാവിലെ മുതൽ പരബ്രഹ്മ ഭൂമിയിൽ പന്ത്രണ്ട് വിളക്ക് ദർശിക്കാനുള്ള ഭക്തരുടെ തിരക്കായിരുന്നു. പടനിലത്ത് ഭജനം കുടിലിൽ ഇന്നലെ അന്നദാനവും പായസ വിതരണവും നടത്തി.
3ന് ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ചുറ്റുനാമ ജപം ആരംഭിച്ചു. 6ന് ക്ഷേത്രത്തിൽ ദീപാരാധന ആരംഭിച്ചതോടെ പരബ്രഹ്മ ഭൂമിയിൽ ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞു.
തുടർന്ന് ആൽത്തറകളിലെ കൽവിളക്കിൽ ദീപം തെളിച്ച് ദീപാരാധന നടത്തിയതോടെ ഭക്തർ നാമജപങ്ങളും ശരണം വിളികളോടെ പന്ത്രണ്ട് വിളക്ക് ദർശിച്ചു.
തുടർന്ന് കൽവിളക്കിൽ നിന്നു ദീപം ഭജനം കുടിലുകളിലേക്കും ഓംകാര സത്രത്തിലേക്കും പടനിലത്തെ വിവിധ പവലിയനുകളിലും വ്യാപാര സ്ഥാപനങ്ങളിലെയും വിളക്കുകളിലേക്ക് പകർന്നു. ഇതോടെ പരബ്രഹ്മ ഭൂമി ദീപ പ്രഭയിൽ ആറാടി.
രാത്രിയോടെ ഭക്തർ വീടുകളിലേക്ക് മടങ്ങി. ചിലർ ഇന്ന് പുലർച്ചെ വിടുകളിലേക്കു മടങ്ങും.ക്ഷേത്ര ഭാരവാഹികളും പൊലീസും വൻസുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്.
ഓച്ചിറ ∙പരബ്രഹ്മ ക്ഷേത്രം ലോകത്തിന് മാതൃകയാണെന്നും ഇവിടത്തെ സംസ്കാരം കാത്ത് സൂക്ഷിക്കേണ്ടത് ഓരോ ഭക്തന്റെയും കടമയാണെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.രാമകൃഷ്ണൻ.
വൃശ്്ചികോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പരബ്രഹ്മ മൂർത്തിയുടെ ശക്തി തിരിച്ചറിയാൻ ഓരോ ഭക്തനും പരബ്രഹ്മത്തിൽ സമർപ്പിക്കുമ്പോൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ ജില്ലാ ജഡ്ജി എം.എസ്.മോഹനചന്ദ്രൻ ഉത്സവ സന്ദേശം നൽകി. എ.എസ്.പി.കുറുപ്പ് പ്രഭാഷണം നടത്തി.
ക്ഷേത്ര അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ അഡ്വ.രമണൻ പിള്ള അധ്യക്ഷത വഹിച്ചു. എസ്.എസ്.അഭിലാഷ് കുമാർ, വി.വിഷ്ണു, ഹർഷാഞ്ജലി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

