കൊച്ചി ∙ കോർപറേഷനിലെ ഗിരിനഗർ, കടവന്ത്ര എന്നീ ഡിവിഷനുകളിലെ വീടുകളെ എളംകുളത്തെ സുവിജ് മാലിന്യ സംസ്കരണ പ്ലാന്റുമായി (എസ്ടിപി) ബന്ധിപ്പിക്കാനായി ഭൂഗർഭ പൈപ്ലൈൻ ശൃംഖല നിർമിക്കും. അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 70.48 കോടി രൂപ ചെലവിൽ 27.74 കിലോമീറ്റർ നീളമുള്ള പൈപ്ലൈൻ ശൃംഖലയാണു സജ്ജമാക്കുക.
പദ്ധതിക്കുള്ള ടെൻഡർ നടപടികൾ ജല അതോറിറ്റി ആരംഭിച്ചു.എളംകുളത്തു പുതുതായി നിർമിക്കുന്ന എസ്ടിപിയുമായാണ് ഈ പൈപ്ലൈൻ ബന്ധിപ്പിക്കുക. റീബിൽഡ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് എളംകുളം ഡിവിഷനിൽ 17.23 കിമീ നീളമുള്ള ഭൂഗർഭ പൈപ്ലൈൻ ശൃംഖല നിർമിക്കുന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്.
ഈ പൈപ്പ്ലൈനും പുതിയ പ്ലാന്റുമായാണു ബന്ധിപ്പിക്കുന്നത്.
നിലവിൽ കോർപറേഷനിലെ മൊത്തം സുവിജ് മാലിന്യത്തിന്റെ 5% മാത്രമാണ് എളംകുളത്തെ പ്ലാന്റിൽ ശാസ്ത്രീയമായി സംസ്കരിക്കുന്നത്. 22 കിലോമീറ്റർ നീളമുള്ള ഭൂഗർഭ പൈപ്ലൈൻ ശൃംഖലയാണു നിലവിലുള്ളത്.
നിലവിൽ നഗരത്തിൽ പ്രതിദിനം 125.90 ദശലക്ഷം ലീറ്റർ സുവിജ് മാലിന്യമാണുണ്ടാകുന്നത്. 2053 ആകുമ്പോഴേക്കും അത് 146.50 ദശലക്ഷം ലീറ്ററായി ഉയരും.സുവിജ് മാലിന്യത്തിൽ വലിയൊരു ഭാഗം നഗരമേഖലകളിലെ കനാലുകളിലേക്കും മറ്റു ജലാശയങ്ങളിലേക്കുമാണ് ഒഴുക്കിവിടുന്നത്.
കൂടുതൽ മേഖലകളിലേക്കു സുവിജ് മാലിന്യ പൈപ്ലൈൻ ശൃംഖല വ്യാപിപ്പിക്കുന്നതോടെ പ്രദേശത്തെ കനാലുകളും മറ്റു ജലാശയങ്ങളും മലിനീകരിക്കപ്പെടുന്നത് ഒഴിവാകുമെന്നാണു പ്രതീക്ഷ.കോർപറേഷനിലെ സുവിജ് മാലിന്യ സംസ്കരണം മുൻനിർത്തി മാസ്റ്റർ പ്ലാനിനു ജല അതോറിറ്റി രൂപം നൽകിയിരുന്നു.
കോർപറേഷനെ 12 സോണുകളായി തിരിച്ചാണു മാസ്റ്റർപ്ലാൻ തയാറാക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കനാൽ നവീകരണ പദ്ധതിയുടെ ഭാഗമായി കെഎംആർഎലും പുതിയ എസ്ടിപി പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

