മൂവാറ്റുപുഴ ∙ ചെമ്പുകമ്പി മോഷ്ടിക്കാൻ സ്ക്രാപ് കടയിൽ കടന്നു കയറിയ 3 മോഷ്ടാക്കളെ കടയുടമയും നാട്ടുകാരും ചേർന്നു പിടികൂടി. ബംഗാൾ സ്വദേശികളായ അർജൻ ഷേക് (23), അഷ്റഫുൾ അലാം (28), രജിബ് ഷേക്ക് (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പേഴയ്ക്കാപ്പിള്ളി സ്വദേശി അബ്ദുൽ സലാമിന്റെ നിർമല കോളജിനു സമീപമുള്ള സ്ക്രാപ് കടയിലാണ് ഇന്നലെ പുലർച്ചെ മോഷണ ശ്രമം ഉണ്ടായത്. ഇവരെ പിടികൂടാൻ ശ്രമിച്ച അബ്ദുൽ സലാമിനെ മോഷ്ടാക്കൾ കമ്പിവടി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതോടെ നാട്ടുകാരുടെയും വഴിയാത്രക്കാരുടെയും സഹായത്തോടെയാണു പിടികൂടി പൊലീസിനു കൈമാറിയത്.
കടയിൽ നിന്നു ചെമ്പു കമ്പിയും മറ്റും മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
പലവട്ടം മോഷണം നടന്നിട്ടുള്ളതിനാൽ കടയുടമ ഇവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. വീട്ടിൽ പ്രത്യേകം സ്ക്രീൻ സ്ഥാപിച്ചായിരുന്നു നിരീക്ഷണം.
ഇന്നലെ പുലർച്ചെ 2 മണിയോടെയാണു മോഷ്ടാക്കൾ കടയിലെത്തിയ വിവരം അബ്ദുൽ സലാം സ്ക്രീനിൽ കാണുന്നത്. ഒരാളെ മാത്രമാണ് കണ്ടത്.
ഇതോടെ വാഹനവുമായി അബ്ദുൽ സലാം കടയിലെത്തി. എന്നാൽ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടതോടെ മോഷ്ടാക്കൾ കടയ്ക്കുള്ളിൽ തന്നെ വിവിധ സ്ഥലങ്ങളിൽ ഒളിച്ചെങ്കിലും ഒന്നിലധികം പേർ കടയ്ക്കുള്ളിലുണ്ടെന്നു സലാമിനു മനസ്സിലായി.
മോഷ്ടാക്കളിൽ നിന്ന് ആക്രമണം ഉണ്ടായതോടെ നാട്ടുകാരും വഴിയാത്രക്കാരും സലാമിന്റെ ഒപ്പം ചേർന്നു ബലപ്രയോഗത്തിലൂടെയാണു മോഷ്ടാക്കളെ 3 പേരെയും പിടികൂടിയത്.
തുടർന്നു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കിഴക്കൻ മേഖലയിൽ ചെമ്പുകമ്പി മോഷണം പതിവ്
മൂവാറ്റുപുഴ ∙ കിഴക്കൻ മേഖലയിൽ ചെമ്പുകമ്പി മോഷ്ടിക്കുന്ന സംഭവങ്ങൾ പതിവായിരിക്കുകയാണ്. കെഎസ്ഇബി കോടികൾ ചെലവഴിച്ചു നിർമിച്ച സോളർ പ്ലാന്റിലെ ചെമ്പുകമ്പികൾ അടങ്ങിയ മുഴുവൻ കേബിളുകളും പലവട്ടമായി മോഷ്ടിച്ച സംഭവത്തോടെയാണു മോഷണ വിവരങ്ങൾ പുറത്തു വന്നു തുടങ്ങിയത്.
സ്ക്രാപ് കടകളിൽ നിന്നും വർക് ഷോപ്പുകളിൽ നിന്നുമെല്ലാം മോഷണം പതിവാണ്.
മൂവാറ്റുപുഴക്കാവിൽ നിന്നും ചെമ്പുകമ്പി മോഷണം പോയി. ക്ഷേത്രത്തിൽ കൊണ്ടുവന്ന ജനറേറ്ററിലേക്കു കണക്ഷൻ നൽകാൻ ഉപയോഗിച്ചിരുന്ന കേബിളാണ് മോഷ്ടിക്കപ്പെട്ടത്.
പൊലീസ് നടത്തിയ അന്വേഷണത്തിലൂടെ പിടിയിലായവരെല്ലാം അതിഥിത്തൊഴിലാളികളുടെ കൂട്ടത്തിൽ എത്തിയവരായിരുന്നു. വാഴക്കുളത്തു നിന്നു സമീപ കാലത്ത് ചെമ്പുകമ്പി മോഷ്ടിച്ച 2 പേരെ പൊലീസ് പിടികൂടി.
ഇവരെ കോടതിയിലെത്തിച്ചപ്പോൾ പൊലീസിനെ വെട്ടിച്ച് 2 പേരും കടന്നുകളഞ്ഞു. ഇവരിൽ ഒരാളെ അസമിൽ നിന്ന് പിന്നീടു പിടികൂടി.
മോഷ്ടിക്കുന്ന ചെമ്പുകമ്പികൾ വാങ്ങുന്നതും ചില സ്ക്രാപ് കടക്കാർ തന്നെയാണ്.
കെഎസ്ഇബി സോളർ പ്ലാന്റിലെ കേബിൾ മോഷണ കേസിൽ അറസ്റ്റിലായവരിൽ ഇത്തരത്തിൽ സ്ക്രാപ് കട നടത്തുന്നയാൾ ഉണ്ടായിരുന്നെങ്കിലും ഇയാളെ പിന്നീട് പൊലീസ് കേസിൽ നിന്ന് ഒഴിവാക്കി.
മോഷണം തടയാൻ മോഷണ മുതൽ വാങ്ങുന്നവരെ കൂടി കേസിൽ ഉൾപ്പെടുത്തണമെന്നാണ ് മറ്റു വ്യാപാരികൾ ആവശ്യപ്പെടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

