കൊല്ലം∙ നാമനിർദേശ പത്രിക സമർപ്പിക്കാൻ ബാക്കി നിൽക്കെ ഗ്രാമപ്പഞ്ചായത്തുകളിൽ ഉൾപ്പെടെ സ്ഥാനാർഥി നിർണയത്തിൽ ബുദ്ധിമുട്ട് നേരിട്ട് മുന്നണികൾ. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രഖ്യാപനം ഇന്നലെ നടത്തുമെന്ന് അറിയിച്ചെങ്കിലും ഉണ്ടായില്ല.
കോർപറേഷൻ ചില ഡിവിഷനുകളിലെ ബിജെപി സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കിയിട്ടില്ല. എന്നാൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളുടെ പട്ടിക ബിജെപി നേരത്തെ പുറത്തിറക്കിയിരുന്നു.
പരവൂർ
പരവൂർ നഗരസഭയിൽ എൽഡിഎഫിന് രണ്ട് വാർഡുകളിലെ സ്ഥാനാർഥി പ്രഖ്യാപനം നടന്നിട്ടില്ല.
സിപിഐയുടെ പുഞ്ചിറക്കുളം വാർഡും സിപിഎമ്മിന്റെ വടക്കുംഭാഗം വാർഡിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് നടക്കും.
പുഞ്ചിറക്കുളം വാർഡിൽ മുൻ നഗരസഭ ചെയർമാൻ സുധീർ ചെല്ലപ്പൻ സ്വതന്ത്രനായി മത്സരിക്കുന്നു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും വാർഡിൽ സ്വതന്ത്രനായോ സിപിഐ സ്ഥാനാർഥിയായോ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
നഗരസഭയിൽ യുഡിഎഫിന്റെ ഒരു വാർഡിലെയും എൻഡിഎയുടെ 3 വാർഡുകളിലെയും സ്ഥാനാർഥി പ്രഖ്യാപനം നടന്നിട്ടില്ല.
നഗരസഭയിൽ മുസ്ലിം ലീഗ് യുഡിഎഫ് സഖ്യത്തിലല്ലാതെ നേരുക്കടവ്, തെക്കുംഭാഗം വാർഡുകളിൽ ലീഗ് സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച തെക്കുംഭാഗം, അഞ്ചലാഫീസ് വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ് സഖ്യം ഉപേക്ഷിക്കാൻ കാരണമെന്നും യുഡിഎഫ് ചെയർമാൻ ലീഗുമായി ചർച്ചയ്ക്ക് തയാറായില്ലെന്നും ലീഗ് നേതൃത്വം പരാതിപ്പെടുന്നു.
തീരദേശത്തെ മറ്റ് വാർഡുകളിലും വരും ദിവസങ്ങളിൽ ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.പൂതക്കുളം ഗ്രാമപ്പഞ്ചായത്തിൽ 19 വാർഡുകളിലും എൻഡിഎ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
യുഡിഎഫ് ഉൗന്നിൻമൂട് വാർഡിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. പഞ്ചായത്തിൽ എല്ലാ വാർഡുകളിലും എൽഡിഎഫ് സ്ഥാനാർഥികളായെങ്കിലും ഒൗദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
അലയമൺ
അലയമൺ പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ സ്ഥാനാർഥി നിർണയം പൂർത്തിയായില്ല.
ഏതാനും വാർഡുകളിൽ ഒന്നിലധികം ആളുകളുടെ പേരുകൾ പരിഗണനയിൽ ഉള്ളതിനാൽ അവസാന ഘട്ട പരിശോധനകൾ നടത്തിയ ശേഷം ഇന്നു പ്രഖ്യാപനം നടത്തുമെന്നു യുഡിഎഫ് നേതാക്കൾ പറഞ്ഞു.
ഇടതു മുന്നണിയിൽ സിപിഎം സ്ഥാനാർഥി പട്ടിക പൂർത്തിയായി. സിപിഐക്കു ലഭിച്ച വാർഡുകളിൽ സ്ഥാനാർഥികളെ നിർണയിച്ച് ഇന്ന് ഉച്ചയോടെ പൂർണ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
എൻഡിഎ സ്ഥാനാർഥികളുടെ തീരുമാനവും ഇന്ന് ഉണ്ടാകും.
