കൊല്ലം ∙ ഒരു വർഷത്തോളം ചികിത്സ നടത്തിയ ശേഷം ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിക്കാൻ ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി. ഉപകരണങ്ങളും ഡോക്ടർമാരുമില്ലെന്നതാണ് കാരണമായി പറയുന്നത്.
‘പാപ്പിലോമ’ രോഗം ബാധിച്ച് ശബ്ദം നഷ്ടപ്പെട്ട കൊല്ലം മതിലിൽ നമ്പാരത്തൊടിയിൽ ജിജി മോളാണ് സർക്കാർ സിസ്റ്റത്തിന്റെ പിഴവിൽ ദുരിതം അനുഭവിക്കുന്നത്.
പതിനായിരക്കണക്കിന് രൂപ ചെലവഴിച്ച് ഒരു വർഷത്തോളം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പറഞ്ഞ സ്കാനിങ്ങുകളും പരിശോധനകളുമെല്ലാം നടത്തിയിരുന്നു. അടുത്ത മാസം ശസ്ത്രക്രിയ നടത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഇരുട്ടടി പോലെ സ്വകാര്യ ആശുപത്രിയെ സമീപിക്കാൻ പറയുന്നത്.
മത്സ്യത്തൊഴിലാളിയായിരുന്ന സെറു പീറ്ററിന്റെയും മാഗിയുടെയും മകളാണ് ജിജി മോൾ (34).
ഭർത്താവുമായി അകന്നു താമസിക്കുന്ന ജിജി മോൾക്ക് ഒരു വർഷം മുൻപാണ് ശബ്ദത്തിന് പ്രശ്നം സംഭവിക്കുന്നത്. സ്വനതന്തുക്കളെ (വോക്കൽ കോഡ്) ബാധിക്കുന്ന പാപ്പിലോമ എന്ന അസുഖം ബാധിച്ചതോടെ ഒരു വർഷത്തോളമായി ജിജി മോൾക്കു സംസാരിക്കാൻ സാധിക്കുന്നില്ല.
കഴുത്തിൽ ട്യൂബ് ഇട്ടിട്ടുണ്ട്. ഈ ട്യൂബ് മാറ്റുന്നതിനും ഒട്ടിപ്പിടിച്ചു കിടക്കുന്ന സ്വനപേടകം ശരിയാക്കുന്നതിനുമായാണ് ശസ്ത്രക്രിയ പറഞ്ഞിരുന്നത്.
മികച്ച സാങ്കേതികവിദ്യകൾ അനിവാര്യമായ ഈ ശസ്ത്രക്രിയ ചെയ്യാൻ ആവശ്യമായ ഉപകരണങ്ങളും മേൽനോട്ടം വഹിക്കാൻ പരിചയസമ്പത്തുള്ള ഡോക്ടറും ഇല്ലെന്ന് കാണിച്ചാണ് ഇപ്പോൾ ഇവരെ സ്വകാര്യ ആശുപത്രിയെ സമീപിക്കാൻ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇത് നേരത്തെ പറയാമായിരുന്നില്ലേ എന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല.
ഒൻപതിലും രണ്ടിലും പഠിക്കുന്ന 2 പെൺകുട്ടികളാണ് ജിജി മോൾക്ക്.
വീട്ടുജോലി ചെയ്തിരുന്ന അമ്മയുടെ തുച്ഛ വേതനത്തിലാണ് കുടുംബം മുന്നോട്ടു പോയിരുന്നത്. അവസാന ഘട്ടത്തിൽ മെഡിക്കൽ കോളജ് കയ്യൊഴിഞ്ഞതോടെ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ എങ്ങനെ നടത്തുമെന്നും ചികിത്സ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നും അറിയാതെ പകച്ചു നിൽക്കുകയാണ് ഈ കുടുംബം.
ഫോൺ: 73567 36200. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

