ചവറ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ മരിച്ച ചവറ പന്മന പൂജ ഭവനിൽ വേണുവിന്റെ മരണത്തെക്കുറിച്ചു അന്വേഷിക്കുന്ന സംഘം വേണുവിന്റെ ഭാര്യയുടെ മൊഴിയെടുത്തു. ഇന്നലെ രാവിലെ ചവറ കെഎംഎംഎൽ ഗെസ്റ്റ് ഹൗസിൽ ഭാര്യ സിന്ധു, മക്കളായ വിദ്യ എസ്.വേണു, വർഷ എസ്.വേണു എന്നിവരെ വിളിച്ചു വരുത്തിയാണു മൊഴി രേഖപ്പെടുത്തിയത്.
തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയം ജോയിന്റ് ഡയറക്ടർ ഡോ.പ്രേമലതയുടെ നേതൃത്വത്തിൽ എത്തിയ നാലംഗ സംഘം 11ന് തുടങ്ങിയ മൊഴിയെടുക്കൽ ഉച്ചയ്ക്ക് 1.45 വരെ നീണ്ടു. ഇതിനിടെ പുറത്ത് എത്തിയ സിന്ധുവിനു നേരിയ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു .
വിശ്രമിച്ച ശേഷം പിന്നീട് രേഖകൾ ഉൾപ്പെടെ നൽകാനായി ഉദ്യോഗസ്ഥ സംഘത്തെ വീണ്ടും കണ്ട
ശേഷമാണ് മടങ്ങിയത്. വേണുവിന്റെ സഹോദരങ്ങളായ വസന്ത, ബേബി, ബാബു, ഓമനക്കുട്ടൻ എന്നിവർക്കൊപ്പമാണ് ഗെസ്റ്റ് ഹൗസിൽ എത്തിയത്.
18ന് വീട്ടിലെത്തി മൊഴിയെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ എത്താതിരിക്കുകയും 20ന് മൊഴിയെടുക്കാൻ എത്തുമെന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തു.
എന്നാൽ വേണുവിന്റെ മരണാനന്തര കർമങ്ങൾ കഴിയാതെ പുറത്തു പോകാൻ കഴിയില്ലെന്നു സിന്ധു അസൗകര്യം പറഞ്ഞതിനെത്തുടർന്നു ഇന്നലെ മൊഴിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
വേണുവിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താതെ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കാനുള്ള ശ്രമം വേണുവിന്റെ ഭാര്യ സിന്ധു മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നൽകിയ പരാതിയെത്തുടർന്ന് മാറ്റുകയായിരുന്നു. ചവറ പൊലീസ് ഇൻസ്പെക്ടർ എ.നാസറിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്ത് ഉണ്ടായിരുന്നു.
അതേസമയം ഗെസ്റ്റ് ഹൗസിലേക്ക് കടക്കുന്നതിനു മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