ആര്യങ്കാവ്
ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ കഴുതുരുട്ടി വാർഡിലെ സ്ഥാനാർഥി നിർണയം നടന്നില്ല. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസ് തീരുമാനിച്ച ദേവിക്കു വോട്ടർപ്പട്ടികയിൽ പേരില്ലാത്തതാണു കാരണം.
പകരം ഒരു വനിതയെ സ്ഥാനാർഥിയായി കണ്ടെത്തിയെങ്കിലും ഇവരുടെ അടുത്ത ബന്ധു ഇടതുപക്ഷ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ അവരും പിന്മാറി. സ്ഥാനാർഥിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണു കോൺഗ്രസ്.
കുണ്ടറ
പേരയം, ഇളമ്പള്ളൂർ, പെരിനാട്, കൊറ്റങ്കര, കിഴക്കേ കല്ലട, മൺറോത്തുരുത്ത്, തൃക്കരുവ പഞ്ചായത്തുകളിൽ യുഡിഎഫിന് സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടുണ്ട്.
മിക്കയിടത്തും പ്രചാരണവും ആരംഭിച്ചു. ബിജെപിക്ക് ചുരുക്കം ചില വാർഡുകളിൽ ഇനിയും പ്രഖ്യാപനം ആയിട്ടില്ല.
എൽഡിഎഫ് ഇതുവരെയും സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയിട്ടില്ല. സിപിഎം – സിപിഐ തർക്കമാണ് പ്രധാന കാരണം.
വാർഡ് വിഭജനം വന്നതോടെ അധികമായി ലഭിച്ച വാർഡുകൾ ഉൾപ്പെടെ സിപിഐ കൂടുതൽ സീറ്റ് ചോദിച്ചിട്ടുണ്ട്.എന്നാൽ വിജയ സാധ്യത കണക്കിലെടുത്ത് ചോദിക്കുന്ന സീറ്റുകൾ നൽകാൻ സിപിഎം തയാറാവാത്തത് മുന്നണി ബന്ധത്തെ ബാധിച്ചിട്ടുണ്ട്. ചില പഞ്ചായത്തുകളിലും ചോദിച്ചു വാങ്ങിയ സീറ്റുകളിൽ സ്ഥാനാർഥിയെ കണ്ടെത്തുന്നതിനും സിപിഐക്ക് കഴിയാത്തതും ചർച്ചയായിട്ടുണ്ട്.
പേരയം
പേരയം പഞ്ചായത്തിലെ ഏക പട്ടികജാതി സംവരണ വാർഡായ കോട്ടപ്പുറം 7-ാം വാർഡിൽ സിപിഎമ്മിന് എതിരായി സിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് മുന്നണി ബന്ധത്തെ ബാധിച്ചിട്ടുണ്ട്.
പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി സംവരണമായതിനാൽ ഇവിടെ ജയിക്കുന്നയാൾ പഞ്ചായത്ത് പ്രസിഡന്റാകും. തുടർച്ചയായി ചർച്ച നടത്തിയിട്ടും സിപിഐ പിൻമാറിയിട്ടില്ല. കഴിഞ്ഞ 2 തവണ മത്സരിച്ചിട്ടും സിപിഐക്ക് ജയിക്കാൻ കഴിയാത്തതിനാലാണ് സിപിഎം സീറ്റ് തിരിച്ചടുത്തത്.
കരീപ്ര
ജില്ലാ പഞ്ചായത്തിൽ പുതുതായി രൂപീകരിച്ച കരീപ്ര ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടില്ല.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിൽ പുതുതായി ഉൾപ്പെട്ട മടന്തകോട് ഡിവിഷനും കരീപ്ര പഞ്ചായത്തിലാണ്.
ഭരണിക്കാവ് എന്നൊരു പുതിയ വാർഡും ഇത്തവണ പഞ്ചായത്തിൽ രൂപപ്പെട്ടു. ഇതു മൂന്നും സിപിഐക്കു വേണമെന്നാണ് ആവശ്യം.
