കൽപാത്തി ∙ കൺനിറയെ കൽപാത്തി കണ്ടു, തൊഴുതു, കൈകൂപ്പി… രഥോത്സവത്തിലെ ദേവരഥസംഗമമെന്ന സുകൃത സംഗമം. ആ പുണ്യദർശനം തൊഴുതു നാട് ഇന്നു വൃശ്ചികപ്പുലരിയിലേക്ക്.
കണ്ണിമചിമ്മാതെ കാത്തിരുന്ന ജനസാഗരത്തിലേക്ക് ഇന്നലെ ത്രിസന്ധ്യയ്ക്കാണ് ദേവദേവകൾ തേരിലേറി മുഖാമുഖം എത്തിയത്. ഇതോടെ കൽപാത്തി കാത്തിരുന്ന ദേവരഥസംഗമമായി.
ആ ആനന്ദക്കാഴ്ച ഗ്രാമം മനംനിറഞ്ഞു തൊഴുതു. അടുത്ത ദേവരഥസംഗമം വരെയുള്ള അനുഗ്രഹ പ്രസാദം കൂടിയായിരുന്നു ആ ദർശനം.
ഇന്നലെ രാവിലെ പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും രഥാരോഹണം നടന്നു.
വൈകിട്ട് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവപാർവതിമാരുടെയും ഗണപതി, വള്ളി–ദൈവാനസമേത സുബ്രഹ്മണ്യസ്വാമിയുടെയും തേരുകൾ പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിനു സമീപത്തു നിന്നു പ്രദക്ഷിണം പുനരാരംഭിച്ചു തേരുമുട്ടിക്കു സമീപമെത്തി നിലയുറപ്പിച്ചു.
പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിലെ തേര് ക്ഷിപ്രപ്രസാദ ഗണപതി ക്ഷേത്രത്തിനു സമീപത്തു നിന്നു പ്രദക്ഷിണം പുനരാരംഭിച്ച് പുതിയ കൽപാത്തി ഗ്രാമത്തിലേക്കു തിരിച്ചെഴുന്നള്ളി.
പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിലെയും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെയും തേരുകൾ വൈകിട്ട് പ്രദക്ഷിണം ആരംഭിച്ചു പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിനു മുൻവശത്തെത്തി തിരിച്ചെഴുന്നള്ളി തേരുമുട്ടിക്കു സമീപത്തെത്തിയതോടെ ദേവരഥങ്ങൾ മുഖാമുഖം എത്തി. ഇതോടെ ദേവരഥസംഗമമായി.
നാടിനാകെ ദർശന പുണ്യമായി. ശേഷം പഴയ കൽപാത്തി ക്ഷേത്രത്തിലെയും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെയും തേരുകൾ അതതു ഗ്രാമത്തിലേക്കു തിരിച്ചെഴുന്നള്ളി. ഇന്നു കൊടിയിറക്കത്തോടെ രഥോത്സവത്തിനു സമാപനമാകും.
ഇന്നു കൊടിയിറക്കം
∙ കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ രാവിലെ പൂജകൾക്കു ശേഷം 7നും 7.30നും ഇടയ്ക്ക് കൊടിയിറക്കം.
∙ പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിൽ ഇന്നു രാവിലെ 5.30നു യാഗശാലപൂജ, 6നു രുദ്രാഭിഷേകം, 7.30ന് ആറാട്ട് ചടങ്ങുകൾക്കു ശേഷം 10.30ന് കൊടിയിറക്കം.
∙ പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിൽ ഇന്നു രാവിലെ 9നു തീർഥവാരി ഉത്സവത്തിനു ശേഷം 10ന് കൊടിയിറക്കം.
11.30ന് അഭിഷേകം.
∙ ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ 8.30നു തീർഥോത്സവത്തിനു ശേഷം 11.30ന് കൊടിയിറക്കം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