വാർഡ് വിട്ടുനൽകിയെങ്കിലും ബ്ലോക്ക്, ജില്ലാ ഡിവിഷനുകൾ വിട്ടു കൊടുക്കുന്നതിൽ സിപിഎമ്മിൽ എതിർപ്പു തുടരുന്നു. സമവായത്തിലൂടെ കാര്യങ്ങൾ തീർപ്പാക്കണമെന്നു മുകൾത്തട്ടിൽ നിന്നു നിർദേശമുള്ളതിനാൽ സീറ്റ് ധാരണയും സ്ഥാനാർഥി നിർണയവും നീളുകയാണ്.
കുളക്കട
കുളക്കട പഞ്ചായത്തിലെ മലപ്പാറ വാർഡിൽ സിപിഎം സിപിഐ തർക്കത്തെത്തുടർന്ന് സ്ഥാനാർഥി നിർണയം അന്തിമമായിട്ടില്ല.
ഇവിടെ കഴിഞ്ഞ തവണ വിജയിച്ച സാലി റെജിയെ സ്ഥാനാർഥിയാക്കണം എന്നായിരുന്നു സിപിഎം നിർദേശം. പക്ഷേ സ്വതന്ത്രയായി മത്സരിക്കുകയും പിന്നീട് സിപിഎമ്മിന്റെ ഭാഗമാകുകയും ചെയ്ത സാലി റെജിയെ അംഗീകരിക്കില്ലെന്നും പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നുമാണ് സിപിഐ വാദം.
ചടയമംഗലം
കോൺഗ്രസിലെ ചേരിതിരിവ് ചടയമംഗലം പഞ്ചായത്തിൽ സ്ഥാനാർഥി നിർണയം അട്ടിമറിച്ചു.
സ്ഥാനാർഥിയാകാൻ ആഗ്രഹമുള്ളവർ സോഷ്യൽ മീഡിയ വഴി ആദ്യം തന്നെ സ്വയം പ്രഖ്യാപനം നടത്തിയതും ചേരിതിരിവ് കൂടുതൽ രൂക്ഷമാക്കി. സ്ഥാനാർഥി നിർണയം സംബന്ധിച്ച തർക്കത്തെ തുടർന്നു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവയ്ക്കുന്നതിൽ വരെ കാര്യങ്ങൾ എത്തി.
നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ടു ദിവസം മാത്രം ഉള്ളപ്പോൾ സ്ഥാനാർഥി നിർണയം കോൺഗ്രസിൽ പൂർത്തിയായില്ല. പോരേടം വാർഡിൽ തർക്കം മൂലം മുൻ പഞ്ചായത്ത് അംഗം സ്വതന്ത്ര സ്ഥാനാർഥിയാകാൻ നാമനിർദേശ പത്രിക നൽകി.
കടയ്ക്കൽ
കടയ്ക്കൽ പഞ്ചായത്തിൽ സിപിഐ സിപിഎം തർക്കത്തെ തുടർന്ന് സീറ്റ് സംബന്ധിച്ച് എൽഡിഎഫിൽ ധാരണ വൈകിയെങ്കിലും ഒടുവിൽ ജില്ലാ നേതൃത്വം ഇടപ്പെട്ടപ്പോൾ സിപിഎമ്മിന്റെ പിടിവാശി തണുത്ത് സിപിഐയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന സീറ്റുകൾ നിലനിർത്താനായി.
സിപിഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റിയിൽ നിന്നു ഒട്ടേറെ പേർ സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു. തുടക്കത്തിൽ സീറ്റ് സംബന്ധിച്ച് സിപിഎം–സിപിഐ തർക്കം ഉടലെടുത്തു.
ധാരണ ആകാത്തതിനാൽ സ്ഥാനാർഥി നിർണയവും വൈകി. രണ്ടു ദിവസം മുൻപ് എൽഡിഎഫ് മുന്നണി ചർച്ചയിൽ സിപിഎം വഴങ്ങിയതോടെ സിപിഐക്ക് കഴിഞ്ഞ തവണത്തെ സീറ്റുകൾ നൽകി.
തുടർന്നു ഇരുപക്ഷവും കടയ്ക്കൽ, കുമ്മിൾ, ചിതറ, ഇട്ടിവ പഞ്ചായത്തുകളിൽ സ്ഥാനാർഥി നിർണം പൂർത്തിയാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

